BSNL 4Gയ്ക്ക് പണി തുടങ്ങി; കരാറിന് കേന്ദ്രമന്ത്രി സമിതിയുടെ അനുമതി
ബിഎസ്എൻഎൽ 4G സൈറ്റുകൾ സ്ഥാപിക്കാനുള്ള ചുമതലയുള്ള ടിസിഎസിനാണ്
ഒരു ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎൽ 4G ലഭ്യമാക്കാനുള്ള അനുമതി ലഭിച്ചു
ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎൽ 4Gക്ക് അനുമതി നൽകിയത്
BSNL ഇന്ത്യയിൽ 4G എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് കുറച്ച് കാലമായി. ഇപ്പോഴിതാ ഒരു ലക്ഷം സൈറ്റുകൾ 4Gയിലേക്ക് മാറ്റാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ബിഎസ്എൻഎൽ 4G (BSNL 4G) സൈറ്റുകൾ സ്ഥാപിക്കാനുള്ള ചുമതലയുള്ള ടിസിഎസിനാണ് ഒരു ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎൽ 4G ലഭ്യമാക്കാനുള്ള അനുമതി കേന്ദ്രമന്ത്രിമാരുടെ സമിതി നൽകിയിരിക്കുന്നത്. ഈ അനുമതിക്കായി മാസങ്ങളോളം കാത്തിരിക്കുകയായിരുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസ് കൺസോർഷ്യമാണ് നേതൃത്വം നൽകുന്നത്
ടാറ്റ കൺസൾട്ടൻസി സർവീസസ് നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ഇന്ത്യയിൽ ഉടനീളം ഒരു ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎൽ 4G വിന്യസിക്കാൻ പോകുന്നത്. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ 4G വിന്യാസിക്കാനുള്ള അനുമതി കേന്ദ്ര മന്ത്രീമാരുടെ സമിതിയാണ് നൽകേണ്ടിയിരുന്നത്. ഇത് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇനി അധികം വൈകാതെ തന്നെ രാജ്യത്തെ എല്ലാ സർക്കിളുകളിലും ബിഎസ്എൻഎൽ 4G എത്തും.
ബിഎസ്എൻഎൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പർച്ചേസ് ഓർഡർ നൽകും
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനും അനുമതി സംബന്ധിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പർച്ചേസ് ഓർഡർ നൽകുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ബിഎസ്എൻഎൽ ചെയർമാൻ പി കെ പുർവാർ അറിയിച്ചു. പർച്ചേസ് ഓർഡർ ലഭിച്ച് ഒരു വർഷത്തിനുള്ളിൽ കോർ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ടിസിഎസ് അറിയിച്ചിരുന്നു. റേഡിയോ ഉപകരണങ്ങൾ 18 മുതൽ 24 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
24500 കോടി രൂപയുടെ 4G ഉപകരണങ്ങൾ
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിസിഎസ് 100,000 സൈറ്റുകൾക്കായി മൊത്തം 24500 കോടി രൂപ വിലയുള്ള 4G ഉപകരണങ്ങളാണ് ബിഎസ്എൻഎല്ലിന് നൽകുന്നത്. ഇതിൽ ഏകദേശം 13,000 കോടി രൂപയുടെ നെറ്റ്‌വർക്ക് ഗിയറും തേർഡ് പാർട്ടി ഐറ്റംസും 10 വർഷത്തെ ആനുവൽ മെയിന്റനൻസ് കരാറും ഉൾപ്പെടുന്നു. ബിഎസ്എൻഎൽ 4G വാണിജ്യാടിസ്ഥാനത്തിൽ ലോഞ്ച് ചെയ്യാനായി 1 ലക്ഷം നെറ്റ്‌വർക്ക് സൈറ്റുകൾ വിന്യസിക്കുന്നതായി ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് ടിസിഎസും സർക്കാർ സ്ഥാപനമായ ഐടിഐ ലിമിറ്റഡും ബിഎസ്എൻഎല്ലിന്റെ 4G നെറ്റ്‌വർക്ക് രാജ്യവ്യാപകമായി നാല് സോണുകളിൽ വിന്യസിക്കുന്നതിനുള്ള ലേലം ഏറ്റെടുത്തത്. പ്രൂഫ് ഓഫ് കൺസെപ്റ്റ് നൽകിയാണ് കമ്പനികൾ മുന്നോട്ട് വന്നത്. ഐടിഐയുടെ നെറ്റ്‌വർക്ക് വിന്യാസിക്കൽ ഉൾപ്പെടുന്ന 1 ലക്ഷം സൈറ്റുകൾക്കായുള്ള അനുമതിയാണ് ഇപ്പോൾ മന്ത്രിമാരുടെ സമിതി നൽകിയിരിക്കുന്നത്.
4G വികസിപ്പിക്കാൻ സി-ഡോട്ടും
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സിൽ (C-DoT) നിന്നുള്ള കോർ നെറ്റ്‌വർക്ക് ഗിയർ ഉൾപ്പെടെ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകുന്ന ഉപകരണങ്ങൾ ഉപയോഗിക്കാൻ കമ്പനി നിർദ്ദേശിച്ചെങ്കിലും നെറ്റ്‌വർക്ക് നവീകരണത്തിൽ ഐടിഐക്ക് 20 ശതമാനം സംവരണം ഉണ്ട്. കഴിഞ്ഞ വർഷം ബിഎസ്എൻഎൽ 4G നെറ്റ്‌വർക്കിനായി സ്റ്റാക്ക് സെറ്റപ്പ് 10 ദശലക്ഷം ഫോൺ കോളുകൾ ഒരേസമയം എന്ന ടെസ്റ്റിങ് നടത്തിയിരുന്നു. വൈകാതെ തന്നെ രാജ്യത്ത് എല്ലായിടത്തും ബിഎസ്എൻഎൽ 4Gഎത്തുമെന്ന് പ്രതീക്ഷിക്കാം.