അടുത്തിടെ തിയേറ്ററുകളിൽ വരുന്ന മിക്ക അർജുൻ അശോകൻ ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുന്നുണ്ട്. ഈ വർഷം എത്തിയ രോമാഞ്ചവും പ്രണയവിലാസവുമെല്ലാം ഇത്തരത്തിൽ വിജയം നേടിയ ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ ഒരു പുതിയ ചിത്രം കൂടി തിയേറ്റർ റിലീസിന് എത്തിയിരിക്കുകയാണ്.
ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അന്നാ ബെൻ ആണ് നായിക. 'ത്രിശങ്കു' എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. സിനിമ ജൂൺ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
അന്ന ബെൻ, അർജുൻ അശോകൻ എന്നിവർക്കൊപ്പം സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, കൃഷ്ണ കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അന്താധുൻ, ഓ മൈ ഡാർലിങ് എന്നീ ബോളിവുഡ് ചിത്രത്തിന്റെ നിർമാതാക്കൾ മാച്ച്ബോക്സ് ഷോട്ട്സ് മലയാളത്തിലേക്ക് തുടക്കം കുറിക്കുന്ന സിനിമയാണ് ത്രിശങ്കു. നവാഗതനായ അച്യുത് വിനായകാണ് Thrishankuവിന്റെ സംവിധായകൻ. ജയേഷ് മോഹനും അജ്മല്‍ സാബുവും ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. രാകേഷ് ചെറുമഠമാണ് എഡിറ്റർ. ജെ.കെ ത്രിശങ്കുവിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റ്സ് ചിത്രം തിയേറ്റുകളിൽ എത്തിക്കുന്നു.
പ്രണയം, സംഘർഷം എല്ലാം ചേർത്തിണക്കിയ ചിത്രമാണിത്. പ്രണയിപ്പിക്കാനും ഒപ്പം ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ത്രിശങ്കുവിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് തിയേറ്റർ റിലീസിന് പിന്നാലെ പ്രേക്ഷകർ വിലയിരുത്തുന്നത്. സംവിധായകൻ അച്യുത് വിനായകും അജിത് നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. സേതു, മേഘ എന്നീ രണ്ട് പ്രണയിതാക്കളായാണ് അർജുൻ അശോകനും അന്ന ബെന്നും എത്തുന്നത്. രണ്ടുപേരും ഒളിച്ചോടാൻ തയ്യാറെടുക്കുന്നതും, അപ്രതീക്ഷിതമായി വന്നുചേരുന്ന ചില സംഭവങ്ങളുമാണ് സിനിമയുടെ കഥാപശ്ചാത്തലം. യുവാക്കളിലെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള കാലിക പ്രസക്തിയുള്ള വിഷയങ്ങളിലേക്കും ചിത്രം കണ്ണ് തുറക്കുന്നുണ്ട്.
സാധാരണ ഒരു ചിത്രം ബിഗ് സ്ക്രീനിലെത്തി 30 ദിവസം പിന്നിട്ടിട്ട് മാത്രമാണ് OTTയിൽ റിലീസ് ചെയ്യേണ്ടതെന്ന് നിബന്ധനയുണ്ട്. Netflixലാണ് സിനിമ റിലീസിന് എത്തുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. ജൂൺ 23ന് സിനിമ ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന.