കിടക്കയ്ക്ക് സമീപം തന്നെ ചാർജിങ് പോയിന്റുള്ളതിനാൽ ഉറങ്ങുമ്പോൾ ഫോൺ ചാർജ് ചെയ്യുന്ന പതിവ് രീതി നിങ്ങൾക്കുമുണ്ടോ? ഫോൺ ചാർജിങ്ങിനിടെ ഉപകരണം പൊട്ടിത്തെറിച്ചതായും, വൻ അപകടം സംഭവിച്ചതായും വാർത്തകളിലൂടെയും അറിഞ്ഞിരിക്കുമല്ലോ. ഐഫോൺ ഉപയോക്താക്കൾ യാതൊരു കാരണവശാലും ഫോൺ ചാർജിനിട്ട് സമീപത്ത് കിടന്നുറങ്ങരുതെന്നാണ് ആപ്പിൾ കമ്പനി പുതിയതായി നൽകുന്ന നിർദേശം.
ഉറങ്ങുന്നതിന് സമീപം ഫോൺ ചാർജ് ചെയ്യുന്നതിന്റെ അപകടസാധ്യതകളെ കുറിച്ച് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കൂടാതെ, എങ്ങനെയാണ് ശരിയായി ചാർജ് ചെയ്യേണ്ടതെന്നും, ചാർജിങ് കേബിൾ എങ്ങനെയെല്ലാം അപകടം ക്ഷണിച്ചുവരുത്തുമെന്നും ആപ്പിൾ വിശദമാക്കി.
ചാർജിങ്ങിലെ ഇത്തരം അശ്രദ്ധ ആൻഡ്രോയിഡ് ഫോണുകളെ മാത്രമല്ല, ഐഫോണുകളിലും തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ ഫോണിൽ കേടുപാടുകൾ തുടങ്ങിയവ സംഭവിക്കാനുള്ള സാധ്യതകളുണ്ട്.
ഫോൺ കിടക്കയിലും മറ്റും ചാർജിങ്ങിന് വയ്ക്കരുത്. അതുപോലെ നല്ല വെന്റിലേഷൻ ഉള്ള പ്രദേശത്ത് മാത്രമാണ് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കേണ്ടതെന്നും കമ്പനിയുടെ നിർദേശങ്ങളിൽ പറയുന്നു.
ഫോൺ അമിതമായി ചൂടാകുന്നതിന് ബ്ലാങ്കറ്റിലോ തലയിണയ്ക്കോ അടിയിൽ വയ്ക്കുന്നതിന് കാരണമാകും. ഐഫോണുകൾ, പവർ അഡാപ്റ്ററുകൾ, വയർലെസ് ചാർജറുകൾ എന്നിവയെല്ലാം നന്നായി വായുസഞ്ചാരമുള്ള ഇടങ്ങളിലാണ് ഉപയോഗിക്കേണ്ടത്. അതുപോലെ മൂന്നാം കക്ഷി ചാർജറുകൾ ഉപയോഗിക്കുന്നതും കേടായ ചാർജറുകൾ ഉപയോഗിക്കുന്നതും വലിയ പ്രശ്നമാണ്. അവ അപകടസാധ്യത വർധിപ്പിക്കുമെന്നും പറയുന്നു.
ഇതിന് പുറമെ, ഫോൺ വെള്ളത്തിന് സമീപത്തോ മറ്റോ ചാർജ് ചെയ്യരുതെന്നും നിർദേശിക്കുന്നുണ്ട്. ഇവയെല്ലാം ശ്രദ്ധിച്ചാൽ ഫോണിന്റെയും ഒപ്പം നിങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താം.
USB 2.0 അല്ലെങ്കിൽ അതിനുശേഷമുള്ള മാനദണ്ഡങ്ങൾ പാലിക്കണം. തേർഡ്-പാർട്ടി കേബിളുകളും പവർ അഡാപ്റ്ററുകളും ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാൻ സാധിക്കും. എന്നിരുന്നാലും മറ്റ് അഡാപ്റ്ററുകൾ ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചു. ഇത് വൻ അപകടസാധ്യതകളിലേക്കും നയിക്കും.