ഈ അടുത്തിടെയായി അപരിചിതമായ വിദേശ നമ്പരുകളിൽ നിന്ന് ഫോൺ കോളുകൾ വരുന്നതായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഓൺലൈനായും വാട്സ്ആപ്പിലും നോർമൽ കോളുകളിലുമെല്ലാം ഇത്തരത്തിൽ കെണി പതിയിരിക്കുന്ന കോളുകൾ വരുന്നു. ആളുകളെ കബളിപ്പിച്ച് അവരുടെ അക്കൌണ്ടിൽ നിന്ന് പണം തട്ടാനുള്ള തന്ത്രമാണ് ഇതിൽ പതിയിരിക്കുന്നത്. ഒരു ഭാഗം ആളുകൾ ഇതിനകം കെണിയിൽ പെട്ടതായും റിപ്പോർട്ടുണ്ട്.
ഈ അവസരത്തിലാണ് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് മുന്നറിയിപ്പുമായി വന്നിരിക്കുന്നത്. നിങ്ങളെ കുടുക്കാവുന്ന ലിങ്കുകളിൽ നിന്നും ഫോൺ കോളുകളിൽ നിന്നും സുരക്ഷിതരായിരിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. അജ്ഞാത നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ വന്നാൽ എടുക്കരുതെന്നുംഅ അദ്ദേഹം പറഞ്ഞു.
സ്പാം കോളുകളും സൈബർ തട്ടിപ്പുകളും സംബന്ധിച്ചുള്ള മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. പരിചയമില്ലാത്ത ഫോൺ കോളുകളോട് പ്രതികരിക്കാതിരിക്കുക. എങ്കിലും എല്ലാ അജ്ഞാത കോളുകളും സ്‌കാം കോളുകളിൽ ഉൾപ്പെടുന്നതാകില്ല.
എങ്കിലും വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ടെലികോം മന്ത്രാലയം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വന്ന 'സഞ്ചാർ സാഥി' പോർട്ടലിനെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
സഞ്ചാർ സാഥി എന്ന പോർട്ടൽ SPAM കോളുകളും മറ്റ് സൈബർ തട്ടിപ്പുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഇതിലൂടെ 40 ലക്ഷത്തിലധികം വ്യാജ സിം കാർഡുകളും 41,000 അനധികൃത സെയിൽ ഏജന്റുമാരെയും കണ്ടുപിടിക്കുകയും ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി കേന്ദ്ര മന്ത്രി പറഞ്ഞു. AI അടിസ്ഥാനമാക്കിയാണ് ഈ പോർട്ടൽ പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താലും പരിഹാരം കണ്ടെത്താൻ Sanchar Saathi വെബ്സൈറ്റ് സഹായകമാകും.
സ്പാം കോളുകൾ അഥവാ UCC കോളുകളിൽ നിന്ന് രക്ഷപ്പെടുന്നതിന് നിരവധി വിശ്വസ്ത ഓപ്ഷനുകളുണ്ട്. UCC, സ്പാം കോളുകൾ ശ്രദ്ധയിൽപെട്ടാൽ അവ റിപ്പോർട്ട് ചെയ്യുന്നതിനായി TRAI DND ആപ്പ് ഉപയോഗിക്കാം. 1909 എന്ന നമ്പർ വഴിയും ഇതിന് പ്രശ്ന പരിഹാരം കണ്ടെത്താനാകും.