ജോലി നഷ്ടമായ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുമെന്ന് സിഇഒ അറിയിച്ചു
ജീവനക്കാരെ പിരിച്ചുവിടുന്നതിൽ അദ്ദേഹം ഖേദം രേഖപ്പെടുത്തി
ഒപ്പം, ഗൂഗിളിന്റെ വളർച്ചയിൽ ഒപ്പം നിന്നതിന് ജീവനക്കാരോട് നന്ദിയും അറിയിച്ചു
പ്രമുഖ ടെക്- കമ്പനികളെല്ലാം ജീവനക്കാരെ പിടിച്ചുവിടുന്നത് കൂടുതൽ ആശങ്ക വളർത്തുകയാണ്. ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് അധികം വൈകാതെ ചെന്നെത്തുന്നത്. മൈക്രോസോഫ്റ്റിന് പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (Google CEO Sundar Pichai) വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. സുന്ദർ പിച്ചൈ തന്റെ ജീവനക്കാർക്ക് ഒരു ഇമെയിൽ വഴിയാണ് പിരിച്ചുവിടലിനെ കുറിച്ചുള്ള അറിയിപ്പ് നൽകിയത്. എന്നാൽ ഈ സന്ദർഭത്തിൽ ഗൂഗിൾ സിഇഒയ്ക്ക് പറയാനുള്ളത് എന്താണെന്ന് അറിയാമോ?
ജോലിക്കാരെ വിട്ടയ്ക്കുന്ന (Lay off in Google) കടുത്ത തീരുമാനങ്ങളെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ അവിശ്വസനീയമായ വളർച്ചയുടെ കാലമാണ് കണ്ടത്. എന്നാൽ, ഇന്ന് വ്യത്യസ്തമായ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയെന്നും അദ്ദേഹം വിശദമാക്കി.
ഗൂഗിളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് അമേരിക്കയിൽ തുടക്കമായി. വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളും, ഒരുപക്ഷേ ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും. ഇതിനകം തന്നെ യുഎസിലെ ജീവനക്കാർക്ക് ഇ-മെയിൽ അയച്ചതായും പിച്ചൈ അറിയിച്ചു.
ജോലി നഷ്ടപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ
എന്നാൽ ജോലി നഷ്ടമായ ജീവനക്കാർക്ക് ഇതിന്റെ ഭാഗമായുള്ള നിരവധി ആനുകൂല്യങ്ങൾ നൽകുമെന്ന് ഗൂഗിൾ സിഇഒ പ്രഖ്യാപിച്ചു. കുറഞ്ഞത് 60 ദിവസം ഈ ആനുകൂല്യങ്ങൾ ലഭിക്കും. 16 ആഴ്‌ച ശമ്പളവും കൂടാതെ രണ്ടാഴ്ച പാക്കേജും, 6 മാസത്തെ ആരോഗ്യ സംരക്ഷണവും, ജോലി പ്ലെയ്‌സ്‌മെന്റ് സേവനങ്ങളും, ഇമിഗ്രേഷൻ പിന്തുണയും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകും. പുറംരാജ്യങ്ങളിൽ ഉള്ളവർക്കും ഇതിന് അനുസൃതമായ ആനുകൂല്യങ്ങൾ നൽകുന്നതാണ്.
ജീവനക്കാരോട് ക്ഷമ ചോദിച്ച് പിച്ചൈ
കൂട്ട പിരിച്ചുവിടലിന്റെ പൂർണ ഉത്തരവാദിത്തം പിച്ചൈ ഏറ്റെടുക്കുന്നതിനൊപ്പം, ജോലി നഷ്ടപ്പെട്ട ജീവനക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഒപ്പം ഈ ജീവനക്കാരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile