TVS യുവ ഉപഭോക്താക്കൾക്കായി പുതിയ റൈഡര്‍ അവതരിപ്പിച്ചു
ടിവിഎസ് മോട്ടോര്‍ കമ്പനി യുവ ഉപഭോക്താക്കള്‍ക്കായി ടിവിഎസ് റൈഡര്‍ അവതരിപ്പിച്ചു
നൂതനമായ 124.8 സിസി-എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3-വാള്‍വ് എഞ്ചിന്‍ ഇതിന്റെ സവിശേഷതയാണ്
ലോകത്തിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റൈഡര്‍ അവതരിപ്പിച്ചു. 125 സിസി വിഭാഗത്തില്‍, റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, വോയ്സ് അസിസ്റ്റിനൊപ്പം ഓപ്ഷണല്‍ 5ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡ്, അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം സവിശേഷതകളോടെയാണ് സ്പോര്‍ട്ടി മോട്ടോര്‍സൈക്കിളായ ടിവിഎസ് റൈഡര്‍ എത്തുന്നത്.
ടിവിഎസിന്‍റെ സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍ ഡിസൈനിനൊപ്പം, സവിശേഷവുമായ ഡിസൈന്‍ തീം ഉള്‍ക്കൊള്ളുന്നതാണ് ടിവിഎസ് റൈഡര്‍. സവിശേഷമായ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പ്രത്യേക ലോഗോയുമുണ്ട്. ശക്തവും മെനഞ്ഞെടുത്തതുമായ ടാങ്കിന്‍റെ ആകാരം, ടിവിഎസ് റൈഡറിന് ദൃഢവും പൂര്‍ണവുമായ ആകര്‍ഷണവും നല്‍കുന്നു. മികച്ച ദൃശ്യത ഉറപ്പുവരുത്തുന്ന ഹെഡ്ലാമ്പും ടെയില്‍ ലാമ്പുമാണ് ടിവിഎസ് റൈഡര്‍ ഡിസൈനിലെ ആകര്‍ഷക ഘടകം. യുവത്വം നിറയുന്ന നിറഭേദം അതിന്‍റെ സ്പോര്‍ട്ടി, എനര്‍ജെറ്റിക് രൂപകല്‍പനക്ക് അഭേദ്യമായ കാഴ്ചയാവും.
നൂതനമായ 124.8 സിസി-എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3-വാള്‍വ് എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ പരമാവധി 8.37 പി.എസ് കരുത്തും, 6,000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നല്‍കും. 5.9 സെക്കന്‍ഡില്‍ 0-60 കിലോ മീറ്ററിലെത്തും, മണിക്കൂറില്‍ 99 കി.മീ ഉയര്‍ന്ന സ്പീഡ് നല്‍കുന്ന മികച്ച ആക്സിലറേഷനാണ് ടിവിഎസ് റൈഡറിന്. 5 ഘട്ടങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്ക് സസ്പെന്‍ഷന്‍, ലോ ഫ്രിക്ഷന്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, സ്പ്ലിറ്റ് സീറ്റ്, 5 സ്പീഡ് ഗിയര്‍ബോക്സ്, 17 അലോയ് ചങ്കി വൈഡ് ടയറുകള്‍ എന്നിവ റൈഡിങ് അനുഭവം കൂടുതല്‍ സുഖകരവും എളുപ്പമുള്ളതുമാക്കും.
വായിക്കാന്‍ എളുപ്പമുള്ള, കൃത്യമായ വിശദാംശങ്ങള്‍ അടങ്ങുന്ന നൂതന ഹൈടെക് ഗാഡ്ജറ്റാണ് റൈഡ് മോഡുകളോടു കൂടിയ റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വോയ്സ് അസിസ്റ്റും വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാര്‍ട്ട്കണക്ട് വേരിയന്‍റിനൊപ്പം ഓപ്ഷണല്‍ 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്ററുമായാണ് ടിവിഎസ് റൈഡര്‍ വരുന്നത്. വിട്ടുവീഴ്ചയില്ലാത്ത പ്രകടനത്തിനായി സ്വിച്ച്ക്ലസ്റ്റര്‍, ഫൂട്ട്പെഗ്സ്, മെക്കാനിക്കല്‍ ഡീറ്റേല്‍സ് എന്നിവ യോജിച്ച രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
മികച്ച മൈലേജ്, മികച്ച സ്റ്റാര്‍ട്ടിങ് തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ടിവിഎസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ഇടിഎഫ്ഐ) സാങ്കേതികവിദ്യ. അതേസമയം, ട്രാഫിക് സിഗ്നലുകളിലുള്‍പ്പെടെ തല്‍ക്കാലത്തേക്ക് വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും റൈഡിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടിവിഎസ് ഇന്‍റലിഗോ സഹായകരമാവും. ഈ വിഭാഗത്തിലെ ആദ്യ സീറ്റ് സ്റ്റോറേജാണ് ടിവിഎസ് റൈഡറിന്‍റെ മറ്റൊരു സവിശേഷത. എഞ്ചിന്‍ ഇന്‍ഹിബിറ്ററുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഹെല്‍മെറ്റ് റിമൈന്‍ഡര്‍, ഓപ്ഷണല്‍ യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളും ടിവിഎസ് റൈഡറിനുണ്ട്.
ലോകത്തെ ഏതാണ്ട് എല്ലാ വന്‍കരകളിലുള്ള ഉപഭോക്താക്കള്‍ക്കും ടിവിഎസ് സേവനം ലഭ്യമാക്കുന്നുണ്ടെന്നും, ടിവിഎസ് റൈഡറിനൊപ്പം ഞങ്ങളുടെ വാഹനനിരയിലേക്ക് ഒരു പുതിയ ആഗോള മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം ചേര്‍ക്കുന്നതില്‍ സന്തുഷ്ടരാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള തങ്ങളുടെ ജെന്‍ ഇസഡ് ഉപഭോക്താക്കള്‍ക്ക് ടിവിഎസ് റൈഡര്‍ ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിവിഎസ് മോട്ടോര്‍ കമ്പനി വളരെക്കാലമായി യുവഉപഭോക്താക്കളെ ഒരു പ്രധാന ഉപഭോക്തൃ കൂട്ടായ്മയായി അംഗീകരിച്ചിട്ടുണ്ടെന്നും, ടിവിഎസ് ഐക്യൂബ്, ടിവിഎസ് അപ്പാച്ചെ സീരീസ്, ടിവിഎസ് എന്‍ടോര്‍ക്ക് 125 തുടങ്ങിയവ ഇസഡ് ജനറേഷന്‍റെ തങ്ങളില്‍ നിന്നുളള പ്രിയ ബ്രാാന്‍ഡുകളാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി-കമ്മ്യൂട്ടേഴ്സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍, വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. സ്പഷ്ടമായ സ്ട്രീറ്റ് സ്റ്റൈലിങ്, റൈഡ് മോഡുകളോടുകൂടിയ ബെസ്റ്റ്-ഇന്‍-ക്ലാസ് ആക്സിലറേഷന്‍, മോണോഷോക്ക് അടിസ്ഥാനമാക്കിയുള്ള റൈഡ്ഹാന്‍ഡ്ലിങ് തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ടിവിഎസ് റൈഡറിലൂടെ വീണ്ടും തങ്ങള്‍ ഉപഭോക്താക്കളുടെ ഭാവസങ്കല്‍പ്പങ്ങളെ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രയിക്കിങ് റെഡ്, ബ്ലെയിസിങ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫെയറി യെല്ലോ എന്നീ നിറഭേദങ്ങളിലെത്തുന്ന ടിവിഎസ് റൈഡറിനിന്‍റെ ഡ്രം, ഡിസ്ക് വേരിയന്‍റുകള്‍ 77,500 വിലയില്‍ ആരംഭിക്കുന്നു (ഡല്‍ഹി എക്സ്ഷോറൂം വില).