രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വരുന്ന പ്രമോഷണൽ കോളുകളും എസ്എംഎസുകളും നിങ്ങളെ നന്നായി ബുദ്ധിമുട്ടിക്കാറില്ലേ? എന്തെങ്കിലും അത്യാവശ്യ മീറ്റിങ്ങിലോ തിരക്കേറിയ പൊതുഇടങ്ങളിലോ അതുമല്ലെങ്കിൽ ക്ഷീണിച്ച് ഉറങ്ങുമ്പോഴോ ആയിരിക്കും ഇങ്ങനെ ശല്യപ്പെടുത്തുന്ന ടെലികോം കമ്പനികളുടെ (ടെലിമാർക്കറ്റിംഗ് കമ്പനികൾ) കോളുകൾ വരുന്നത്. എന്നാൽ ഇതിനൊരു അന്ത്യം കൊണ്ടുവരുന്നതിനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ TRAI പദ്ധതിയിടുന്നത്.
അതായത്, പ്രമോഷനായി ഉപയോക്താക്കളെ വിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് TRAIയുടെ നീക്കം. ഇതിനായി തെരഞ്ഞെടുത്ത 10 അക്ക മൊബൈൽ നമ്പറുകൾ നിർത്തലാക്കാൻ ട്രായ് തീരുമാനിച്ചു. TRAIയുടെ ഈ തീരുമാനം ടെലിമാർക്കറ്റിങ് കമ്പനികൾക്ക് വലിയ തിരിച്ചടിയാകുമെന്നത് തീർച്ചയാണ്.
ഉപയോക്താക്കൾക്ക് ലഭിക്കുന്ന അനാവശ്യ കോളുകളും സന്ദേശങ്ങളും തടയാൻ ട്രായ് കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ടെലികോം കമ്പനികൾ വിളിക്കുന്ന ഈ 10 അക്ക നമ്പറി(10 digit number)ൽ നിന്ന് ഇനിമുതൽ കോളുകൾ ലഭിച്ചാൽ, ഇത് ഒരു പ്രൊമോഷണൽ നമ്പറാണെന്ന് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. എന്നിരുന്നാലും, ചില കമ്പനികൾ നിയമങ്ങൾ അവഗണിച്ചുകൊണ്ട് പ്രൊമോഷണൽ കോളുകൾക്കും സന്ദേശങ്ങൾക്കുമായി പൊതുവായ 10 അക്ക മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്.
അതിനാൽ തന്നെ, ടെലിമാർക്കറ്റർമാർ (telemarketers) 10 അക്ക മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ട്രായ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി ടെലികോം റെഗുലേറ്ററി ബോഡി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
30 ദിവസത്തെ സമയപരിധിക്ക് ശേഷവും ഏതെങ്കിലും കമ്പനി 10 അക്ക സാധാരണ മൊബൈൽ നമ്പർ പ്രമോഷനായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടി സ്വീകരിക്കും. പ്രൊമോഷണൽ കോളുകൾക്കായി ഉപയോഗിക്കുന്ന രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ എല്ലാ ടെലികോം കമ്പനികൾക്കും ട്രായ് നോട്ടീസ് നൽകിയിട്ടുണ്ട്. എല്ലാ നിയമങ്ങളും പാലിക്കാൻ 30 ദിവസത്തെ സമയം TRAI നൽകിയിട്ടുണ്ട്. ഇതിന് ശേഷം ചട്ടം ലംഘിച്ചാൽ നടപടിയുണ്ടാകും. ട്രായിയുടെ ഏറ്റവും പുതിയ തീരുമാനം അക്ഷരാർഥത്തിൽ ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്.