WhatsApp അടുത്തിടെ അവതരിപ്പിച്ച ഏതാനും ഫീച്ചറുകളിൽ 2 അപ്ഡേറ്റുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ചാറ്റുകൾ ലോക്ക് ചെയ്ത് സ്വകാര്യത സംരക്ഷിക്കുന്ന ഫീച്ചറും, അയച്ച മെസേജ് പിന്നീട് എഡിറ്റ് ചെയ്ത് മാറ്റാനുള്ള ഓപ്ഷനുമാണ് ജനപ്രിയത നേടിയ ആ 2 അപ്ഡേറ്റുകൾ.
ടൈപ്പിങ് സമയത്തോ അതുമല്ലെങ്കിൽ ധൃതി പിടിച്ച് മെസേജ് അയക്കുമ്പോഴോ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് പെട്ടെന്ന് തിരുത്താനുള്ള ഫീച്ചറാണ് WhatsAppന്റെ എഡിറ്റ് മെസേജ് ഓപ്ഷൻ കൊണ്ടുവരുന്നത്. എന്നാൽ മെസേജ് അയച്ച് 15 മിനിറ്റിനുള്ളിൽ മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ. എങ്കിലും ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചെങ്കിലും എല്ലാവർക്കും ലഭ്യമായിരുന്നില്ല. ഇതിനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഇപ്പോൾ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും ഒപ്പം വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്കുമായി ഒരുക്കിയിരിക്കുന്നത്.
വിൻഡോസ് ബീറ്റ ഉപയോഗിക്കുന്ന എല്ലാ WhatsApp യൂസേഴ്സിനും ഇനി തങ്ങൾ അയച്ച മെസേജ് എഡിറ്റ് ചെയ്യാനാകും. എന്നാൽ 15 മിനിറ്റ് എന്ന പരിധി WhatsApp Web ഉപയോഗിക്കുന്നവർക്കും ബാധകമാണ്. കൂടാതെ, വേറെ ഫോണിൽ നിന്നോ മറ്റോ അയച്ച സന്ദേശമാണെങ്കിൽ അവ എഡിറ്റ് ചെയ്യാനുമാകില്ല. എന്നുവച്ചാൽ ഫോണിൽ നിങ്ങൾ ടെപ്പ് ചെയ്ത് അയച്ച് മെസേജ് WhatsApp Web തുറന്ന് എഡിറ്റ് ചെയ്യാനാകില്ല. എങ്കിലും വിൻഡോസ് പതിപ്പ് അഥവാ കമ്പ്യൂട്ടറിലെ വാട്സ്ആപ്പിൽ നിന്ന് അയച്ച മെസേജ് ഫോണിലെ ആപ്ലിക്കേഷനിലൂടെ എഡിറ്റ് ചെയ്യാനാകും.
ഇപ്പോൾ ഒട്ടുമിക്ക ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും വാട്സ്ആപ്പ് വെബ്ബുകാർക്കും ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ, ഇപ്പോൾ വാട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്ന ആർക്കെങ്കിലും ഇത് ലഭിക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ തന്നെ പുതിയ അപ്ഡേറ്റ് ലഭിച്ചുതുടങ്ങുമെന്നും കമ്പനി ഉറപ്പ് നൽകുന്നു.
എന്നാൽ ചില ഉപയോക്താക്കൾ പറയുന്നത് ചാറ്റിങ്ങിൽ മാത്രമല്ല editing feature കൊണ്ടുവരേണ്ടത് എന്നാണ്. പലപ്പോഴും സ്റ്റാറ്റസോ മറ്റോ അപ്ലോഡ് ചെയ്യുമ്പോൾ അതിന്റെ ക്യാപ്ഷനിൽ സ്പെല്ലിങ് മിസ്റ്റേക്കുകളോ, തെറ്റുകളോ വരുത്തുന്നുണ്ട്. ഇതിനും എഡിറ്റ് ഫീച്ചർ ഉൾപ്പെടുത്തിയാൽ കൂടുതൽ സൌകര്യപ്രദമാകുമെന്ന് നിർദേശങ്ങൾ വരുന്നുണ്ട്. ഇതുകൂടാതെ, വാട്സ്ആപ്പ് പുതിയതായി പരീക്ഷിക്കുന്ന ഫീച്ചർ ക്രോപ്പ് ടൂളാണ്. ഇതിലൂടെ അയക്കുന്ന ചിത്രങ്ങൾ ആപ്പിനുള്ളിൽ നിന്ന് തന്നെ ക്രോപ്പ് ചെയ്ത് എഡിറ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു.