ഇനി സിം കാർഡ് വേണ്ട !!കേരളത്തിൽ ഈ-സിം അവതരിപ്പിച്ചു വൊഡാഫോൺ ഐഡിയ

ഇനി സിം കാർഡ് വേണ്ട !!കേരളത്തിൽ ഈ-സിം അവതരിപ്പിച്ചു വൊഡാഫോൺ ഐഡിയ
HIGHLIGHTS

കേരളത്തിലെ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത

ഇപ്പോൾ കേരള ഉപഭോതാക്കൾക്ക് വൊഡാഫോൺ ഐഡിയയുടെ ഇ സിം ലഭിക്കുന്നു

കൊച്ചി: കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ വി. ആപ്പിള്‍, സാംസങ് മൊബൈല്‍ഫോണുകളുടെ വിവിധ മോഡലുകള്‍,  ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയവയില്‍ ഈ സൗകര്യം ലഭ്യമാണ്.  

 കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇ-സിം സേവനം ലഭിക്കും. ഇ-സിമ്മിന് അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ല. ഡിജിറ്റല്‍ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാര്‍ഡുകള്‍ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും.

 കേരളത്തിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി  ഇ-സിം സാങ്കേതികവിദ്യ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും, ഇത് സൗകര്യപ്രദമായി ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും വോഡഫോണ്‍ ഐഡിയ കേരള-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. ഉപയോക്താക്കളെ അവരുടെ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനാല്‍ ഇ-സിം മെച്ചപ്പെട്ട അനുഭവം നല്‍കുമെന്ന് കമ്പനി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം eSIM (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്എംഎസ് അയയ്ക്കണം (eSIM <Space> Email ID). മൊബൈല്‍ നമ്പറില്‍ ഒരു ഇമെയില്‍ ഐഡിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ ഇമെയില്‍ (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി 199ലേക്ക് എസ്എംഎസ് അയക്കണം (Email <Space> Email ID to 199). ഇമെയില്‍ നിലവിലുള്ളതാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് 199 എന്ന നമ്പറില്‍ നിന്ന് എസ്എംഎസ് ലഭിക്കും. ഇ-സിം അഭ്യര്‍ഥന സ്ഥിരീകരിക്കുന്നതിന് ഈ മെസേജിന് ESIMYഎന്ന് മറുപടി നല്‍കണം. ഇതിന് ശേഷം ഫോണ്‍ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്എംഎസ് കൂടി ലഭിക്കും. ഫോണ്‍ കോളിലൂടെ സമ്മതം നല്‍കിയ ശേഷം ഒരു ക്യൂആര്‍ കോഡുള്ള ഇമെയില്‍, രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ലഭിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ പിന്തുടരാം.

 വിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇ-സിം ലഭിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കാം. ആക്ടിവേഷനുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യല്‍ വേഗത്തിലാക്കുമെന്നതിനാല്‍ ഹാന്‍ഡ്സെറ്റ് കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ഇമെയില്‍ വഴി അയക്കുന്ന ക്യുആര്‍ കോഡ്, സ്‌കാനിങിന് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. കോഡ് സ്‌കാന്‍ ചെയ്ത് രണ്ടു മണിക്കൂറിനകം ഇ-സിം പ്രവര്‍ത്തനസജ്ജമാവും.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo