വരിക്കാരുടെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്തുകൊണ്ട് പുതിയ തട്ടിപ്പ് പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി TRAI. ട്രായ് പ്രതിനിധികളെന്ന വ്യാജേന, Scam Call വഴി തട്ടിപ്പുകൾ നടത്തുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ട്രായ് അറിയിച്ചു. തങ്ങളുടെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണുകളിലേക്ക് വിളിച്ച്, അശ്ലീല സന്ദേശങ്ങൾ അയച്ചതിന് നിങ്ങളുടെ മൊബൈൽ നമ്പർ വിച്ഛേദിക്കപ്പെടുമെന്ന് തട്ടിപ്പുകാർ പറയുന്നു.
സിം വിച്ഛേദിക്കപ്പെടാതിരിക്കാൻ Fraud Call വിളിക്കുന്ന ആളുകൾ മുന്നിൽ വയ്ക്കുന്ന ഉപായത്തിലാണ് ഇവർ തട്ടിപ്പിനുള്ള കെണി ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ഈ പുതിയ തട്ടിപ്പിനെ കുറിച്ച് കൂടുതലറിയാം.
ഫോണുകളിലേക്ക് വിളിച്ച് തങ്ങൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികളാണെന്ന് ഇവർ അറിയിക്കുന്നു. അശ്ലീല സന്ദേശങ്ങൾ അയക്കുന്നതിന് നിങ്ങൾ ഈ ഫോൺ നമ്പർ ഉപയോഗിച്ചുവെന്നും, അതിനാൽ നിങ്ങളുടെ മൊബൈൽ നമ്പറുകൾ വിച്ഛേദിക്കപ്പെടുമെന്നും തെറ്റായ അറിയിപ്പ് ഇവർ വരിക്കാരന് നൽകുന്നു.
തെറ്റായ മെസേജുകൾ അയച്ചെന്ന് മാത്രമല്ല, മറ്റാരുടെയോ Aadhaar Card ഉപയോഗിച്ചുകൊണ്ടാണ് സിം കണക്ഷൻ എടുത്തിരിക്കുന്നതെന്നും, ഇവ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും തങ്ങൾ കണ്ടെത്തിയതായും സ്കാം നടത്തുന്നവർ അവകാശപ്പെടുന്നു. അതിനാൽ സിം ഉടനെ ബ്ലോക്ക് ചെയ്യുമെന്നും, ഇത് ഒഴിവാക്കാൻ സ്‌കൈപ്പ് വീഡിയോ കോളുകളിൽ ജോയിൻ ചെയ്യണമെന്നും തട്ടിപ്പുകാർ വരിക്കാരോട് പറയുന്നു.
ഈ കോളുകൾ ട്രായിയുടെ പ്രതിനിധികളിൽ നിന്ന് വരുന്നതല്ലെന്ന് ടെലികോം അതോറിറ്റി സ്ഥിരീകരിച്ചു. സ്കാം കോളുകളാണ് ഇവയെന്നും, മൊബൈൽ നമ്പർ വിച്ഛേദിക്കുന്നതിന് വരിക്കാരുമായി ബന്ധപ്പെടാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും ട്രായ് വ്യക്തമാക്കി. അതിനാൽ ഇത്തരത്തിൽ എന്തെങ്കിലും കോളുകളോ SMS വന്നാൽ അവയോട് പ്രതികരിക്കരുതെന്നാണ് അധികൃതർ നൽകുന്ന നിർദേശം.
Also Read: Vivo Y27s launch: ബജറ്റ് ലിസ്റ്റിൽ ഇതാ 5,000mAh ബാറ്ററിയുള്ള Vivo ഫോൺ വരുന്നൂ…
തട്ടിപ്പുകാർ അയക്കുന്ന ഈ സ്കൈപ്പ് കോളിലാണ് കെണി ഒരുക്കിയിരിക്കുന്നത്. ഇതിൽ ജോയിൻ ചെയ്യുമ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക ഡാറ്റയും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അതായത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ അല്ലെങ്കിൽ പാസ്‌വേഡുകൾ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇതിലൂടെ സ്കാമർമാർക്ക് എക്‌സ്‌ട്രാക്റ്റു ചെയ്യാൻ സാധിച്ചേക്കും. നിങ്ങളുടെ അക്കൗണ്ട് കാലിയാക്കാൻ ഇത് തന്നെ ധാരാളം.
cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി നിങ്ങൾക്ക് സൈബർ തട്ടിപ്പുകൾക്ക് എതിരെ രജിസ്റ്റർ ചെയ്യാം. നിങ്ങൾ ഏതെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ലേക്ക് വിളിച്ചും പരാതി അറിയിക്കാവുന്നതാണ്.
Read More: BSNL Swedeshi 4G: വെറും വാക്കല്ല, BSNL കൊണ്ടുവരുന്നത് സ്വദേശി 4G! അതും ഉടൻ
ഇതിന് പുറമെ, കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനിമുതൽ സൈബർ കേസുകളും റിപ്പോർട്ട് ചെയ്യാമെന്ന് അടുത്തിടെ ഡിജിപി അറിയിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമ പരിരക്ഷ നേടുന്നതിന് ഇത് പൊതുജനങ്ങൾക്ക് കൂടുതൽ സഹായമാകും.