പുതിയ വാട്ട്സ് ആപ്പ് അപ്ഡേഷൻ
പുതിയ സേവനങ്ങളുമായി വാട്ട്സ് ആപ്പ്
നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ചാറ്റുകൾ വാട്സാപ്പിലെ ചാറ്റ് ടാബിൽ ഏറ്റവും മുകളിലായി പ്രത്യക്ഷപ്പെടുന്ന രീതിയിൽ ക്രമീകരിക്കാവുന്ന സംവിധാനം വാട്സാപ്പ് ഉപയോക്താക്കളിലെത്തിച്ചു തുടങ്ങി .
ചാറ്റുകളെ 'പിൻ' ചെയ്തു പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന ഈ സംവിധാനം വിവിധ രാജ്യങ്ങളിൽ ലഭ്യമായിത്തുടങ്ങി.
നിലവിൽ മൂന്ന് വരെ ചാറ്റുകൾ ചാറ്റ് വിൻഡോയിൽ മുകളിലായി പിൻ ചെയ്തു സൂക്ഷിക്കാൻ അവസരമൊരുക്കുന്ന വാട്സാപ്പ് വരും വേർഷനുകളിൽ ഉപഭോക്താക്കളുടെ പ്രതികരണം മനസിലാക്കി ഇവയുടെ എണ്ണം കൂട്ടുമെന്നു കരുതാം. ഉപയോക്താക്കൾക്ക് വ്യക്തിഗത- ഗ്രൂപ്പ് ചാറ്റുകൾ പിൻ ചെയ്യാവുന്നതാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളുടെയും
വാട്സാപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരവധി ചാറ്റ് സംഭാഷണങ്ങൾക്കിടയിൽ നിന്നും ചില പ്രത്യേക ചാറ്റുകൾ കണ്ടെത്താൻ നിലവിൽ 'സേർച്ച് ' സേവനം ഉപയോഗിക്കാമെങ്കിലും ചാറ്റ് 'പിൻ' ചെയ്യാൻ കഴിയുന്ന സേവനം ഏറെ പ്രയോജനപ്രദമാണ്. പിൻ ചെയ്യേണ്ടുന്ന ചാറ്റിൽ തുടർച്ചയായി അമർത്തുമ്പോൾ (ടാപ്പ് ചെയ്യുമ്പോൾ) ചാറ്റ് വിൻഡോയുടെ മുകളിലായി ആക്ഷൻ ബാറിൽ 'പിൻ' അടയാളം വരുന്ന തരത്തിലാണ് ഈ സേവനം നിലവിൽ വന്നിരിക്കുന്നത്.
സന്ദേശത്തിൽ അമർത്തുമ്പോൾ സാധാരണ പ്രത്യക്ഷമാകുന്ന ഡിലീറ്റ് , മ്യൂട്ട്, ആർക്കൈവ് ഓപ്ഷനുകൾ എന്നിവയ്ക്ക് ശേഷം ഇനി മുതൽ പിൻ ഐക്കണും ദൃശ്യമാകും. ഉപയോക്താക്കൾക്ക് തുടർന്ന് ചാറ്റ് മുകളിലേക്ക് നീക്കാൻ പിൻ ഐക്കൺ ടാപ്പു ചെയ്‌താൽ മതി. ഇതേ രീതി പിന്തുടർന്ന് ഉപയോക്താക്കൾക്ക് ചാറ്റ് അൺപിൻ ചെയ്യാനും കഴിയും.