ടെക് കമ്പനികളിലെ കൂട്ടപിരിച്ചുവിടൽ; ആശങ്കയോടെ സാമ്പത്തികമേഖല

Updated on 17-Feb-2023
HIGHLIGHTS

പിരിച്ചുവിടലുകൾ വരും ദിവസങ്ങളിൽ കൂടുതൽ വര്‍ധിക്കും

91ഓളം കമ്പനികളിലെ ജീവനക്കാരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്

ടെക് ജീവനക്കാരെയാണ് പിരിച്ചുവിടൽ കൂടുതൽ ബാധിച്ചിരിക്കുന്നത്

ടെക് കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടാൻ ആരംഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കമ്പനികളെ രക്ഷിക്കാൻ തൊഴിലാളികളെ  പിരിച്ചുവിടുന്നത് (Employees layoff) പല കമ്പനികളും തുടരുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച്  പുതുവർഷത്തിൽ ജനുവരിയിലെ ആദ്യ 15 ദിവസങ്ങളിൽ 24,000 ത്തിലധികം ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 91 കമ്പനികളാണ് പിരിച്ചുവിടല്‍ തുടരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ  പിരിച്ചുവിടലുകൾ വരും ദിവസങ്ങളിൽ കൂടുതൽ വര്‍ദ്ധിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്‌. ഇതുവരെ  ആമസോൺ, സെയിൽസ്ഫോഴ്സ്, കോയിൻബേസ് തുടങ്ങിയ കമ്പനികളില്‍ നിന്നായി 24,151 ടെക് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.

ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യത്തില്‍ ഗൂഗിളും(Google) പിന്നിലല്ല. കഴിഞ്ഞ നവംബറില്‍ ഗൂഗിള്‍  51,489 സാങ്കേതിക  ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.  ഗൂഗിള്‍ ഈ നടപടി കൈകൊണ്ടാല്‍ 2023 ല്‍  11,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാം. ഗൂഗിൾ (Google) മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ കിട്ടി തുടങ്ങി. 

ആമസോണി(Amazon)ല്‍ ഏകദേശം 2,300 ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിടൽ നോട്ടീസ് കമ്പനി നൽകിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി. ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റും(Sharechat) 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ആഗോള തലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ ചെലവ് ചുരുക്കാനുള്ള ശ്രമമമാണ് ഇതെന്നാണ് സൂചന. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലമാണ് തങ്ങൾ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഷെയർചാറ്റ് ഉടമസ്ഥരായ മൊഹല്ല ടെക് പറഞ്ഞു. ഏകദേശം 2,200 പേർ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജ്‌മെന്റ് റോളുകളിലായിരുന്ന നൂറുകണക്കിന് ആളുകളെ പിരിച്ചുവിടുന്നതായാണ് റിപ്പോർട്ട്. 

സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി  പ്രധാന ടെക് ബിസിനസുകളിലൊന്നായ മെറ്റ(Meta)യുടെ സിഇഒയുടെ ആസ്തി പകുതിയായി കുറഞ്ഞു. അടുത്തിടെ മെറ്റാ 11,000 ജീവനക്കാരെ ഏകദേശം 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. കൂടാതെ, പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് മരവിപ്പിക്കുമെന്നും ചെലവുകൾ കുറയ്ക്കുമെന്നും മാർക്ക് സക്കർബർഗ് പറഞ്ഞു.

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററി(Twitter)ൽ 2023 വരെ നീണ്ടുനിൽക്കുന്ന പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റർ ഇതിനകം തന്നെ വലിയൊരു വിഭാ​ഗം തൊഴിലാളികളെ പിരിച്ചുവിട്ടു. മൈക്രോസോഫ്റ്റി(Microsoft)ലെ ആകെ തൊഴിലാളികളുടെ എണ്ണം കണക്കാക്കുമ്പോൾ ഏകദേശം 5% ആളുകൾക്കാണ് ജോലി നഷ്ടപ്പെടുക. ബ്ലൂംബർഗ്, റോയിട്ടേഴ്സ് റിപ്പോർട്ടുകൾ എൻജിനീയറിങ്, ഹ്യുമൻ റിസോഴ്സ് ഡിപ്പാർട്മെന്റുകളിലായിരിക്കും ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി നഷ്ടമാവുക എന്ന സൂചന നൽകുന്നു.

 

Connect On :