പത്താൻ ബോളിവുഡിനെ തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കുകയായിരുന്നു. ഇനിയിതാ വരാനിരിക്കുന്ന മറ്റൊരു ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ലാണ് ആരാധകരുടെ പ്രതീക്ഷ മുഴുവൻ. 2023 ജൂൺ 2ന് തിയേറ്ററുകളിൽ റിലീസിനെത്തുന്ന ബോളിവുഡ് ചിത്രം തമിഴകത്തിന്റെ പ്രിയ യുവസംവിധായകൻ ആറ്റ്‌ലിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കിങ് ഖാനൊപ്പം വിജയ് സേതുപതി, നയൻതാര, സഞ്ജയ് ദത്ത്, സുനിൽ ഗ്രോവർ തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖർ അണിനിരക്കുന്നുണ്ട്. മാത്രമല്ല, വെള്ളിത്തിരയിൽ ഷാരൂഖ് ഖാന്റെ പ്രിയജോഡിയായ ദീപിക പദുക്കോണും Jawanൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ഇപ്പോഴിതാ തിയേറ്റർ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഒടിടി വിശേഷങ്ങളാണ് പുറത്തുവരുന്നത്. ജവാനെ സ്വന്തമാക്കാനായി പ്രമുഖ OTT പ്ലാറ്റ്ഫോമുകളെല്ലാം കിടഞ്ഞ് പരിശ്രമിക്കുകയാണെന്നാണ് വിവരം. ബിഗ് ബജറ്റിൽ ഒരുക്കി, പല ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ഒടിടിയിലും വമ്പൻ ഹിറ്റായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ഷാരൂഖ് ഖാന്റെ ഈ പാൻ-ഇന്ത്യ സിനിമയെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതൽ നെറ്റ്ഫ്ലിക്സിനാണ് (Netflix).
റെഡ് ചില്ലീസ് എന്റർടൈൻമെന്റുമായി Netflixന് വളരെക്കാലത്തെ ബന്ധമുള്ളതിനാൽ ജവാൻ ചിത്രത്തിന്റെ ഒടിടി അവകാശവും നെറ്റ്ഫ്ലിക്സിനായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. കാരണം, റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ഒറിജിനൽ റിലീസുകളുടെ മിക്കവയുടെയും അവകാശം കഴിഞ്ഞ വർഷം Netflix പുതുക്കുകയും 5 വർഷത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. ജവാൻ നിർമിക്കുന്നത് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ആയതിനാൽ Netflixലേക്കായിരിക്കും സിനിമ തിയേറ്ററുകൾ കഴിഞ്ഞാൽ പോകുന്നതും.