എസി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ

എസി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ
HIGHLIGHTS

ബഡ്ജറ്റ്, വീട്ടിലെ സാഹചര്യങ്ങൾ എന്നിവയൊക്കെ നോക്കിയിട്ട് വേണം എസി വാങ്ങാൻ

ഓൺലൈനായോ ഓഫ്‌ലൈനായോ എയർ കണ്ടീഷണറുകൾ വാങ്ങിക്കാവുന്നതാണ്

എസി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത്‌ കാര്യങ്ങൾ താഴെ കൊടുക്കുന്നു

വേനൽക്കാലങ്ങൾ ആഘോഷമാക്കിയിരുന്ന കുട്ടിക്കാലം എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളും തെങ്ങിൻ പറമ്പുകളിലുമൊക്കെ നട്ടുച്ചയ്ക്ക് പോലും പന്ത് തട്ടിയിരുന്നതൊക്കെ ഇന്ന് ഓർമകളിൽ മാത്രമാണെന്ന് പറയാം. ഓരോ വർഷം കഴിയുന്തോറും കൂടി വരുന്ന വേനൽച്ചൂട് ഇതിനൊരു പ്രധാന കാരണമാണ്. വീടിനകത്ത് പോലും എസി(AC)യില്ലാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. വേനല് തുടങ്ങും മുമ്പ് തന്നെ എസിയൊരെണ്ണം വാങ്ങുന്നതാവും നല്ലതെന്ന് സാരം. നിങ്ങളുടെ ആവശ്യങ്ങൾ, ബഡ്ജറ്റ്, വീട്ടിലെ സാഹചര്യങ്ങൾ എന്നിവയൊക്കെ നോക്കിയിട്ട് വേണം എസി വാങ്ങാൻ. ഓൺലൈനായോ ഓഫ്‌ലൈനായോ എയർ കണ്ടീഷണറുകൾ(AC) വാങ്ങാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ടതും ഉറപ്പ് വരുത്തോണ്ടതുമായ എതാനും കാര്യങ്ങൾ താഴെ കൊടുക്കുന്നു 

1. ബജറ്റ് തീരുമാനം 

എസി(AC)യല്ല ഏത് ഉപകരണം വാങ്ങിയാലും ശ്രദ്ധ നൽകേണ്ട ആദ്യ കാര്യമാണ് ബജറ്റ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും ചുവടെ പറയുന്ന മറ്റ് കാര്യങ്ങളും പരിഗണിച്ച് വേണം ബജറ്റ് നിശ്ചയിക്കാൻ. ഒരു എയർ കണ്ടീഷണറിനായി പരമാവധി എത്ര രൂപ മുടക്കാമെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ AC സെലക്ഷൻ കുറച്ച് കൂടി എളുപ്പമായി മാറും. നിങ്ങൾക്ക് ഏതൊക്കെ ഫീച്ചറുകൾ ലഭ്യമാകും ഏതൊക്കെ ഫീച്ചറുകൾ വേണ്ടെന്ന് വയ്ക്കാം തുടങ്ങിയ കാര്യങ്ങളിൽ മികച്ച തീരുമാനമെടുക്കാൻ സാധിക്കും. 

2. മുറിയുടെ വലിപ്പം

നിങ്ങൾ AC വയ്ക്കാനുദ്ദേശിക്കുന്ന മുറിയുടെ വലിപ്പം പ്രധാനപ്പെട്ട ഘടകമാണ്. എസി കപ്പാസിറ്റി മുറിയുടെ വലിപ്പത്തിന് ആനുപാതികമായിരിക്കണം. അതിന് അനുസരിച്ച് വേണം എസി കപ്പാസിറ്റി സെലക്റ്റ് ചെയ്യാൻ. 100 മുതൽ 120 സ്ക്വയ‍ർ ഫീറ്റ് വലിപ്പമുള്ള ഒരു ചെറിയ മുറിയാണെങ്കിൽ ഒരു ടൺ കപ്പാസിറ്റിയുള്ള AC മതിയാകും. മുറിയുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് AC  കപ്പാസിറ്റിയും കൂടണം.

3. AC കപ്പാസിറ്റിയും താമസിക്കുന്ന ഫ്ലോറും 

ബിൽഡിങ്ങിൽ ഏത് ഫ്ലോറിലാണ് നിങ്ങൾ താമസിക്കുന്നത് എന്നതും AC കപ്പാസിറ്റിയുടെ കാര്യത്തിൽ നിർണായകമാണ്. ഏറ്റവും മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെങ്കിൽ അവിടെ സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുതലായിരിക്കുമെന്ന് മനസിലാക്കുക. അത് കൊണ്ട് തന്നെ റൂം തണുപ്പിക്കാൻ കൂടുതൽ ശേഷിയുള്ള എയർ കണ്ടീഷണർ ആവശ്യമായി വരും. കൂളങ് എഫക്റ്റീവാകാൻ റൂം അനുപാതത്തിൽ മതിയാകുന്നതിലും 0.5 ടണ്ണെങ്കിലും കൂടുതൽ ശേഷിയുള്ള AC സെലക്റ്റ് ചെയ്യുക. 

4. വീട്ടിലെ അംഗങ്ങളുടെ എണ്ണം

റൂം ഫലപ്രദമായി തണുപ്പിക്കുന്നതിൽ എസി കപ്പാസിറ്റിക്കാണ് കൂടുതൽ പ്രാധാന്യമെന്ന് ഇപ്പോൾ തന്നെ മനസിലായല്ലോ. AC  കപ്പാസിറ്റിയിൽ തീരുമാനം എടുക്കുമ്പോൾ ശ്രദ്ധ നൽകേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് നമ്മുടെ വീട്ടിലെ അല്ലെങ്കിൽ എസി വയ്ക്കുന്ന മുറിയിൽ സമയം ചിലവഴിക്കുന്ന ആളുകളുടെ എണ്ണമാണ്. കൂടുതൽ ആളുണ്ടെങ്കിൽ ചൂട് കൂടുമെന്നും അതിനാൽ ശേഷി കൂടിയ AC യൂണിറ്റ് ആവശ്യമാണെന്നും മനസിലാക്കുക

5. സ്പ്ലിറ്റ് എസി വേണോ വിൻഡോ എസി വേണോ 

നിങ്ങളുടെ ആവശ്യവും മുറിയിലെ സാഹചര്യവും നോക്കി തീരുമാനിക്കാം. സ്പ്ലിറ്റ് എസിയും വിൻഡോ എസിയും ഒരുപോലെ ഫലപ്രദമാണെന്ന് പറയാം. വിൻഡോ എസികൾ സ്പ്ലിറ്റ് എസികളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ വാങ്ങാൻ കിട്ടും. എന്നാൽ വില കുറയുന്നതിന് അനുസരിച്ച് ഫീച്ചറുകളും സ്പെക്സുകളും കുറയുന്നു. സ്പ്ലിറ്റ് എസികൾ കൂടുതൽ ചെലവേറിയതാണെങ്കിലും സ്ലീപ്പ് മോഡ്, ടർബോ തുടങ്ങിയ എണ്ണം പറഞ്ഞ ഫീച്ചറുകളുമായി വരുന്നു. വിൻഡോ എസികൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലവും ആവശ്യമാണ്. 

6. കോപ്പർ കോയിൽ എസി

എസികളിൽ ഉപയോഗിച്ചിരിക്കുന്ന കോയിലുകൾക്കും പരിഗണന നൽകണം. കോപ്പർ കോയിൽ, അല്ലെങ്കിൽ അലുമിനിയം കോയിൽ എന്നതാണ് ഇവിടെ ലഭ്യമായ ചോയ്സുകൾ. ഇക്കൂട്ടത്തിൽ കൂടുതൽ നല്ലത് കോപ്പർ കോയിൽ എസികളാണെന്ന് പറയാം. അലൂമിനിയം കോയിൽ ഉപയോഗിക്കുന്ന എസികളെ അപേക്ഷിച്ച് കോപ്പർ കോയിൽ എസികൾ കൂടുതൽ കാര്യക്ഷമത പുലർത്തുന്നു. മെയിന്റനൻസ് എളുപ്പമാണെന്നതും കൂടുതൽ ഈടുനിൽക്കുമെന്നതും കോപ്പർ കോയിൽ എസികളുടെ സവിശേഷതയാണ്. 

7. സ്റ്റാറുകൾ 

എസികൾ ഇന്ന് വിവിധ പ്രൈസ് റേഞ്ചുകളിൽ ലഭ്യമാണ്. എന്നാൽ ഏറ്റവും വില കുറഞ്ഞ എസികളുടെ പിന്നാലെ പോകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ദോഷം ചെയ്യും. പ്രത്യേകിച്ചും എനർജി റേറ്റിങ് സ്റ്റാറുകൾ കുറഞ്ഞവ. അതിനാൽ അത്യവശ്യം ബജറ്റ് ഫ്രണ്ട്ലിയായ 4 സ്റ്റാ‍‍‍ർ, 5 സ്റ്റാ‍ർ റേറ്റഡ് എസികൾ സെലക്റ്റ് ചെയ്യുക. ഏറ്റവും കുറഞ്ഞത് 3 സ്റ്റാ‍ർ എസിയെങ്കിലും വാങ്ങാൻ ശ്രദ്ധിക്കുക. 

8. ഇൻവർട്ടർ എസികൾ

വൈദ്യുതി ഉപയോഗം എസികൾ ഉപയോഗിക്കുമ്പോൾ എപ്പോഴുമുള്ള തലവേദനകളിൽ ഒന്നാണ്. ഇൻവർട്ടർ എസികൾ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നുവെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. അതിനാൽ തന്നെ ഇൻവർട്ടർ ഇല്ലാത്ത എസി വാങ്ങുന്നത് മണ്ടത്തരമാണെന്ന് പറയാം. പ്രത്യേകിച്ചും വൈദ്യുതി ഉപയോഗം ആകാശം മുട്ടുന്ന വേനൽക്കാലത്ത്. ഇൻവർട്ടർ എസികൾ കൂടുതൽ ഫലപ്രദമാണെന്നതും അവ വാങ്ങുന്നതിനെ ന്യായീകരിക്കുന്നുണ്ട്. 

9. സ്‌മാർട്ട് ഫീച്ചറുകൾ 

വൈഫൈ സപ്പോ‍‍ർട്ട് ലഭിക്കുന്ന എസികൾ വരെ ഇന്ന് നമ്മുക്ക് വാങ്ങാൻ കഴിയും. എന്നാൽ ഇതും എസികളുടെ വില കൂ‌ടുന്നതിന് കാരണമാകും. ടൈറ്റ് ബജറ്റുള്ളവ‍‍ർ ഈ ഫീച്ചറുകളൊന്നും ഇല്ലാത്ത എയ‍ർ കണ്ടീഷണറുകൾ വാങ്ങുന്നതാണ് നല്ലത്. ഐആ‍ർ സെൻസറുകളും സ്മാർട്ട് പ്ലഗുകളും ഉപയോഗിച്ച് നിങ്ങൾക്ക് ഏത് എസിയും സ്മാർട്ട് എസി ആക്കാമെന്നതും മറക്കരുത്. ബിൽറ്റ് ഇൻ ഹീറ്ററും എയർ പ്യൂരിഫയറും പോലുള്ള അധിക ഫീച്ചറുകൾ വേണ്ടെന്ന് വയ്ക്കുന്നതും നല്ലതാണ്.

10. കാലാവസ്ഥ 

എസി പ്രവർത്തിക്കുന്ന അതെ മികവിൽ കൂളർ ഉപയോഗിച്ച് മുറി തണുപ്പിക്കാൻ ആവില്ല. പ്രത്യേകിച്ച് ഏറെ ഈർപ്പമുള്ള കാലാസ്ഥയാണെങ്കിൽ. ഈർപ്പമുള്ള കാലാവസ്ഥയിൽ എയർ കൂളറിൽ നിന്നും മികച്ച തണുപ്പിക്കാൻ പ്രതീക്ഷിക്കരുത്. അതെ സമയം ഈർപ്പമുള്ള അവസ്ഥയ്ക്ക് തികച്ചും അനുകൂലമാണ് എസിയുടെ പ്രവർത്തന രീതി. മാത്രവുമല്ല ശൈത്യകാലത്ത് നിങ്ങൾക്ക് മുറികൾ ചൂടാക്കാൻ എസിയ്ക്ക് കഴിയും.

Nisana Nazeer
Digit.in
Logo
Digit.in
Logo