ആഗോളകമ്പനികളെല്ലാം തൊഴിലാളികളെ പിരിച്ചുവിടുന്ന അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തൊഴിൽ നഷ്ടപ്പെടുന്നവരും, ശമ്പളം മുടങ്ങിയവരുമായി നിരവധി ആളുകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയിലെ സിസിടിവി ക്യാമറ തല്ലിതകർക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചൈനയിൽ Foxconn-ന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് പ്രതിഷേധത്തിനിടെ ക്യാമറ തല്ലിതകർത്തത്. ശമ്പളം ആവശ്യപ്പെട്ട് ഇവിടുത്തെ തൊഴിലാളികൾ പ്രതിഷേധം നടത്തുകയും, സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകൾ തകർക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. തങ്ങളെ തിരിച്ചറിയാതിരിക്കാൻ തൊഴിലാളികൾ ഹസ്മത്ത് സ്യൂട്ടുകൾ ധരിച്ചിരിക്കുന്നതായും കാണാം.
https://twitter.com/__Inty__/status/1595289574749896704?ref_src=twsrc%5Etfw
'ഞങ്ങൾക്ക് ശമ്പളം വേണം' എന്നാവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ സീറോ കോവിഡ് നയവും തുടർന്നുള്ള ലോക്ക്ഡൗണുമാണ് ഫോക്‌സ്‌കോൺ ഫാക്ടറിയിലെ തൊഴിലാളികളെ ഈ ദുരിതത്തിൽ എത്തിച്ചതെന്നാണ് വിവരം.
ഭക്ഷ്യക്ഷാമവും കർശനമായ ക്വാറന്റൈൻ നിയമങ്ങളും നേരിടേണ്ടി വന്നതായി നേരത്തെ പങ്കുവച്ച വീഡിയോകളിൽ തൊഴിലാളികൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ, ബോണസ് നൽകാമെന്ന കമ്പനിയുടെ വാഗ്ദാനവും പാഴായതോടെ തൊഴിലാളികൾ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.
ചൈനയുടെ കർശനമായ കോവിഡ് നയത്തിനെതിരെ തൊഴിലാളികൾ പ്രതിഷേധിക്കുന്ന നിരവധി വീഡിയോകളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. അതേ സമയം, പ്രതിഷേധക്കാരോടുള്ള ചൈനീസ് പൊലീസിന്റെ പ്രതികരണങ്ങളും തൊഴിലാളികൾ വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.