ഇന്ദ്രൻസിന്റെ അസാമാന്യ പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രമാണ് ഉടൽ (Udal). സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത ഒരു വർഷം കഴിഞ്ഞിട്ടും OTT-യിൽ എത്തിയില്ല. എന്നാൽ ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഉടൽ ഡിജിറ്റൽ റിലീസ് ചെയ്തു.
ഇന്ദ്രൻസിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ ഒടിടി റിലീസിനായി ആരാധകർ നിരന്തരം അഭ്യർഥിക്കുകയുണ്ടായി. എന്നാൽ ഇതുവരെയും OTT release അപ്ഡേറ്റ് അണിയറപ്രവർത്തകർ വ്യക്തമാക്കിയില്ല. ഒടുവിൽ ന്യൂ ഇയർ സമ്മാനമായി ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു.
സൈന പ്ലേ(Saina Play)യിലാണ് സിനിമ റിലീസ് ചെയ്തത്. ഉടലിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഈ വാരാന്ത്യത്തിലാണ് ചിത്രം ഒടിടി റിലീസിന് എത്തിയത്. സിനിമ ഒടിടിയിൽ പ്രദർശനം ആരംഭിച്ചതിന് പിന്നാലെ വൻപ്രശംസയും നേടുന്നു. താരങ്ങളുടെ പെർഫോമൻസും കഥയും ത്രില്ലടിപ്പിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
2022 മെയ് 20ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണിത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിച്ചത്. മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്തത്. നിഷാദ് യൂസഫ് ഉടലിന്റെ എഡിറ്റിങ് നിർവഹിച്ചു. വില്യം ഫ്രാൻസിസ് ആയിരുന്നു സംഗീത സംവിധായകൻ.
READ MORE: TATA PAY UPI: Google Pay-യോട് പോരിന് വരുന്നത് സാക്ഷാൽ TATA
ഡോണ്ട് ബ്രീത് പോലുള്ള ഹോളിവുഡ് ത്രില്ലറിനെ പോലെയുള്ള ചിത്രമാണിതെന്ന് പ്രേക്ഷകർ പ്രശംസിക്കുന്നു. ഇന്ദ്രൻസിന്റെ പ്രകടനത്തെയാണ് കാണികൾ എടുത്തുപറയുന്നത്. ദുർഗ കൃഷ്ണയുടെ നായിക വേഷം വ്യത്യസ്തമായിരുന്നു. കൂടാതെ, ധ്യാൻ ശ്രീനിവാസന് സീരിയസ് കഥാപാത്രങ്ങൾ നന്നായി ഇണങ്ങുമെന്നും ഉടൽ കണ്ട പ്രേക്ഷകർ വ്യക്തമാക്കുന്നു.
സംവിധാനത്തിനും കഥയ്ക്കും മികച്ച പ്രശംസയാണ് ലഭിക്കുന്നത്. ഹിന്ദിയിലേക്കും തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഇതിന്റെ അപ്ഡേഷൻ ഇതുവരെ ലഭിച്ചിട്ടില്ല.
ഒരു കടത്ത് നാടൻ കഥ, കുടുക്ക് തുടങ്ങിയ സിനിമകൾ സൈന പ്ലേയിലാണ് റിലീസ് ചെയ്യുന്നത്. ഒരു സദാചാര പ്രേമകഥ, ആഫ്റ്റർ പെൻഡുലം എന്നീ ചിത്രങ്ങളും ഇതേ പ്ലാറ്റ്ഫോമിൽ തന്നെ കാണാം. ജിഗർതണ്ട ഡബിൾ എക്സ്, അച്ചനൊരു വാഴ വെച്ചു എന്നീ ജനപ്രിയ സിനിമകളും ഇതിലുണ്ട്. കൊറോണ ധവാൻ എന്ന സിനിമയും റിലീസ് ചെയ്തതും ഇതേ പ്ലാറ്റ്ഫോമിലാണ്.
വെറും 99 രൂപയാണ് സൈന പ്ലേയുടെ മാസ സബ്സ്ക്രിപ്ഷന് ചെലവാകുന്നത്. അര വർഷത്തേക്ക് സൈന പ്ലേ പ്രീമിയത്തിന് 399 രൂപ ചെലവാകും. ഒരു വർഷത്തേക്ക് 699 രൂപയും ചെലവാകും.