തിയേറ്റർ റിലീസ് പോലെ തന്നെ OTT റിലീസുകളും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. എന്നാലിപ്പോഴിതാ റിലീസിന് എത്തുന്നതിന് മുമ്പേ ഒരു മലയാള ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വലിയ തുകയ്ക്ക് വിറ്റുപോയിരിക്കുകയാണ്. അതും ഒടിടി ഭീമനാണ് സൂപ്പർ സ്റ്റാർ പെരുമ ഒന്നുമില്ലാത്ത ഒരു മലയാള ചിത്രത്തെ സ്വന്തമാക്കിയിരിക്കുന്നത്. ബാലു വർഗീസ്, ഉർവശി, തമിഴകത്തിന്റെ പ്രിയ താരം കലൈയരസൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തിയേറ്ററിൽ റിലീസാകുന്നതിന് മുന്നേ OTTയിൽ വിറ്റുപോയത്.
സുഭാഷ് ലളിത സുബ്രഹ്മണ്യൻ എഴുതി സംവിധാനം ചെയ്യുന്ന ചാൾസ് എന്റർപ്രൈസസാണ് റിലീസിന് മുമ്പ് തന്നെ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയാണ് (Amzon Prime Video) ചിത്രം സ്വന്തമാക്കിയത്. വൻ തുകയ്ക്കാണ് Charles Enterprisesനെ ആമസോൺ വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 19നാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്തത്. ഹാസ്യം കലർത്തി ഒരുക്കിയ ഫാമിലി ചിത്രമായ Charles Enterprises ഒരു മിസ്റ്ററി ഡ്രാമയാണ്. മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, മണികണ്ഠൻ ആചാരി, സുധീർ പറവൂർ, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, ആനന്ദ്ബാൽ, സിജി പ്രദീപ്, അജിഷ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തിയത്. തങ്കം എന്ന ചിത്രത്തിന് ശേഷം കലൈയരസൻ മലയാളത്തിൽ അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്.
കൊവിഡ് കാലമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജീവിത പ്രാരബ്ധങ്ങളും കഷ്ടപ്പാടുകളുമായി മുന്നോട്ട് പോകുന്ന ഒരു മിഡിൽ ക്ലാസ് യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ, സന്ദർഭങ്ങളെ നർമത്തിൽ ചേർത്താണ് സിനിമ സഞ്ചരിക്കുന്നത്.
ഇതിനോടകം വൈറലായ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സുബ്രഹ്മണ്യൻ കെ.വിയാണ്. തമിഴ് ഫോക് ശൈലിയിലുള്ള ഗാനവും ഇതിൽ ഉൾപ്പെടുന്നു. ഗാനരചന നിർവഹിച്ചിരിക്കുന്നത് അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണ്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.