രാജ്യത്തെ ടെലികോം മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, നികുതിയിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തിനോട് അഭ്യർഥിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ.
റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നീ മുൻനിര ടെലികോം കമ്പനികളാണ് നികുതി 3 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചത്. ടെലികോം മേഖലയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനും, പ്രവർത്തനക്ഷമത നിലനിർത്തുന്നതിനും നികുതി ഇളവ് ആവശ്യമാണെന്ന് Telecom കമ്പനികൾ അവകാശപ്പെടുന്നു. അതിനാൽ തന്നെ ലൈസൻസ് ഫീസ് 3 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറയ്ക്കാൻ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഥവാ COAI സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് 5G അതിവേഗം കുതിക്കുകയാണ്. എന്നാൽ, വിപണിയിൽ 5G വികസനം പ്രാപിച്ച് പക്വത വരാതെ ഇതിൽ നിന്നും വരുമാനം ലഭിക്കില്ലെന്നാണ് COAIയുടെ ഡയറക്ടർ ജനറൽ എസ്പി കൊച്ചാർ പറയുന്നത്.
ഇന്ത്യയിലെ ടെലികോം കമ്പനി കടബാധ്യതയിലാണെന്നും, ലോകത്തിലെ ഏറ്റവും വേഗതയേറിയ network ആയ 5G സേവനം ഉറപ്പാക്കുന്നതിനായി വലിയ നിക്ഷേപങ്ങളും പരിശ്രമങ്ങളും ടെലികോം ഓപ്പറേറ്റർമാർ നടത്തുമ്പോൾ അതിന് അനുസരിച്ചുള്ള സാമ്പത്തിക ഇളവുകളും പ്രവർത്തനക്ഷമതയ്ക്ക് വേണ്ട പിന്തുണയും നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച ടെലികോം കമ്പനികളായ ജിയോയും എയർടെലും 500ലധികം പട്ടണങ്ങളിൽ തങ്ങളുടെ 5G വ്യാപിപ്പിച്ചു കഴിഞ്ഞു. എന്നാൽ, വിഐ ഇതുവരെയും തങ്ങളുടെ 5G പ്ലാനുകൾ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അധികം വൈകാതെ ഈ സേവനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അടുത്തിടെ കെ.എം ബിർള അറിയിച്ചു. ഇത്തവണത്തെ ബജറ്റിൽ തപാൽ, ടെലികോം മേഖലയിലെ പദ്ധതികൾക്കായി 1.23 ലക്ഷം കോടി രൂപയാണ് വകയിരുത്തിട്ടുള്ളത്. അതിനാൽ നികുതി ഇളവ് ഇതിൽ ഉൾപ്പെടുത്തുമോ എന്നതിൽ സൂചനകളൊന്നുമില്ല.