WhatsApp വഴി തട്ടിപ്പുകൾ പെരുകുന്നതായി നിരവധി വാർത്തകളാണ് വരുന്നത്. പ്രതിമാസം 2 ബില്യണിലധികം ഉപഭോക്താക്കളുള്ള വാട്സ്ആപ്പിന്റെ ജനപ്രിയത തന്നെയാണ് തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നതും. എന്നാൽ ചിലതെല്ലാം നമ്മുടെ അശ്രദ്ധയിലായിരിക്കാം കബളിക്കപ്പെടുന്നത്. ഇത്തരം കെണികളിൽ നിന്ന് ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് രക്ഷപ്പെടാം.
അതായത്, മലേഷ്യ, കെനിയ, വിയറ്റ്‌നാം, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചില ഫോൺ കോളുകൾ വരുന്നതായും, ഇത് പണം തട്ടിപ്പ് നടത്തുന്നതായുമാണ് പറയുന്നത്. എങ്ങനെയാണ് ഈ കോളുകൾ വരുന്നതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. എന്നാൽ ദിനംപ്രതി ലഭിക്കുന്ന ഇത്തരം കോളുകൾ ചിലർക്ക് ദിവസേന രണ്ടോ നാലോ തവണയായിരിക്കും. പ്രത്യേകിച്ച് പുതിയ സിം വാങ്ങുന്ന ചിലർക്ക് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് കൂടുതൽ കോളുകൾ ലഭിക്കുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഇതിൽ തന്നെ +84, +62, +60 എന്നിവയിൽ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറുകളിൽ നിന്നാണ് അജ്ഞാത കോളുകൾ വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഈ നമ്പറുകളിൽ തുടങ്ങുന്ന വാട്സ്ആപ്പ് കോളുകളോട് പ്രതികരിക്കരുതെന്നാണ് നിർദേശം.
WhatsAppൽ ഇത്തരത്തിൽ അജ്ഞാത കോളുകൾ വരുമ്പോൾ എങ്ങനെ സുരക്ഷിതരായിക്കണമെന്നതും അറിയണം. ഇങ്ങനെ കോളുകൾ വന്നാൽ പരിഭ്രാന്തരാകേണ്ടതില്ല. ഇങ്ങനെയുള്ള നമ്പറുകളിലെ മെസേജുകളും ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. കാരണം ഇവയിൽ മാൽവെയറുകളോ പണം തട്ടാനുള്ള കെണിയോ പതിയിരിക്കുന്നു. അതിനാൽ, അജ്ഞാത കോളറുമായി ഇടപഴകരുതെന്നും അത് ഉടനടി ബ്ലോക്ക് ചെയ്യണമെന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ ഇത്തരം കോളുകൾ റിപ്പോർട്ട് ചെയ്താൽ മാത്രമാണ് ആ നമ്പരുകൾക്കെതിരെ നടപടിയോ മുൻകരുതലോ സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും മെറ്റ കമ്പനി അറിയിക്കുന്നു. അതേ സമയം, തട്ടിപ്പുകളും ഓൺലൈൻ കെണികളും ചെറുക്കാൻ AI സാങ്കേതിക വിദ്യ വാട്സ്ആപ്പിൽ പ്രയോജനപ്പെടുത്തുന്നതായും മെറ്റ അറിയിച്ചു. ഇതിന് പുറമെ, വ്യാജമെന്ന് കണ്ടെത്തിയ ഏതാനും നമ്പരുകളും WhatsApp നിർത്തലാക്കിയിട്ടുണ്ട്. മാർച്ച് മാസത്തിൽ മാത്രം 4.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾക്കാണ് വാട്സ്ആപ്പ് നിരോധനം ഏർപ്പെടുത്തിയത്.