ഇന്ന് സാധാരണ ജീവിതത്തിന്റെ അഭിവാജ്യഘടകമാണ് സ്മാർട്ഫോണുകൾ. എന്ത് ജോലി ചെയ്യുന്നതിനും സ്മാർട്ഫോൺ കൂടിയേ തീരൂ… ആശയവിനിമയത്തിന് മാത്രമല്ല, വിനോദത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം ഫോൺ ഉപയോഗപ്രദമാണ്.
ഇങ്ങനെ എല്ലാ കാര്യങ്ങളും ഫോണിനെ ഏൽപ്പിച്ചാൽ ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകില്ലേ? അതെ, നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും മ്യൂസിക്കും ഫയലുകളും കോണ്ടാക്റ്റുകളും വെബ് സെർച്ചിങ്ങുമെല്ലാം ഫോണിന്റെ സ്റ്റോറേജിനെ കാലിയാക്കിയേക്കാം. ഇങ്ങനെ ഫോൺ സ്റ്റോറേജ് ഫുൾ ആകുമ്പോൾ പുതിയ ചിത്രങ്ങളൊന്നും സേവ് ചെയ്യാൻ സാധിച്ചെന്ന് വരില്ല.
എന്നാൽ വളരെ ഫലപ്രദമായി നിങ്ങൾക്ക് ഫോൺ സ്റ്റോറേജ് ഫുൾ ആകുന്ന പ്രശ്നം ഒഴിവാക്കാം. നിങ്ങളുടെ ആവശ്യത്തിനുള്ള സ്റ്റോറേജ് എങ്ങനെ ഫോണിൽ ഉണ്ടാക്കാമെന്ന് ചുവടെ വിവരിക്കുന്നു.
ഡിലീറ്റ് ചെയ്യാതിരിക്കാൻ SD കാർഡ് ഉപയോഗിക്കാം ഫോണിലെ ഏതാനും അനാവശ്യ ഫയലുകൾ നീക്കം ചെയ്തുകൊണ്ട് ഫോൺ സ്റ്റോറേജ് ഫ്രീയാക്കാം. എന്നാൽ ഇതിന് ആഗ്രഹിക്കാത്തവരോട് ആദ്യമേ പറയട്ടെ, ആൻഡ്രോയിഡ് ഫോണുകൾ മിക്കവയും മൈക്രോ എസ്ഡി കാർഡുകളെ പിന്തുണയ്ക്കുന്നു. അതിനാൽ ഒന്നും ഡിലീറ്റ് ചെയ്യാതെ സ്റ്റോറേജ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഒരു SD കാർഡിലേക്ക് ഫയലുകൾ ട്രാൻസ്ഫർ ചെയ്യുന്നത് മികച്ച മാർഗമാണ്. ഇതിന് പുറമെ ഫോണിനുള്ളിൽ തന്നെ എന്തെല്ലാം ബദൽമാർഗങ്ങൾ സ്വീകരിക്കാമെന്നത് മനസിലാക്കൂ…
ആൻഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷനുകൾ പലപ്പോഴും അവയുടെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി താൽക്കാലികമായി ഫയലുകളും കാഷെ ഡാറ്റയും ക്രിയേറ്റ് ചെയ്യാറുണ്ട്. ഇത് പിന്നീട് ഫയലുകളിലേക്ക് സ്റ്റോർ ചെയ്യപ്പെടുകയും ഫോണിന്റെ സ്റ്റോറേജ് കൈവശമാക്കുകയും ചെയ്യുന്നു. എന്നാൽ ഇവ ക്ലിയർ ചെയ്യുന്നത് ഫോൺ സ്റ്റോറേജ് കൂടുതൽ ലാഭിക്കുന്നതിന് സഹായിക്കും. ഇതിനായി ഫോണിന്റെ സെറ്റിങ്സിൽ നിന്നും വ്യക്തിഗത ആപ്പുകളുടെ കാഷെയും താൽക്കാലിക ഫയലുകളും മായ്‌ക്കാനുള്ള ഓപ്ഷൻ കണ്ടെത്തുക. ഇങ്ങനെ ചെയ്യുന്നതിന് കൂടുതൽ സ്റ്റോറേജ് നൽകുമെന്ന് മാത്രമല്ല, വേഗത്തിൽ ഫോൺ പ്രവർത്തിക്കാനും സഹായിക്കും.
സ്റ്റോറേജ് സ്‌പെയ്‌സ് വീണ്ടെടുക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗം ഫോണിലെ ഉപയോഗിക്കാത്ത ആപ്പുകളെ തിരിച്ചറിയുക എന്നതാണ്. മാസങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ അൺ- ഇൻസ്റ്റാൾ ചെയ്യുക.
നിങ്ങളുടെ ഫോണിലെ ഗാലറിയിലുള്ള ഫോട്ടോ, വീഡിയോ, ഡൗൺലോഡ് ഫോൾഡറുകൾ എന്നിവയിൽ ഡ്യൂപ്ലിക്കേറ്റുകൾ ഉണ്ടെങ്കിൽ ആ ഫയലുകൾ കണ്ടുപിടിച്ച് നീക്കം ചെയ്യുക.
Google ഡ്രൈവ്, iCloud, Dropbox, OneDrive എന്നിവ പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിൽ നിങ്ങളുടെ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ സ്റ്റോർ ചെയ്തുവയ്ക്കാം. ആവശ്യമായ, ഏത് രൂപത്തിലുള്ള ഫയലുകളും ഓൺലൈനിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യപ്രദമായ ഒരു മാർഗമാണിത്. ഇത് എവിടെ, എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാൻ സാധിക്കും എന്നൊരു ഗുണവുമുണ്ട്.