ഇനി ദളപതിയെ ഇങ്ങ് ഇന്‍സ്റ്റഗ്രാമിലും കിട്ടും! നിമിഷങ്ങൾക്കകം റെക്കോഡ്

Updated on 03-Apr-2023
HIGHLIGHTS

വിജയ് ഇന്‍സ്റ്റഗ്രാമിലും എത്തിയിരിക്കുന്നു

ഒരു മില്ല്യൺ ഫോളോവർമാരെയാണ് നിമിഷങ്ങൾക്കകം വിജയ് സ്വന്തമാക്കിയത്

ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് നല്ല രീതിയിൽ പ്രൊമോഷൻ ലഭിക്കാൻ ഇത് സഹായിക്കും

തമിഴ് സിനിമയില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ദളപതി വിജയ് (Thalapathy Vijay). സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക്(Vijay) അക്കൗണ്ടുകള്‍ ഉണ്ട്. ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്.

ഇപ്പോഴിതാ അദ്ദേഹം ഇന്‍സ്റ്റഗ്രാമി(Instagram)ലേക്കും ഒഫിഷ്യല്‍ അക്കൗണ്ടുമായി എത്തിയിരിക്കുകയാണ്. ഈ നീക്കം വരാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ(Leo)യുടെ പ്രൊമോഷന് വലിയ രീതിയില്‍ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ചയാണ് ആരാധകർക്ക് സർപ്രൈസായി താരം ഇൻസ്റ്റാ​ഗ്രാം (Instagram) അക്കൗണ്ട് തുടങ്ങിയത്. ഹലോ നൻപാസ് ആൻഡ് നൻപീസ് എന്നാണ് സൂപ്പർതാരത്തിന്റെ ആദ്യ ഇൻസ്റ്റാ​ഗ്രാം(Instagram) പോസ്റ്റ്.

ഒരു മില്ല്യൺ ഫോളോവർമാരുമായി വിജയ്

ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഒരു മില്ല്യൺ ഫോളോവർമാരെയാണ് വിജയ് (Vijay)  സ്വന്തമാക്കിയത്. പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതികരണവുമായി മലയാളികളടക്കമുള്ളവരെത്തി. പൊതുവേദിയിൽ സദസിനെ അഭിസംബോധന ചെയ്യുമ്പോൾ വിജയ് പറഞ്ഞുതുടങ്ങുന്ന 'എൻ നെഞ്ചിൽ കുടിയിരുക്കും' എന്ന വരിയാണ് കമന്റ് ബോക്സിൽ പലരും പ്രതികരണമായിട്ടത്.

ലിയോയുടെ അണിയറ വിശേഷങ്ങൾ

കോളിവുഡില്‍ നിലവില്‍ ഏറ്റവുമധികം ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് വിജയ്‍(Vijay)യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ(Leo). കരിയറിലെ ഏറ്റവും വലിയ വിജയമായ വാരിസിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍ക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പല ഘടങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്നത്. ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകര്‍ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുണ്ട്. 

ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Connect On :