എസ് ബി ഐ ഉപഭോതാവാണോ ;എങ്കിൽ നിങ്ങൾക്കായി മികച്ച ഓപ്‌ഷനുകൾ

Updated on 28-Jul-2021
HIGHLIGHTS

ഇനി യോനോ ആപ്പില്‍ വീഡിയോ കെവൈസിയിലൂടെ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാം

ബാങ്കിൽ പോകാതെ തന്നെ ഇത്തരത്തിൽ ഉപഭോതാക്കൾക്ക് പുതിയ സൗകര്യങ്ങൾ ലഭിക്കുന്നതാണ്

കൊച്ചി: ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പുതിയ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ വീഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പില്‍ അവതരിപ്പിച്ചത്. സമ്പര്‍ക്കരഹിത, പേപ്പര്‍രഹിത അക്കൗണ്ട് തുറക്കാന്‍ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിജിറ്റല്‍ സംവിധാനം.എസ്ബിഐയില്‍ ഒരു പുതിയ സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ക്ക് വീഡിയോ കെവൈസി ഫീച്ചര്‍ ലഭ്യമാകും. ഈ സൗകര്യം ലഭിക്കാന്‍ ഉപഭോക്താക്കള്‍ ആദ്യം യോനോ ആപ്പ് ഡൗണ്‌ലോഡ് ചെയ്യണം. 

ന്യൂ ടു എസ്ബിഐ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം ഇന്‍സ്റ്റാ പ്ലസ് സേവിങ്‌സ് അക്കൗണ്ട് ക്ലിക്ക് ചെയ്യണം. ഉപഭോക്താവിന്റെ ആധാര്‍ വിശദാംശങ്ങളാണ് തുടര്‍ന്ന് നല്‍കേണ്ടത്. ആധാര്‍ നിര്‍ണയം പൂര്‍ത്തിയായാല്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുകയും കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഒരു വീഡിയോ കോള്‍ ഷെഡ്യൂള്‍ ചെയ്യുകയും വേണം. വീഡിയോ കെവൈസി വിജയകരമായി പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് സ്വമേധയാ തുറക്കും.ഓണ്‍ലൈനിലൂടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യങ്ങളില്‍ വളരെ ആവശ്യമാണിതെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. 

ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തിക സുരക്ഷ, എന്നിവ ഉറപ്പാക്കുന്നതിന്റെ തുടര്‍നടപടികളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2017 നവംബറിലാണ് എസ്ബിഐ യോനോ ആപ്പ് അവതരിപ്പിച്ചത്. 80 ദശലക്ഷം ഡൗണ്‌ലോഡുകളും 37 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുമായി വലിയ സ്വീകാര്യതയാണ് ഇതിനകം യോനോ നേടിയത്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :