താരിഫ് കൂട്ടുന്നത് വൈകും! കാരണം തെരഞ്ഞെടുപ്പോ?

Updated on 30-Mar-2023
HIGHLIGHTS

സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് നിരക്ക് വർധനവ് വൈകിപ്പിച്ചേക്കും

2024 ൽ ആണ് രാജ്യത്ത് അടുത്ത ഇലക്ഷൻ നടക്കുക

5G സർവീസ് റോൾ ഔട്ടോയതോടെയാണ് താരിഫ് വർധന നടപ്പിലാക്കാൻ തീരുമാനിച്ചത്

അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് നിരക്ക് വർധനവ് (Tariff hikes) വൈകിപ്പിച്ചേക്കാമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. 2024 -ൽ ആണ് രാജ്യത്ത് അടുത്ത ഇലക്ഷൻ (Election) നടക്കുക. ഇതിന് പിന്നിലെ രാഷ്ട്രീയവും ആർക്ക് വേണ്ടിയാകും ടെലിക്കോം കമ്പനികളുടെ നിലപാടുകൾ എന്നതുമൊക്കെ വിഷയമല്ലാത്തതിനാൽ തത്കാലം അങ്ങോട്ട് പോകുന്നില്ല.

തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ താരിഫ് വർധനവ് നടപ്പിലാക്കുന്നത് വൈകാൻ സാധ്യത

മുൻകാലങ്ങളിൽ താരിഫ് വർധനവ് (Tariff hikes) നടപ്പിലാക്കാൻ ഉണ്ടായ കാലതാമസം വരുമാനത്തിലടക്കം തങ്ങൾ നേരിട്ട പ്രശ്നങ്ങളുടെ മൂല കാരണമായി ടെലിക്കോം കമ്പനികൾ ഉയർത്തിക്കാട്ടിയിരുന്നു. 5G സർവീസ് റോൾ ഔട്ടോടെ ടെലിക്കോം കമ്പനികളുടെ പ്രവർത്തനച്ചിലവും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു താരിഫ് വർധനവ് (Tariff hikes) ഉടൻ സംഭവിക്കാമെന്ന സ്ഥിതി വന്നത്. എന്നാൽ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് പ്രത്യക്ഷത്തിലുള്ള താരിഫ് വർധന (Tariff hikes)വിൽ നിന്നും ടെലിക്കോം കമ്പനികൾ ഒരുപക്ഷെ വിട്ട് നിൽക്കാമെന്ന വിലയിരുത്തൽ തള്ളിക്കളയാനുമാകില്ല.

എയർടെല്ലും  ബിഎസ്എൻഎല്ലും എൻട്രി ലെവൽ പ്ലാൻ നിരക്ക്‌ കൂട്ടിയിരുന്നു

എയർടെലിന്റെ കാര്യം തന്നെ നോക്കാം. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി എല്ലാ സർക്കിളുകളിൽ നിന്നും എൻട്രി ലെവൽ പ്ലാനായ 99 രൂപയുടെ ഓഫർ നീക്കം ചെയ്തിരുന്നു. ഇപ്പോൾ 155 രൂപയുടെ ഓഫറാണ് ഏറ്റവും നിരക്ക് കുറഞ്ഞ എയർടെൽ പ്ലാൻ. ബിഎസ്എൻഎല്ലും തങ്ങളുടെ പ്ലാനുകളിൽ നിരവധി മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. യൂസർമാർ കൂട്ടത്തോടെ കൊഴിഞ്ഞ് പോകുന്നതിനിടെയാണ് കമ്പനിയും പരോക്ഷ നിരക്ക് വർധനവെന്ന് വിളിക്കാവുന്ന മാറ്റങ്ങൾ നടപ്പിലാക്കിയത്. ചില ഓഫറുകളുടെ വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയും ചില പ്ലാനുകളിലെ ആനുകൂല്യങ്ങൾ പലതും ഒഴിവാക്കുകയുമാണ് ബിഎസ്എൻഎൽ ചെയ്തത്.

2021 അവസാനത്തോടെയാണ് ഇതിന് മുമ്പ് സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധനവ് നടപ്പിലാക്കിയത്. 20 മുതൽ 25 ശതമാനം വരെയാണ് അന്ന് റീചാർജ് താരിഫുകളുടെ വില ഉയർന്നതെന്ന് ഓർക്കണം. താരിഫ് നിരക്ക് വർധനവ് വൈകുന്നത് എആർപിയു വരുമാനത്തെയും ടെലിക്കോം കമ്പനികളുടെ മൊത്തത്തിലുള്ള വരുമാനത്തെയും ബാധിക്കും. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയയ്ക്കാണ് നിലവിൽ നിരക്ക് വർധനവ് ഏറ്റവും അനിവാര്യമായി മാറിയിരിക്കുന്നത്.

നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ പുറത്ത് നിന്നുള്ള നിക്ഷേപങ്ങൾ ആകർഷിക്കാൻ താരിഫ് വർധനവിലൂടെ ലഭിക്കുന്ന വരുമാനമാണ് കമ്പനിയുടെ ഏക പിടിവള്ളി. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികൾക്കും നിരക്ക് വ‍ർധനവ് നടപ്പിലാക്കേണ്ടത് നിർണായകമാണ്. പ്രത്യേകിച്ചും 5G  സേവനങ്ങൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. 5G യിൽ നിന്നും നിലവിൽ വരുമാനമൊന്നും ടെലിക്കോം കമ്പനികൾക്ക് ലഭിക്കുന്നില്ല. എയർടെലും ജിയോയും സൗജന്യമായാണ് 5G സർവീസ് നൽകുന്നത്. അതായത് 4ജിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് 5G നൽകുന്നത്.

Connect On :