വൺപ്ലസ് ഈയിടെ പുറത്തിറക്കിയ മുൻനിര ഫോണുകളിലൊന്നായ വൺപ്ലസ് 3T വളരെ നേരത്തെ തന്നെ നിർത്തലാക്കുന്നു. വെറും ആറുമാസമാണ് വൺപ്ലസ് അവതരിപ്പിച്ച ഈ ഫോൺ വിപണിയിലുണ്ടായിരുന്നത്. കമ്പനി 2016 ഡിസംബറിൽ പുറത്തിറക്കിയ ഈ മോഡൽ ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ സ്റ്റോക്ക് നീണ്ടുനിൽക്കുന്നതു വരെ മാത്രമാകും ഈ ഫോണിന്റെ യൂണിറ്റുകൾ വിപണിയിൽ ലഭ്യമാകുക.
വൺപ്ലസ് 3T നിർത്തലാക്കപ്പെടുകയാണെങ്കിലും 30,000 രൂപയിൽ താഴെ ലഭ്യമായിരുന്ന 2016 ലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്. ഇപ്പോഴും വൺപ്ലസ് 3T മികച്ച പ്രകടനത്തോടെ പല കമ്പനികളുടെയും മുൻനിര ഫോണുകളെ പിന്നിലാക്കുന്നുണ്ട്. മികച്ച ഹാർഡ്വെയറും ഏറെക്കാലം നീണ്ടു നിൽക്കുന്ന ബോഡിയും ഈ മികച്ച സ്മാർട്ട്ഫോണിന് കരുത്തേകുന്ന ഘടകങ്ങകളാണ്.
വൺപ്ലസ് പുറത്തിറക്കാനിരിക്കുന്ന വൺപ്ലസ് 5 ഫോണുകളുടെ വിപണി മെച്ചപ്പെടുത്തുന്നതിനാണ് വൺപ്ലസ് 3T നിർത്തലാക്കുന്നത്. വൺപ്ലസ് 3T ഫോണുകൾ ഈയിടെ വാങ്ങിയവർ വിപണിയിൽ നിന്നും ഈ ഫോണിനെ പിൻവലിക്കുന്നത് വിമർശിക്കാനിടയുണ്ട്. അതേസമയം; വൺപ്ലസ് 3T- യുടെ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും പിന്തുണയും തുടരുമെന്ന് വൺപ്ലസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.