ഉയർന്ന വിദ്യാഭ്യാസം നേടിയതുകൊണ്ട് വിവേകം ഉണ്ടാകണമെന്നില്ല എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിരക്ഷരരായ സാധാരണക്കാർക്കുള്ള തിരിച്ചറിവ് പോലും ഇല്ലാത്ത അഭ്യസ്തവിദ്യർ, നമ്മുടെ രാജ്യത്തുണ്ട്. അന്ധവിശ്വാസങ്ങൾ, അത്യാഗ്രഹം എന്നിങ്ങനെ പലപല കാരണങ്ങളാകാം നേടിയ വിദ്യാഭ്യാസത്തിന്റെ വില കളയുന്ന മണ്ടത്തരങ്ങളിലേക്ക് ഇവരെ എത്തിക്കുന്നത്.
രാജ്യത്ത് പലവിധത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായി മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിലൂടെയും മറ്റും നാം കാണുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധിക്കാത്ത ആളുകളും ധാരാളമുണ്ട്. ഇരകളെ കബളിപ്പിച്ച് പണം തട്ടാനായി സൈബർ ക്രിമിനലുകൾ പല മാർഗങ്ങളും പ്രയോഗിക്കുന്നുണ്ട്. അത്തരത്തിൽ ഇപ്പോൾ സജീവമായിരിക്കുന്ന ഒരു തട്ടിപ്പാണ് പാർട്ട്ടൈം ജോലി വാഗ്ദാനം.
സാധാരണക്കാർക്ക് ഈ വാട്സ്ആപ്പ് ജോലിതട്ടിപ്പിനെക്കുറിച്ച് ഒരുപക്ഷേ അറിവുണ്ടായി എന്നുവരില്ല. അവർ ഇരകളാക്കപ്പെടുക സ്വാഭാവികമാണ്. എന്നാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന വാട്സ്ആപ്പ് ജോലിതട്ടിപ്പിൽ ഇരയായിരിക്കുന്നത് ഒരു സോഫ്ട്വേർ എൻജിനീയറാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഏകദേശം 42 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയാണ് ഗുരുഗ്രാം സെക്ടർ 102 ലെ ഒരു ഐടി കമ്പനിയിലെ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയ യുവാവിന് വാട്സ്ആപ്പ് ജോലിതട്ടിപ്പിലൂടെ നഷ്ടമായിരിക്കുന്നത്. യൂട്യൂബിലെ വീഡിയോകൾ ലൈക്ക് ചെയ്യുന്നതിലൂടെ വൻ വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ടെക്കിയെ വീഴ്ത്തിയത്.
മാർച്ച് 24 ന് ലഭിച്ച ഒരു വാട്സ്ആപ്പ് മെസേജിലൂടെ ആണ് സംഭവങ്ങളുടെ തുടക്കം. യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുന്നതിലൂടെ അധിക വരുമാനം നേടാമെന്ന ഒരു പാർട്ട്ടൈം ജോലി വാഗ്ദാനം ആയിരുന്നു ആ മെസേജിൽ ഉണ്ടായിരുന്നത്. ഈ വാഗ്ദാനത്തിൽ ആകൃഷ്ടനായ യുവാവിനെ ദിവ്യ എന്ന സ്ത്രീയുടെ പേരിലുള്ള ഒരു ടെലിഗ്രാം ആപ്പ് ഗ്രൂപ്പിലേക്ക് തട്ടിപ്പ്സംഘം ചേർത്തു.
ഗ്യാരണ്ടീഡ് റിട്ടേണുകൾ നൽകിക്കൊണ്ട്, പണം നിക്ഷേപിക്കാൻ ആ ഗ്രൂപ്പിലുണ്ടായിരുന്നവർ അവനെ പ്രലോഭിപ്പിച്ചു. കമൽ, അങ്കിത്, ഭൂമി, ഹർഷ് എന്നീ പേരുകളുള്ള ഗ്രൂപ്പ് അംഗങ്ങൾ വളരെ ശക്തമായ പ്രേരണതന്നെ നടത്തി. തുടർന്ന് ഗ്രൂപ്പിൽ ഉണ്ടായിരുന്നവരുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി അയാൾ തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 42,31,600 രൂപ തട്ടിപ്പുകാർക്ക് കൈമാറുകയായിരുന്നു. പണം കിട്ടിയതായി സ്ഥിരീകരിച്ച 'വ്യാജകമ്പനി' യുവാവ് 69 ലക്ഷം രൂപ ലാഭം നേടിയതായി അറിയിച്ചു. എന്നാൽ ഈ തുക തിരിച്ചെടുക്കാൻ സമയമായപ്പോൾ കൂടുതൽ പണം നിക്ഷേപിക്കാനാണ് യുവാവിനോട് അവർ ആവശ്യപ്പെട്ടത്. ആദ്യം നൽകിയ പണം തിരിച്ചുകിട്ടണമെങ്കിൽ 11,000 രൂപ കൂടി നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
അപകടം മനസിലായ ടെക്കി, ഉടൻ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ ക്രൈം ഡിവിഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അജ്ഞാതരായ തട്ടിപ്പുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.
വാട്സ്ആപ്പ് വഴിയുള്ള പാർട്ട്ടൈം ജോലിതട്ടിപ്പിന്റെ വാർത്തകൾ സജീവമായി നിൽക്കെ, അതൊന്നും അറിയാതെ ഇത്തരമൊരു തട്ടിപ്പിലേക്ക് എടുത്തുചാടുകയും ഭീമമായ തുക നൽകുകയും ചെയ്ത സോഫ്ട്വേർ എൻജിനീയറുടെ നടപടി മണ്ടത്തരമായാണ് വിലയിരുത്തപ്പെടുന്നത്. ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ആളായിട്ടുകൂടി തട്ടിപ്പ് മനസിലാക്കാൻ കഴിയാത്തത് ടെക്കിയുടെ കഴിവുകേടാണ് എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.