ഇന്ന് എല്ലാവരും YouTube ഉപയോഗിക്കാറുണ്ട്. സിനിമയും പാട്ടുകളും പഠനാവശ്യത്തിനുള്ള വീഡിയോകളും റീൽസുകളും ടിപ്സുകളുമെല്ലാം യൂട്യൂബിൽ കണ്ട് നമ്മൾ ആസ്വദിക്കുകയും മനസിലാക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ യൂസേഴ്സിന് അത്യധികം സന്തോഷം തരുന്ന വാർത്തയാണ് പുറത്തുവരുന്നത്. അതായത്, ഒരേസമയം ഒന്നിൽ കൂടുതൽ വീഡിയോകൾ ഒരേ സ്ക്രീനിൽ കാണാൻ യൂട്യൂബ് സംവിധാനം ഒരുക്കുകയാണ്.
ഉദാഹരണത്തിന്, നിങ്ങൾക്ക് ലൈവായി വാർത്ത കേക്കണം, കുക്കിങ് വീഡിയോ കാണണം എന്നിങ്ങനെ ആവശ്യങ്ങളുണ്ടെങ്കിൽ അതിനായാണ് ഈ പുതിയ 'മൾട്ടിവ്യൂ' ഫീച്ചർ അവതരിപ്പിക്കുന്നത്. ഈ രസകരമായ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ഒരേ സമയം നാല് വ്യത്യസ്ത പ്രോഗ്രാമുകൾ കാണാനുള്ള ഓപ്ഷൻ ലഭിക്കും. ഈ പുതിയ ഫീച്ചറായ മൾട്ടിവ്യൂവിലേക്കുള്ള ആദ്യകാല ആക്‌സസ് എല്ലാ YouTube ടിവി അംഗങ്ങൾക്കും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇതിലെ നിബന്ധന എന്തെന്നാൽ തുടക്കത്തിൽ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ മൾട്ടിവ്യൂ ഫീച്ചർ കാണാൻ കഴിയൂ.
യുഎസിലെ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ അവരുടെ ടിവി സെറ്റുകളിൽ മൾട്ടിവ്യൂ ഫീച്ചർ തുടക്കത്തിൽ കാണാൻ കഴിയൂ. ഈ സേവനം ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഒരു ഇമെയിൽ ലഭിക്കുന്നതാണ്. എങ്കിലും മൾട്ടി-വ്യൂവിംഗിന് ഉയർന്ന പവർ ഉള്ള ഉപകരണം ആവശ്യമാണ്. നിർദ്ദിഷ്ട ഉപകരണങ്ങളുള്ള ഉപയോക്താക്കൾക്ക് ഇത് ലഭിക്കുന്നതാണ്.