Jioയ്ക്കും Airtelനുമൊപ്പം പിടിച്ചുനിൽക്കാനുള്ള പരിശ്രമത്തിലാണ് വോഡഫോൺ ഐഡിയ. ഇതുവരെയും 5G തുടങ്ങാൻ സാധിച്ചില്ലെന്നതും Viയിൽ നിന്ന് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. എന്നാൽ വരിക്കാരെ കൈവിടാതിരിക്കാൻ ടെലികോം കമ്പനി പുതിയതായി പയറ്റുന്ന തന്ത്രം വിഐയ്ക്ക് യാതൊരു വിധത്തിലും ലാഭം നൽകുന്നില്ലെന്ന് മാത്രമല്ല, സ്വന്തം കുഴി സ്വയം കുഴിക്കുന്ന രീതിയിലുള്ള ബിസിനസ് തകർച്ചയിലേക്കാണ് കമ്പനി നീങ്ങുന്നത്. അതായത്, തങ്ങളുടെ വരിക്കാർക്ക് അവർ യാതൊരു റീചാർജ് പ്ലാനും നിലവിലില്ലെങ്കിലും ഫ്രീയായി ഡാറ്റ നൽകുകയാണ് വോഡഫോൺ-ഐഡിയ. ഇതിലൂടെ നിങ്ങൾ റീചാർജ് ചെയ്യേണ്ടതില്ല, ഞങ്ങൾ ആവശ്യത്തിലധികം ഇന്റർനെറ്റ് നൽകാമെന്ന വാഗ്ധാനമാണ് Vodafone- Idea മുന്നോട്ട് വയ്ക്കുന്നതെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.
സിം പോർട്ട് ചെയ്ത് മറ്റ് ടെലികോം ഓപ്പറേറ്റർമാരിലേക്ക് വരിക്കാർ ചേക്കേറാതിരിക്കാനാണ് Viയുടെ ഈ പുതിയ നീക്കം. ഏതെങ്കിലും പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ ഡാറ്റ നൽകുന്ന മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി ആക്ടീവ് പ്ലാൻ ഒന്നുമില്ലെങ്കിലും സൗജന്യ ഡാറ്റ നൽകുകയാണ് വിഐ. ഇത് അക്ഷരാർഥത്തിൽ കമ്പനിയെ സാമ്പത്തികമായി ബാധിക്കാൻ സാധ്യതയുണ്ട്. Free Internet ലഭിക്കുന്നതിനാൽ വരിക്കാർ വിഐയിൽ തുടരുമെന്നും, കോളുകൾക്കും മറ്റും വേറെന്തെങ്കിലും റീചാർജ് ഓപ്ഷൻ തെരഞ്ഞെടുക്കുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
എന്നാൽ, അൺലിമിറ്റഡ് ഇന്റർനെറ്റിന് മാത്രമല്ല ഉടനെ അൺലിമിറ്റഡ് കോളിങ് പോലുള്ള ഫീച്ചറുകളും Vi പ്രഖ്യാപിക്കുമെന്നാണ് ഏതാനും റിപ്പോർട്ടുകൾ പറയുന്നത്. ശരിക്കും വോഡഫോൺ- ഐഡിയ വരിക്കാർക്ക് ഇത് വളരെ മികച്ച ഓഫറാണെങ്കിലും, കമ്പനിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവർക്ക് യാതൊരു ലാഭവുമുണ്ടാകുന്നില്ല. നിങ്ങൾ എന്തിനാണ് റീചാർജ് ചെയ്യുന്നത്? വെറുതെ ഇന്റർനെറ്റ് നൽകുമ്പോൾ പണം മുടക്കേണ്ട ആവശ്യമേയില്ലല്ലോ എന്നാണ് Vi പറയുന്നതെന്ന് ഈ ഓഫർ പ്രഖ്യാപനത്തിലൂടെ അനുമാനിക്കാം.
എന്തായാലും എയർടെലിനോടും ജിയോയോടും പൊരുതാൻ തന്നെയാണ് കമ്പനി തീരുമാനം. ഇതിനായി ഏറ്റവും മികച്ച ഡേറ്റ പ്ലാനുകൾ അവതരിപ്പിക്കുന്നതും വോഡഫോൺ- ഐഡിയ തന്നെയാണ്. എന്നിട്ടും, വിഐയുടെ പരിശ്രമങ്ങൾ ഫലം കാണുന്നില്ലെന്ന് പറയാം. കാരണം, വരിക്കാർക്ക് വെറുതെ Free Internet കിട്ടിയിട്ട് കാര്യമില്ലല്ലോ! ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ബഫറിങ്ങും മെല്ലെപ്പോക്കുമാണ് അനുഭവമെങ്കിൽ അവർ ആ ടെലികോം കമ്പനിയെ ആശ്രയിക്കുന്നതിനും താൽപ്പര്യപ്പെടാറില്ല.
(ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.)