UPI paymentകൾ വന്നതോടെ ATMലെ തിരക്കുകൾ ശരിക്കും കുറഞ്ഞെന്ന് പറയാം. പെട്ടിക്കട മുതൽ ഷോപ്പിങ് മോളിൽ വരെ ഇന്ന് യുപിഐയാണ് ജനപ്രിയ താരം. എങ്കിലും വൻതുക പിൻവലിക്കുന്നതിനും മറ്റും ATM കൂടിയേ തീരൂ… കാർഡ് ഉപയോഗിച്ചാണ് നമ്മൾ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത്.
പക്ഷേ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എടുക്കാൻ മറന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽ പണം പിൻവലിക്കാനാകില്ല. മാത്രമല്ല, കാർഡ് എപ്പോഴും കൈയിൽ കരുതുന്നത് മോഷണം പോകാനോ, നഷ്ടപ്പെടാനോ കാരണമായേക്കാം.
ഇതിനുള്ള മികച്ച പോംവഴിയാണ് ഇപ്പോൾ പുതിയതായി നടപ്പിലാക്കിയിരിക്കുന്നത്. അതായത്, കെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. അതും UPI വഴി.
ചൊവ്വാഴ്ച, മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ വച്ചാണ് ഈ സംവിധാനം ആദ്യമായി പരിചയപ്പെടുത്തിയത്. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാൻ യുപിഐ എടിഎം എന്ന വിപ്ലവകരമായ സംവിധാനമാണ് മേളയിൽ അവതരിപ്പിച്ചത്. UPI ATM വഴി പണം പിൻവലിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ ഇത് ഇന്ത്യയിലെ ആദ്യത്തെ UPI ATM ആയി മാറി. ഹിറ്റാച്ചി പേയ്മെന്റ് സർവീസസ് ആണ് ഈ പുതിയ പേയ്മെന്റ് രീതി അവതരിപ്പിച്ചത്.
ATM മോണിറ്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന UPI കാർഡ്ലെസ് ക്യാഷ് ഓപ്ഷനിൽ ആദ്യം ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങൾക്ക് പിൻവലിക്കേണ്ട തുക ടെപ്പ് ചെയ്തു നൽകാനുള്ള നിർദേശം വരുന്നു. തുക ടൈപ്പ് ചെയ്തുകഴിഞ്ഞാൽ എടിഎം സ്ക്രീനിൽ ഒരു ക്യുആർ കോഡ് ദൃശ്യമാകും.
ഈ QR കോഡ് BHIM ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക. ശേഷം UPI പിൻ നൽകുക. ഇങ്ങനെ നിങ്ങൾക്ക് ആവശ്യമായ തുക അക്കൌണ്ടിൽ നിന്ന് പിൻവലിക്കാം. നിലവിൽ ഹിറ്റാച്ചി പേയ്മെന്റ് സർവീസസ് മാത്രമാണ് ഡബ്ല്യുഎൽഎ ഓപ്പറേറ്ററായുള്ളത്. രാജ്യത്തൊട്ടാകെയായി 3000-ലധികം എടിഎം ലൊക്കേഷനുകളുടെ ശൃംഖലയിൽ ഇവർക്ക് ആക്സസുണ്ട്.