ചിലപ്പോൾ യാത്രക്കിടയിൽ, അല്ലെങ്കിൽ ഏതെങ്കിലും കഫേയിലോ ഹോട്ടലിലോ ഇരിക്കുമ്പോൾ അത്യാവശ്യം ലാപ്ടോപ്പിൽ ജോലി ചെയ്യേണ്ടതായി വരാറില്ലേ? ഇങ്ങനെയുള്ള അവസരങ്ങളിൽ പബ്ലിക് ചാർജർ ഉപയോഗിക്കാറാണ് പതിവ്. അതുപോലെ മറ്റാരുടെയെങ്കിലും പക്കൽ നിന്ന് ചാർജർ വാങ്ങി ഉപയോഗിക്കുന്നു.
എങ്കിൽ ഇത് അപകടമാണോ എന്നതിൽ FBI (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) തന്നെ ചില വിശദീകരണം നൽകുകയാണ്. ബിൽറ്റ്-ഇൻ USB-A അല്ലെങ്കിൽ USB Type-C പോർട്ടുള്ള വാൾ പ്ലഗ് ഉപയോഗിക്കുന്നതിനെയാണ് പൊതുചാർജർ എന്ന് പറയുന്നത്. അതായത്, ഫോണിന്റെ സ്വന്തം പവർ അഡാപ്റ്ററും ഡാറ്റ കേബിളുമല്ലാതെ, റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ ഹോട്ടൽ- റെസ്റ്റോറന്റുകളിലോ വച്ചിട്ടുള്ള ചാർജർ ഉപയോഗിക്കുന്നതോ, മറ്റുള്ളവരുടെ ചാർജർ വാങ്ങി ഉപയോഗിക്കുന്നതും പ്രശ്നമാണ്.
FBI തങ്ങളുടെ പുതിയ ട്വീറ്റിൽ പറയുന്നത് അനുസരിച്ച്, പൊതു ചാർജർ ഉപയോഗിക്കുന്നതും കഴിവതും ഒഴിവാക്കുക. പകരം, യാത്രയിലും ഓഫീസിൽ പോകുമ്പോഴുമെല്ലാം സ്വന്തം പവർ അഡാപ്റ്ററും ഡാറ്റ കേബിളും കൊണ്ടുപോകുക. അതുപോലെ ഫോണും ഹെഡ്സെറ്റും ലാപ്ടോപ്പുമെല്ലാം ചാർജ് ചെയ്യാൻ പവർ സോക്കറ്റ് ഉപയോഗിക്കാനും FBI ട്വീറ്റിൽ നിർദേശിക്കുന്നു.
ചില സുരക്ഷാസംവിധാനങ്ങൾ മുൻനിർത്തിയാണ് ഇങ്ങനെയൊരു നിർദേശം വച്ചിരിക്കുന്നത്. ഈ USB ചാർജർ ഉപയോഗിച്ച് മാൽവെയറും മറ്റും ഫോണിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ അജ്ഞാതനിൽ നിന്ന് ചാർജർ കടം വാങ്ങുന്നതോ പൊതുസ്ഥലത്ത് നിന്ന് ചാർജർ ഉപയോഗിക്കുന്നതോ അപകടകരമാണ്. അതിനാൽ തന്നെ ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ മാൽവെയർ ആപ്പ് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ഫോണിലെ പല വിവരങ്ങളും ചോർത്താനും ഇത് കാരണമാകും.