ആപ്പിളി (Apple) നായി കരാർ അടിസ്ഥാനത്തിൽ ഐഫോണുകൾ നിർമിച്ച് നൽകുന്ന വിസ്ട്രോൺ (Wistron) ഇന്ത്യയിലെ ഐഫോൺ (iPhone)നിർമാണം അവസാനിപ്പിക്കുന്നു. വിസ്ട്രോണി (Wistron) ന്റെ കർണാടകയിലെ ഐഫോൺ ഫാക്ടറി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് പിന്നാലെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള തയാറെടുപ്പുകൾ ഇതിനോടകം തന്നെ വിസ്ട്രോൺ (Wistron) ആരംഭിച്ചു.
ഇന്ത്യയിൽ 15 വർഷമായി ബിസിനസ് നടത്തുന്ന കമ്പനിയാണ് വിസ്ട്രോൺ (Wistron). എന്നാൽ തങ്ങളുടെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി ടാറ്റ (Tata) ഗ്രൂപ്പിന് കൈമാറി, അടുത്ത വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെയും കമ്പനികളുടെ രജിസ്ട്രാറെയും വിസ്‌ട്രോൺ സമീപിക്കുമെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
വിസ്ട്രോണി (Wistron) ന്റെ കർണാടകയിലെ ഐഫോൺ നിർമ്മാണ കേന്ദ്രങ്ങൾ ടാറ്റ (Tata) ഇലക്ട്രോണിക്‌സ് ഏറ്റെടുക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിസ്ട്രോൺ (Wistron) ഇന്ത്യ വിടുന്നതായുള്ള വാർത്തകളും എത്തിയിരിക്കുന്നത്. ആപ്പിൾ ഉൽപ്പന്നങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമുള്ള വിസ്‌ട്രോണി (Wistron)ന്റെ സർവീസ് ബിസിനസ്സ് മാത്രമായിരിക്കും ഇന്ത്യയിൽ തുടരുക.
ടാറ്റ (Tata) ഇലക്ട്രോണിക്സ് ഐഫോൺ ഫാക്ടറി ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ വിസ്ട്രോൺ കമ്പനിക്ക് വൈൻഡിംഗ് ഡൗൺ പ്രക്രിയ ആരംഭിക്കാനാകും. ഐസിടി സർവീസ് മാനേജ്‌മെന്റ് സൊല്യൂഷൻസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു സെയിൽസ് ആൻഡ് മെയിന്റനൻസ് സർവീസ് സെന്ററായി 2008-ൽ ആണ് വിസ്ട്രോൺ (Wistron) ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. വിസ്ട്രോണിന്റെ 2021-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് അതിന്റെ രണ്ട് സ്ഥാപനങ്ങൾ കൂടി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2018-ൽ സ്ഥാപിതമായ വിസ്‌ട്രോൺ (Wistron) ഇൻഫോകോം മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, 2020-ൽ ഇന്ത്യയിൽ സംയോജിപ്പിച്ച സ്മാർട്ടിപ്ലൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് വിസ്ട്രോണി (Wistron)ന്റെ ഇന്ത്യയിലെ കമ്പനികൾ.
വിസ്ട്രോൺ (Wistron) കോർപ്പറേഷൻ കർണാടകയിലെ കോലാർ ജില്ലയിൽ നടത്തുന്ന ഐഫോൺ നിർമ്മാണ പ്ലാന്റ് ഈ മാസം ടാറ്റ (Tata) ഏറ്റെടുക്കും. കരാർ പൂർത്തിയാകുന്ന മുറയ്ക്ക് ഈ കമ്പനികളുടെയെല്ലാം പ്രവർത്തനം വിസ്ട്രോൺ അവസാനിപ്പിക്കും. വിസ്‌ട്രോണി (Wistron)നായി ഇന്ത്യയിൽ 12,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു, അവരിൽ ഭൂരിഭാഗവും ടാറ്റ (Tata) ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഐഫോൺ നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നവരാണ്. വിസ്‌ട്രോണി (Wistron) ന്റെ ബാംഗ്ലൂരിലെ ഐഫോൺ ഫാക്ടറി 44 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്. നിലവിൽ ഐഫോൺ 14, ഐഫോൺ 12 മോഡലുകൾ ആണ് വിസ്ട്രോൺ (Wistron) ഇന്ത്യയിൽ നിർമിക്കുന്നത്. ഐഫോൺ നിർമാണ സൗകര്യത്തിനായി ഇവിടെ എട്ട് അസംബ്ലി ലൈനുകൾ ഉണ്ട്. ഇന്ത്യയിൽ മൂന്ന് കമ്പനികളാണ് ഐഫോൺ നിർമാണം നടത്തുന്നത്. ഇവ മൂന്നും തായ്വാൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
ഫോക്‌സ്‌കോൺ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവയാണ് ഇന്ത്യയിൽ ഐഫോൺ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് രണ്ട് തായ്വാൻ കമ്പനികൾ. ഇതിൽ ഇന്ത്യയിലെ ഐഫോൺ നിർമാണത്തിന്റെ ഭൂരിഭാഗവും കൈയാളുന്നത് ഫോക്സ്കോൺ കമ്പനിയാണ്. അതേസമയം വിസ്ട്രോൺ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഐഫോൺ പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇന്ത്യയിലെ ഐഫോൺ നിർമാണത്തിന്റെ പ്രധാന ചുമതലക്കാരനാകാനാണ് ടാറ്റയുടെ നീക്കം.വിസ്ട്രോണി (Wistron)ന്റെ വലിയ ഫാക്ടറി സ്വന്തമാക്കുക എന്ന കരാർ ഉടൻ നടപ്പിലാകുമെന്നാണ് സൂചന. ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ( TEPL) കീഴിലാകും കർണാടകയിലെ ഐഫോൺ ഫാക്ടറി എത്തുക. ടാറ്റ (Tata) സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടിപിഇഎൽ, നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂർ യൂണിറ്റിൽനിന്ന് ആപ്പിളിന് പാർട്സുകൾ വിതരണം ചെയ്യുന്നുണ്ട്.
ഐഫോൺ നിർമാണ കരാർ സ്വന്തമാക്കാനായാൽ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം ടാറ്റ (Tata) യ്ക്ക് സ്വന്തമാകും. അതോടൊപ്പം ഐഫോൺ പാർട്സ് നിർമാണ കമ്പനി എന്ന നിലയിൽനിന്ന് ഐഫോൺ നിർമാണ കമ്പനി എന്ന നിലയിലേക്ക് ഉയരാനും സാധിക്കും. ആ സ്വപ്നനേട്ടത്തിനായുള്ള പോരാട്ടത്തിലാണ് ടാറ്റ(Tata)ഗ്രൂപ്പ്.