യുഎസിനും കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കുമായി ഇലക്ട്രോണിക് ചാർജിങ്ങിൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ടെസ്‌ല (Tesla). ഇലക്ട്രിക് വാഹന വ്യവസായ മേഖലയിൽ മുതൽക്കൂട്ടാവുന്ന EC ചാർജിങ്ങിനുള്ള (നോർത്ത് അമേരിക്കൻ ചാർജിങ് സ്റ്റാൻഡേർഡ് (North American Charging Standard) ആണ് കമ്പനി പുറത്തിറക്കുന്നത്.
ടെസ്‌ലയുടെ സഹസ്ഥാപകനായ ഇലോൺ മസ്‌ക് (Elon Musk) ട്വിറ്ററിൽ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളിൽ കുരുങ്ങിയിരിക്കുകയാണെങ്കിലും, EC ചാർജിങ്ങിലെ പുതിയ സംരഭം മികച്ച പ്രതികരണം നേടിയേക്കുമെന്നാണ് സൂചന.
എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾക്കും മറ്റുമായി NACS അവതരിപ്പിക്കുന്നതെന്നും കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
സുസ്ഥിര ഊർജത്തിലേക്ക് ലോകത്തിന്റെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള തങ്ങളുടെ ദൗത്യം പിന്തുടരുന്നതായും, ഇതിന്റെ ഭാഗമായി EV കണക്റ്റർ തങ്ങൾ അവതരിപ്പിക്കുകയാണെന്നും കമ്പനി പറഞ്ഞു. അതിനാൽ നോർത്ത് അമേരിക്കൻ ചാർജിങ് സ്റ്റാൻഡേർഡ് (NACS) എന്ന് അറിയപ്പെടുന്ന ടെസ്‌ല ചാർജിങ് കണക്ടറും ചാർജ് പോർട്ടും വാഹനങ്ങളിലും ഉപകരണങ്ങളിലും സ്ഥാപിക്കാൻ ചാർജിങ് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരെയും വാഹന നിർമാതാക്കളെയും ക്ഷണിക്കുന്നതായും ടെസ്‌ല പ്രസ്താവനയിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി NACS ഡൗൺലോഡ് ചെയ്യുന്നതിന് ചാർജിങ് കണക്ടറിന്റെ ഡിസൈൻ ഫയലുകൾ കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച്, NACS ഘടിപ്പിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം CCS (കംബൈൻഡ് ചാർജിങ് സിസ്റ്റം)ൽ ഉള്ളതിനേക്കാൾ കൂടുതലാണെന്ന് ടെസ്‌ല അവകാശപ്പെടുന്നു. ഈ രണ്ട് ചാർജറുകളെയും താരതമ്യം ചെയ്യുന്ന ചിത്രങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചാർജറുകളുടെ നിലവിലെ പ്രവർത്തനരീതിയും, ഭാവിയിലെ കാര്യക്ഷമതയും താരതമ്യം ചെയ്തുള്ള വിശദീകരണവും പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിൽ പലതരം ചാർജിങ് കണക്ടറുകൾ ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഈ പുതിയ അപ്ഡേഷൻ സഹായിക്കും. മാത്രമല്ല, ഇന്ത്യ പോലുള്ള വിപണികളിലേക്ക് ടെസ്‌ല (Tesla) മാറുകയാണെങ്കിൽ അത് വാഹന നിർമാതാക്കൾക്കും മികച്ച മോഡലുകൾ അവതരിപ്പിക്കുന്നതിന് സഹായിക്കും. കാരണം, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ (Electric vehicles) ഉപയോഗം മുഖ്യമായി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണുള്ളത്.