ഷവോമി എം.ഐ മാക്സ് 2 വിപണിയിലെത്തി
എം.ഐ മാക്സിന്റെ പിൻഗാമിയായ മാക്സ് 2 വിനുള്ളത് 5300 എം.എ .എച്ച് ബാറ്ററി
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണായ എം.ഐ മാക്സ് 2 (Xiaomi Mi Max 2 ) മെയ് 25 നു ഷവോമി ചൈനയിൽ വിപണിയിലെത്തിച്ചു.മുൻ മോഡലായ എം.ഐ മാക്സിന് പിൻഗാമിയായെത്തിയ ഈ ഹാൻഡ് സെറ്റ് ആദ്യ ഫോണിനു സമാനമായ ഡിസൈൻ ഭാഷ നിലനിർത്തുമ്പോൾ ഹാർഡ്വെയറിൽ മെച്ചപ്പെടുത്തലുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. 6.44 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയോടെയാണ് ഫാബ്‌ലറ്റ് ശ്രേണിയിലുള്ള ഈ ഫോൺ വിപണിയിലെത്തിയത്.
4 ജി.ബി. റാം, 64 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയോടെയെത്തുന്ന ഈ ഗാഡ്ജറ്റിൽ സോണിയുടെ IMX386 Exmor RS സെൻസറുള്ള 12 എംപി f / 2.2 ക്യാമറയാണുള്ളത്. 30fps,4K വീഡിയോകൾ റെക്കോർഡ് കഴിയുന്ന ഈ ക്യാമറയ്ക്ക് 120fps സ്ലോ മോഷൻ 1080p വീഡിയോകളും ചിത്രീകരിക്കാൻ കഴിയും.ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് ഉപയോഗിക്കുന്ന ഈ പ്രധാന ക്യാമറയ്‌ക്കൊപ്പം മുന്നിലായി ഒരു 5 എംപി f / 2.0 ക്യാമറയും ഉണ്ട്. മുൻ മോഡലിലെ മോണോ സ്പീക്കർ ഒഴിവാക്കി സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഈ മോഡലിന്റെ വരവ്.
ക്വാൾകോം ഒക്ടാകോർ സ്നാപ്ഡ്രാഗൺ 625 ചിപ്സെറ്റ് കരുത്ത് പകരുന്ന ഷവോമിയുടെ ഈ പുതിയ മോഡലിനു അഡ്രിനോ 506 ജിപിയു ഗെയിമിങ് മികവ് വർധിപ്പിക്കുന്നു. 5300 എം.എ .എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയാണ് ഫോണിനു ഊർജ്ജം പകരുക. VoLTE പിന്തുണയോടെ 4G LTE നെറ്റ്വർക്ക് സേവനം നൽകുന്നതും ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുന്നതുമായ ഈ ഉപകരണം CNY 1,699 നാണ് ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയത്. ആഗോള വിപണിയിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ ഷവോമി എം.ഐ മാക്സ് 2 വിന് ഏകദേശം 16,000 രൂപയാണ് പ്രതീക്ഷിക്കുന്നത്.