2 വർഷം കൂടി വാറന്റി കൂട്ടി ഷവോമിയുടെ ഈ ഫോണുകൾ

2 വർഷം കൂടി വാറന്റി കൂട്ടി ഷവോമിയുടെ ഈ ഫോണുകൾ
HIGHLIGHTS

ഷവോമി ചില മോഡലുകളുടെ വാറന്റി രണ്ട് വർഷമായി നീട്ടി

ഡിസ്‌കോർഡ് ഹാൻഡിൽ വഴിയാണ് വാറന്റി നീട്ടിയകാര്യം അറിയിച്ചത്

2 വർഷത്തെ വാറന്റി അർഹതയുള്ള ഷവോമി ഫോണുകൾ താഴെ കൊടുക്കുന്നു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ബ്രാൻഡുകളിലൊന്നായ ഷവോമി ചില മോഡലുകളുടെ വാറന്റി രണ്ട് വർഷമായി നീട്ടിയെന്ന് റിപ്പോർട്ട്. തങ്ങളുടെ ഡിസ്‌കോർഡ് ഹാൻഡിൽ വഴിയാണ് വാറന്റി നീട്ടിയകാര്യം ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച പോസ്റ്ററുകളോ അ‌റിയിപ്പുകളോ ട്വിറ്റർ ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് ഇപ്പോൾ ചില മോഡലുകളുടെ മാത്രം വാറന്റി നീട്ടുന്നത് എന്നകാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല. വാറന്റി നീട്ടിയ ഫോണുകളുടെ ലിസ്റ്റും നിബന്ധനകളും പുറത്തിറക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ വാങ്ങിയ ​ഷവോമി ഫോണുകളിൽ ക്യാമറയും മദർബോർഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഈ സൗകര്യമുപയോഗിച്ച് പ്രശ്നം പരിഹരിക്കാം.

വാറന്റി നീട്ടുന്നതിനുള്ള കൃത്യമായ കാരണം നിലവിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷവോമി തങ്ങളുടെ ചില ഫോണുകളിൽ എന്തെങ്കിലും തകരാർ തിരിച്ചറിഞ്ഞിരിക്കാമെന്നും അതിനാലാകാം ഈ വാറന്റി വഴി സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നതെന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും ഉപഭോക്താക്കൾക്ക് ഇതൊരു സന്തോഷവാർത്തയാണ്. അവരുടെ ഷവോമി ഫോണിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസം നൽകാൻ വാറന്റി സഹായിക്കും. പക്ഷേ ഷവോമിയുടെ ഈ അ‌ധിക വാറന്റി പ്രഖ്യാപനം എല്ലാ ഷവോമി ഫോൺ ഉടമകൾക്കും ലഭ്യമാകില്ല. 
വാറന്റി നീട്ടി നൽകുന്ന സ്മാർട്ട്ഫോണുകളുടെ പട്ടിക ഷവോമി പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഇതുവരെ കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വാറന്റി വിവരം സംബന്ധിച്ച പേജുകൾ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല. എന്നാൽ ഡിസ്‌കോർഡിൽ ഈ വിവരങ്ങൾ നൽകിയിരിക്കുന്നതിനാൽ വരുന്ന ദിവസങ്ങളിൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ വാറന്റീ നീട്ടുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

2 വർഷത്തെ വാറന്റി സപ്പോർട്ടിന് അർഹതയുള്ള ഷവോമി ഫോണുകൾ

കമ്പനിയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഷവോമി എംഐ11 അ‌ൾട്ര, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10, പോക്കോ എക്സ്3 പ്രോ എന്നിവയ്ക്ക് 2 വർഷത്തെ വിപുലീകൃത വാറന്റി സപ്പോർട്ടിന് അർഹതയുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ മോഡലുകളിൽ ഏതെങ്കിലും വാങ്ങിയ ആളുകൾക്ക് പുതിയ ഓഫർ പ്രകാരം വാറന്റി നീട്ടിക്കിട്ടും. സെൽഫി ക്യാമറ പ്രശ്‌നങ്ങളും മദർബോർഡ് തകരാറുകളും അ‌നുഭവപ്പെടുന്നവർക്ക് ഈ വാറന്റിക്ക് അർഹതയുണ്ട്. റൂട്ട് ചെയ്‌ത ഫോണുകൾ, വെള്ളം കയറി തകരാറിലായ ഫോണുകൾ, അ‌തല്ലെങ്കിൽ തകർന്ന ഫോണുകൾ എന്നിവ വിപുലീകൃത വാറന്റിക്കായി പരിഗണിക്കില്ലെന്ന് കമ്പനി പറയുന്നു.

വാറന്റി എങ്ങനെ ലഭിക്കും

വാറന്റി ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഷവോമി സേവന കേന്ദ്രം സന്ദർശിക്കാവുന്നതാണ്. ഇവിടെ, ഉപയോക്താക്കൾ ഫോണിന്റെ ഇൻവോയ്സ് നൽകേണ്ടതുണ്ട്. കമ്പനി വാറന്റി നീട്ടിക്കൊണ്ട് പുറത്തിറക്കിയിരിക്കുന്ന നിർദേശങ്ങളിൽ പറയുന്ന കംപ്ലെയിന്റുകൾ ഉണ്ടെങ്കിൽ അ‌വ ശരിയാക്കുന്നതിനോ ഫോൺ മാറ്റി നൽകുന്നതിനോ ഉപയോക്താക്കളിൽ നിന്ന് അ‌ധികപണം ഈടാക്കില്ല.

ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്നത് ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ആയിരുന്നു. എന്നാൽ അ‌ടുത്തകാലത്തായി ഇതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും നേരിട്ടതോടെ നഷ്ടപ്പെട്ട വിപണിയിലെ ഇടം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ കമ്പനി ഇപ്പോൾ നടത്തിവരുന്നുണ്ട്. പ്രാദേശികമായി ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോണുകൾ നിർമ്മിക്കാൻ ഒപ്റ്റിമസ് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡുമായി കഴിഞ്ഞ ദിവസം ഷവോമി കരാറിലേർപ്പെട്ടിരുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo