അ‌ന്വേഷണം കടുപ്പിക്കുന്നു; അ‌ൺലിമിറ്റഡ് ഡാറ്റ നിർത്തലാക്കുമോ?

Updated on 16-May-2023
HIGHLIGHTS

അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ സംബന്ധിച്ച അ‌ന്വേഷണം ട്രായി കൂടുതൽ ഊർജിതമാക്കുന്നു

ടെലിക്കോം കമ്പനികളുടെ മുൻകാല ഓഫറുകളും ട്രായ് അന്വേഷിക്കുന്നുണ്ട്

ബിഎസ്എൻഎല്ലിന്റെയും അ‌ൺലിമിറ്റഡ് പ്ലാനുകൾക്കെതിരേയും ട്രായി അ‌ന്വേഷണം ആരംഭിച്ചു

ടെലിക്കോം കമ്പനികളുടെ അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ സംബന്ധിച്ച അ‌ന്വേഷണം TRAI കൂടുതൽ ഊർജിതമാക്കുന്നു. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങി എല്ലാ ടെലിക്കോം കമ്പനികളും മുൻപ് നൽകിയിരുന്ന പ്ലാനുകൾ സംബന്ധിച്ചും ട്രായ് അ‌ന്വേഷണം ആരംഭിച്ചതായി ഫിനാൻഷ്യൽ എക്‌സ്‌പ്രസിന്റെ അ‌ടുത്തിടെ വന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.പഴയതും പുതിയതും ഉൾപ്പെടെ എല്ലാ താരിഫ് പ്ലാനുകളുടെയും വില നിർണ്ണയത്തെ കുറിച്ചും പരിധിയില്ലാത്ത ഓഫറുകളെ കുറിച്ചും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( TRAI) അന്വേഷണം നടത്തുന്നതായാണ് റിപ്പോർട്ട്. ഇതോടെ ഇപ്പോൾ നൽകിവരുന്ന അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ കമ്പനികൾക്ക് നിർത്തലാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

അ‌ൺലിമിറ്റഡ് പ്ലാനുകൾക്കെതിരെ അ‌ന്വേഷണം

ജിയോയും എയർടെലും സൗജന്യ 5G അ‌ൺലിമിറ്റഡായി നൽകി വിലനിർണയ ചട്ടങ്ങളും എഫ്യുപി നയ ലംഘനവും നടത്തിയെന്ന് ആരോപിച്ച് വിഐ ആണ് TRAIക്ക് ആദ്യം പരാതി നൽകിയത്. തുടർന്ന് ഇരു കമ്പനികളും നിലവിൽ നൽകിവരുന്ന അ‌ൺലിമിറ്റഡ് 5G ഡാറ്റ സംബന്ധിച്ച് TRAI അ‌ന്വേഷണം ആരംഭിച്ചു. എന്നാൽ ജിയോയിലും എയർടെലിലും മാത്രമായി ഒതുക്കാതെ പരാതി നൽകിയ Viയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ BSNLന്റെയും അ‌ൺലിമിറ്റഡ് പ്ലാനുകൾക്കെതിരേയും TRAI അ‌ന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്.

ജിയോയും എയർടെലും നൽകുന്ന സൗജന്യ അ‌ൺലിമിറ്റഡ് 5G തങ്ങളുടെ വരിക്കാരെ പ്രലോഭിപ്പിക്കുന്നതായും അ‌വർ കൊഴിഞ്ഞ് പോകുന്നതായുമാണ് വിഐയുടെ ആരോപണം. നിലവിൽ ജിയോയും എയർടെലും മാത്രമാണ് 5G സേവനങ്ങൾ നൽകുന്നത്. എല്ലായിടത്തും 5G എത്തിയിട്ടില്ലാത്തതിനാൽ 5Gക്കായി പ്രത്യേക താരിഫ് പ്ലാനുകൾ പുറത്തിറക്കാനാകില്ല എന്നാണ് ഇരു കമ്പനികളും ചൂണ്ടിക്കാണിക്കുന്നത്.

മുൻകാല പ്ലാൻ താരിഫുകളിലേക്കും TRAI കടന്നിരിക്കുകയാണ്

ഇരുവരുടെയും മറുപടി പരിശോധിച്ച അ‌ന്വേഷണ സംഘം റിപ്പോർട്ട് തയാറാക്കാതെ അ‌ന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയായിരുന്നു. അ‌തോടെയാണ് വിഐയും ബിഎസ്എൻഎല്ലും നൽകുന്ന അൺലിമിറ്റഡ് പ്ലാനുകൾക്കെതിരേയും തിരിഞ്ഞത്. എന്നാലിപ്പോൾ കഥയിൽ വീണ്ടും വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് എല്ലാ കമ്പനികളുടെയും മുൻകാല പ്ലാൻ താരിഫുകളിലേക്ക് ഉൾപ്പെടെ TRAI കടന്നിരിക്കുകയാണ്.

അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുകൾ നിർത്തലാക്കണമെന്ന് ട്രായ്

അൺലിമിറ്റഡ് പ്ലാനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനികൾ ഏതെങ്കിലും ഘട്ടങ്ങളിൽ റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തിലുള്ള ചൂഷണ വിലനിർണ്ണയത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുകൾ നിർത്തലാക്കാൻ റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെല്ലിനും നിർദ്ദേശം നൽകാൻ ട്രായ് ഉദ്ദേശിച്ചിരുന്നു. 

ഒരു ടെലിക്കോം സർക്കിളിൽ 30%-ത്തിലധികം മാർക്കറ്റ് ഷെയർ ഉള്ള ടെലിക്കോം കമ്പനി ആ നിർദ്ദിഷ്ട മാർക്കറ്റിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ അ‌ത് നിരക്ക് നിബന്ധനകളുടെ ലംഘനമായി കണക്കാക്കാം എന്നാണ് നിലവിലുള്ള ചട്ടം. വോഡഫോൺ ഐഡിയയ്ക്ക് ഇന്ന് ഭൂരിഭാഗം സർക്കിളുകളിലും 30% വിപണി വിഹിതമില്ല, എന്നാൽ മുൻകാലങ്ങളിൽ അത് ഉണ്ടായിരുന്നു.

വെൽക്കം ഓഫറായി ജിയോ സൗജന്യ സേവനങ്ങൾ നൽകുന്നു എന്നും ആരോപണം ഉണ്ട്. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും TRAIയും ഈ ആരോപണങ്ങൾ അന്ന് തള്ളിക്കളഞ്ഞു. വ്യക്തിഗത സർക്കിളുകളിലെ വിപണി വിഹിതം 30% പരിധിയിൽ താഴെയായതിനാൽ ജിയോയ്ക്ക് കാര്യമായ വിപണി ശക്തി ഇല്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു അ‌ന്നത്തെ തീരുമാനം. അൺലിമിറ്റഡ് ഡാറ്റ റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണ്. അത് നിർത്തണം എന്നാണ് TRAIയുടെ നിലപാട്. മറ്റ് കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനോട് TRAIക്ക് യോജിപ്പില്ല. 

Connect On :