സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളെ കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട് നമ്മളില്‍ പലര്‍ക്കും. ഇതേക്കുറിച്ച് കാര്യമായ ധാരണകളൊന്നുമില്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ കാത്തുകിടക്കേണ്ടിവരുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെസ് (Tesz) എന്ന സ്റ്റാര്‍ട്ട്അപ്പ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ടെസ് (Tesz).
ആലപ്പുഴ സ്വദേശിയായ തൗസിഫ് മുഹമ്മദാണ് ടെസ് (Tesz) എന്ന സംരംഭത്തിന് പിന്നില്‍. 2020-ല്‍ അവതരിപ്പിച്ച ഈ പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ പ്രതിമാസം അഞ്ച് ലക്ഷത്തിലധികം സന്ദര്‍ശകരുണ്ടെന്ന് കമ്പനി പറയുന്നു. 25,000-ല്‍ അധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതിനോടകം ടെസി (Tesz)ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമെയില്‍ ഐഡി ഉപയോഗിച്ച് ഏതൊരാള്‍ക്കും ടെസിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് തങ്ങളുടെ സംശയങ്ങള്‍ ചോദിക്കാം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പുകളിലെ തന്നെ ഉദ്യോഗസ്ഥരോ അല്ലെങ്കില്‍ അതാത് വിഷയത്തിലെ വിദഗ്ധരോ ആയിരിക്കും. കര്‍ണാടക സര്‍ക്കാരിന്റെ സകല മിഷന്‍, ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിനു കീഴിലുള്ള ഡിജിലോക്കര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില), കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ), ഇന്ത്യന്‍ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഉള്‍പ്പടെയുള്ളവര്‍ സജീവമായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന വകുപ്പുകളില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ പ്ലാറ്റ്ഫോമില്‍ ഏകദേശം 100 വിദഗ്ധരും ഉണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നാണ് ടെസി(Tesz)ന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം അതാത് വകുപ്പുകള്‍ക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടും എല്ലാ മാസവും നല്‍കി വരുന്നു. ഇത് വകുപ്പുകള്‍ എങ്ങനെ പൊതുജനങ്ങളുമായി സഹകരിക്കുന്നു എന്നത് കൃത്യമായി മനസിലാക്കാനും വിലയിരുത്താനും സാധിക്കും. എല്ലാ വര്‍ഷവും ആളുകളുടെ ചോദ്യങ്ങള്‍ക്ക് സ്ഥിരമായി ഉത്തരം നല്‍കുന്ന വകുപ്പുകള്‍ക്ക് ബെസ്റ്റ് സിറ്റിസണ്‍ കെയറിംഗ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അവാര്‍ഡുകളും ടെസ് (Tesz) നല്‍കി വരുന്നു.
ഇതിൽ പോസ്റ്റ് ചെയ്ത 80 മുതല്‍ 90 ശതമാനം വരെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ടെസി (Tesz)ന് കഴിഞ്ഞിട്ടുണ്ടെന്ന് തൗസിഫ് പറയുന്നു. ഏകദേശം 25 ശതമാനം ചോദ്യങ്ങള്‍ക്കും 2-3 ദിവസത്തിനുള്ളില്‍ ഉത്തരം ലഭിക്കും. ബാക്കിയുള്ളവയ്ക്ക് ഉത്തരം കണ്ടെത്താന്‍ ഒരാഴ്ച വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദഗ്ധരില്‍ കൂടുതല്‍ വിശദീകരണം തേടാനുള്ള അവസരവും ടെസി (Tesz)ലുണ്ട്. ഉത്തരങ്ങള്‍ക്ക് താഴെ അവര്‍ക്ക് ഒരു വാട്‌സാപ്പ് ചാറ്റ് ബട്ടണും ടെസ് (Tesz) നല്‍കുന്നു. അതിനാല്‍ വായനക്കാര്‍ക്ക് നേരിട്ട് അവരുമായി സംവദിക്കാനും വ്യക്തത വരുത്താനും സാധിക്കും.