കുറഞ്ഞ നിരക്കിൽ, കൂടുതൽ വേഗത്തിൽ ഭക്ഷണമെത്തിക്കാൻ സുനിൽ ഷെട്ടിയുടെ ‘വായു’

കുറഞ്ഞ നിരക്കിൽ, കൂടുതൽ വേഗത്തിൽ ഭക്ഷണമെത്തിക്കാൻ സുനിൽ ഷെട്ടിയുടെ ‘വായു’
HIGHLIGHTS

റസ്റ്റോറന്റുകളിൽ നിന്ന് കമ്മിഷൻ വാങ്ങുന്നില്ല എന്നതാണ് വായുവിന്റെ പ്രത്യേകത

മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ഭക്ഷണവിതരണം നടത്തും

സുനിൽ ഷെട്ടി ആണ് വായുവിന്റെ ബ്രാൻഡ് അംബാസഡർ

ഓൺ​ലൈൻ ഭക്ഷണ വിതരണ രംഗത്തെ മത്സരം കൂടുതൽ ശക്തമാകുന്നു. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി ഉയർത്തി ഒരു സ്ഥാപനം കൂടി രംഗത്തെത്തി. എതിരാളികളെക്കാൾ 15 മുതൽ 20 ശതമാനം വരെ വിലക്കുറവ് വാഗ്ദാനം ചെയ്ത് വായു എന്ന ആപ്പ് ആണ് പുതിയതായി എത്തിയിരിക്കുന്നത്.

ടെക്ക് സംരംഭകരായ അനിരുദ്ധ കോട്ട്ഗിരെയും മന്ദർ ലാൻഡെയും ചേർന്ന് സ്ഥാപിച്ച ഡെസ്‌റ്റെക് ഹോറെക്കയുടെ കീഴിലാണ് വായു(WAAYU) എന്ന ഭക്ഷണവിതരണ സംവിധാനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെയും (AHAR) മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് വായുവിന്റെ കടന്നുവരവ്. കമ്മിഷൻ വാങ്ങുന്നില്ല എന്നതാണ് വായുവിന്റെ പ്രത്യേകത. 

ബനാന ലീഫ്, ഭഗത് താരാചന്ദ്, മഹേഷ് ലഞ്ച് ഹോം, ശിവസാഗർ, ഗുരു കൃപ, കീർത്തി മഹൽ, പേർഷ്യൻ ദർബാർ, ലഡു സാമ്രാട്ട് എന്നിവയുൾപ്പെടെ മുംബൈയിലെ ആയിരത്തിലധികം റെസ്റ്റോറന്റുകളുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്ന ഒരു സോഫ്‌റ്റ്‌വെയർ സേവന (SaaS) പ്ലാറ്റ്‌ഫോമാണിത്. റസ്റ്റോറന്റുകളിൽനിന്ന് കമ്മിഷൻ വാങ്ങുന്നില്ല എന്നതാണ് വായുവിന്റെ ഏറ്റവും വലിയ പ്രത്യേകത.

മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ…

കമ്മീഷൻ രഹിത മോഡൽ സ്വീകരിച്ചുകൊണ്ട് ഓൺലൈൻ ഫുഡ് ഡെലിവറി വ്യവസായത്തെ വായു മാറ്റിമറിക്കുമെന്നാണ് കമ്പനിയുടെ ഉടമകൾ വ്യക്തമാക്കുന്നത്. മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ഭക്ഷണവിതരണം നടത്തി ആധിപത്യം ഉറപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഭക്ഷണവിതരണത്തിലെ കാലതാമസം, മോശം ശുചിത്വം, കുറഞ്ഞ നിലവാരം, കസ്റ്റമേഴ്സിനെ പിന്തുണയ്ക്കുന്നതിലുള്ള പോരായ്മ എന്നിങ്ങനെയുള്ള ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കമ്പനി പറയുന്നു.

സുനിൽ ഷെട്ടി വായുവിന്റെ ബ്രാൻഡ് അംബാസഡർ

പ്രമുഖ ബോളിവുഡ് നടനും ഹോട്ടൽ ഉടമയുമായ സുനിൽ ഷെട്ടി ആണ് വായുവിന്റെ ബ്രാൻഡ് അംബാസഡർ. റെസ്റ്റോറന്റ് ഉടമകൾക്ക് കൂടുതൽ എളുപ്പവും ഓൺലൈൻ ഓർഡറുകളിൽ കൺട്രോളും വായു ആപ്പ് നൽകുന്നുണ്ട്. യുപിഐ, പേടിഎം, ഗൂഗിൾ പേ, നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ എന്നിങ്ങനെ വിവിധ രീതികളിൽ റസ്റ്ററന്റ് ഉടമകൾക്ക് നേരിട്ട് പേയ്‌മെന്റുകൾ സ്വീകരിക്കാനാകും.

ഡെലിവറിക്കായി ​റസ്റ്ററന്റ് ഉടമകൾക്ക് ഇഷ്ടപ്പെട്ട ഡെലിവറി പങ്കാളികളായ ഗ്രാബ്, ഡൺസോ എന്നിവയെ തിരഞ്ഞെടുക്കാം അതല്ലെങ്കിൽ അവരുടേതായ ജീവനക്കാരെയും നിയമിക്കാം. അ‌ധികം ​വൈകാതെ സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻഡിസി പ്ലാറ്റ്ഫോമുമായി വായു സഹകരണം ഉറപ്പാക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് ഇടനിലക്കാരെ ഒഴിവാക്കി സേവനങ്ങളും വസ്തുക്കളും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനമാണ് ഒഎൻഡിസി.

ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് എന്നതാണ് ഒഎൻഡിസി എന്നതിന്റെ പൂർണ്ണരൂപം. നിരക്കുകുറഞ്ഞ ഡെലിവറി സംവിധാനം വാഗ്ദാനം ചെയ്യുന്ന ​ഒഎൻഡിസിയുമായി ​കൈകോർക്കുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വായുവിന്റെ സേവനം വ്യാപിപ്പിക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. സൊ​മാറ്റോയും സ്വിഗ്ഗിയുമാണ് നിലവിൽ ഭക്ഷണവിതരണ രംഗത്തെ വമ്പന്മാർ. ഈ രണ്ട് കമ്പനികൾക്കും ബദലാകാനാണ് വായുവിന്റെ നീക്കം.

വായു ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

  • ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് Waayu ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ബ്രൗസറിൽ waayu.app എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
  • ഫോൺ നമ്പറോ ഇമെയിൽ വിലാസമോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • നിങ്ങളുടെ ലൊക്കേഷൻ നൽകുക അല്ലെങ്കിൽ GPS ആക്‌സസ് അനുവദിക്കുക.
  • ഡെലിവർ ചെയ്യുന്ന റെസ്റ്റോറന്റുകളിലൂടെയും മെനുകളിലൂടെയും ബ്രൗസ് ചെയ്യുക. പാചകരീതി, റേറ്റിംഗ്, വില അല്ലെങ്കിൽ ഓഫറുകൾ എന്നിവ പ്രകാരം ഫിൽട്ടർ ചെയ്യാവുന്നതാണ്.
  • ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന വിഭവങ്ങൾ തിരഞ്ഞെടുത്ത് കാർട്ടിലേക്ക് ചേർക്കുക. 
  • ഓർഡർ പരിശോധിച്ചുറപ്പിച്ച് ചെക്ക്ഔട്ടിലേക്ക് പോകുക. ഓൺലൈനായോ ക്യാഷ് ഓൺ ഡെലിവറി വഴിയോ പണമടയ്ക്കാം.

ഓർഡർ സ്ഥിരീകരിച്ച് റെസ്റ്റോറന്റിൽ നിന്നുള്ള കൺഫർമേഷൻ സന്ദേശത്തിനായി കാത്തിരിക്കുക. തുടർന്ന് ആപ്പിലോ വെബ്‌സൈറ്റിലോ ഓർഡർ നിലയും ഡെലിവറി സമയവും ട്രാക്ക് ചെയ്യാം. തുടർന്ന് ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണം എത്തിച്ചു നൽകിയ ശേഷം ആപ്പിലോ വെബ്‌സൈറ്റിലോ ഉപയോക്താക്കൾക്ക് അനുഭവം റേറ്റുചെയ്യാനും അ‌ഭിപ്രായം അ‌റിയിക്കാനും കഴിയും.

Digit.in
Logo
Digit.in
Logo