ഈ വർഷം WhatsAppൽ വരുന്നത് 5 കിടിലൻ ഫീച്ചറുകൾ

ഈ വർഷം WhatsAppൽ വരുന്നത് 5 കിടിലൻ ഫീച്ചറുകൾ
HIGHLIGHTS

WhatsApp ഈ വർഷം പുതിയ അഞ്ച് ഫീച്ചറുകൾ അവതരിപ്പിക്കും

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള പുതിയ ഗ്രൂപ്പ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു

ഈ വർഷം അവതരിപ്പിക്കാനുള്ള ഫീച്ചറുകളിൽ ബീറ്റ ടെസ്റ്റിങ്ങിലാണ്

ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിൽ(WhatsApp) ഇനി വരാനിരിക്കുന്നത് ആകർഷകമായ നിരവധി സവിശേഷതകളാണ്. അടുത്തിടെ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പി (WhatsApp) നായുള്ള പുതിയ അപ്‌ഡേറ്റുകളെ കുറിച്ചും ഫീച്ചറുകളെ കുറിച്ചും വിശദീകരിച്ചിരുന്നു. വിൻഡോസിനായി ഒരു പുതിയ ഡെസ്‌ക്‌ടോപ്പ് ആപ്പും ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള പുതിയ ഗ്രൂപ്പ് ഫീച്ചറുകളും കൺട്രോളുകളും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഫീച്ചറുകളിൽ ചിലത് നിലവിൽ ബീറ്റ ടെസ്റ്റിങ്ങിലാണ്.

പുതിയ ഫീച്ചറുകൾ

വാട്ട്സ്ആപ്പ് (WhatsApp) ഫീച്ചറുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വെബ്സൈറ്റായ വാബെറ്റഇൻഫോ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് രസകരവും സുരക്ഷിതവമായ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് കൊണ്ടുവരാൻ പോകുന്നത്. യൂസർ ഇന്റർഫേസ് മെച്ചപ്പെടുത്താനും വാട്ട്സ്ആപ്പ് ശ്രമിക്കുന്നുണ്ട്. എഡിറ്റ് മെസേജ് ഓപ്‌ഷൻ, വീഡിയോ വൺസ് ഓഡിയോ എന്നിവയും മറ്റും ഈ ഫീച്ചറുകൾ ഉൾപ്പെടുന്നു. ഇവ വാട്ട്സ്ആപ്പ് (WhatsApp) ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിലതെല്ലാം ബീറ്റ ടെസ്റ്റിങ്ങിലാണ്.

1. എഡിറ്റ് മെസേജ്

മെസേജുകൾ അയച്ചതിന് ശേഷം അത് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള എഡിറ്റ് മെസേജ് ഫീച്ചർ വാട്ട്‌സ്ആപ്പ് (WhatsApp) വൈകാതെ ലഭ്യമാക്കും. എഡിറ്റ് മെസേജ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് തെറ്റായി അയക്കുന്ന മെസേജുകൾ അയച്ചതിന് ശേഷവും എഡിറ്റ് ചെയ്യാം. അയച്ച മെസേജുകൾ എഡിറ്റുചെയ്യാൻ വാട്ട്സ്ആപ്പ് 15 സെക്കൻഡ് സമയം മാത്രമേ നൽകുകയുള്ളു എന്നാണ് സൂചനകൾ. എഡിറ്റ് ചെയ്‌ത മെസേജുകൾക്ക് അടുത്ത് ബബിളിനുള്ളിൽ "എഡിറ്റഡ്" എന്ന ലേബൽ ഉണ്ടായിരിക്കും. ഇത് അയച്ചയാൾക്കും മെസേജ് ലഭിച്ചയാൾക്കും കാണും.

2. ഡിസപ്പിയറിങ് മെസേജിന് 15 അധിക ഡ്യൂറേഷനുകൾ

ഡിസപ്പിയറിങ് മെസേജസ് വിഭാഗം അപ്‌ഡേറ്റ് ചെയ്യാനും വാട്ട്സ്ആപ്പിന് പദ്ധതികളുണ്ട്. പുതിയ അപ്‌ഡേറ്റിലൂടെ ചാറ്റുകളിലെ മെസേജുകൾ എത്ര ദിവസം കഴിഞ്ഞ് ഡിസപ്പിയർ ആകണം എന്ന് തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ലഭിക്കും. 15 പുതിയ കാലയളവുകളാണ് ഇതിനായി നൽകുന്നതെന്ന് സൂചനകളുണ്ട്. ഈ കാലയളവ് തിരഞ്ഞെടുത്താൽ ചാറ്റുകളിലെ മെസേജുകൾ ആ കാലയളവിൽ ഇല്ലാതെയാകും.

3. ഡ്യൂറേഷനുകൾ

നിലവിൽ ചാറ്റിലെ മെസേജുകൾ ഇല്ലാതാകാനുള്ള ഓപ്ഷനിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് നൽകുന്നത്. പുതിയ ഫീച്ചറോടെ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും. 1 വർഷം, 180 ദിവസം, 60 ദിവസം, 30 ദിവസം, 21 ദിവസം, 14 ദിവസം, 6 ദിവസം, 5 ദിവസം, 4 ദിവസം, 3 ദിവസം, 2 ദിവസം, 12 മണിക്കൂർ, 6 മണിക്കൂർ, 3 മണിക്കൂർ, 1 മണിക്കൂർ എന്നിവയായിരിക്കും ഈ ഓപ്ഷനുകൾ.

4. ചാറ്റിലും ഗ്രൂപ്പിലും മെസേജ് പിൻ ചെയ്യാം

വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്ന മറ്റൊരു പുതിയ ഫീച്ചർ മെസേജുകൾ പിൻ ചെയ്യാൻ സഹായിക്കുന്നതാണ്. ഉപയോക്താക്കൾക്ക് ചാറ്റ് വിൻഡോയിൽ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ സഹായിക്കും. ചാറ്റ് വിൻഡോയിലെ 'പിൻ' ഓപ്ഷൻ തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് പേഴ്സണൽ, ഗ്രൂപ്പ് ചാറ്റുകളിൽ മെസേജുകൾ പിൻ ചെയ്യാം. ഇത്തരത്തിൽ ചെയ്താൽ ആ മെസേജ് പിൻ ചെയ്‌തതാണ് എന്ന് കാണിക്കുന്ന ചെറിയ ഐക്കൺ ചാറ്റ് ബബിളിൽ കാണും.

5. വ്യൂ വൺസ് ഓഡിയോ

വാട്ട്സ്ആപ്പ് വ്യൂ വൺസ് ഓഡിയോ ഒരു തവണ മാത്രം പ്ലേ ചെയ്യാൻ കഴിയുന്ന ഓഡിയോ മെസേജുകൾ അയയ്ക്കാൻ സഹായിക്കുന്നു. ഫോട്ടോകളോ വീഡിയോകളോ വ്യൂ വൺസ് ആയി അയക്കുന്നത് പോലെ ചാറ്റ് വിൻഡോകളിൽ ഒരിക്കൽ മാത്രം കേൾക്കാൻ സാധിക്കുന്ന ഓഡിയോ അയക്കാം. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനായിട്ടാണ് ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.​

Nisana Nazeer
Digit.in
Logo
Digit.in
Logo