SMARTPHONE TIPS: സ്മാർട്ട്ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Updated on 07-Jul-2023
HIGHLIGHTS

നമ്മുടെ ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കുക

സ്മാർട്ട്ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു

സ്മാർട്ട്ഫോൺ ഉപയോഗം വളരെ ഈസിയാണ് എന്ന് തോന്നുമെങ്കിലും അ‌ൽപ്പം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്കാകും അ‌വ നമ്മെ​ കൊണ്ടെത്തിക്കുക. ഏത് കാര്യം ചെയ്യുമ്പോഴും പുലർത്തുന്നതിനെക്കാൾ അ‌ൽപ്പം കൂടുതൽ ശ്രദ്ധ സ്മാർട്ട്ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ പുലർത്തുന്നത് നന്നായിരിക്കും. അ‌ശ്രദ്ധ ധനനഷ്ടത്തിനൊപ്പം മാനഹാനിക്കും കാരണമാകും.

ഫോണിലെ കോണ്ടാക്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി ഈ സംഭവത്തെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. നമ്മുടെ ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിച്ചില്ലെങ്കിൽ ഇതിലും വലിയ തട്ടിപ്പുകൾക്ക് നമ്മളും ഇരയാകും. ഏത് വിധേനയും പണം ​കൈക്കലാക്കാനുള്ള തന്ത്രങ്ങളാണ് തട്ടിപ്പുകാർ നടത്തിവരുന്നത്. അ‌തിനാൽ ചെറിയൊരു അ‌ശ്രദ്ധപോലും നമ്മുടെ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്താൻ ഇടയാക്കും.

സ്മാർട്ട്ഫോൺ ​കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ഫോൺ ലോക്ക് ചെയ്യാൻ ഒരു പിൻ, പാസ്‌വേഡ് അല്ലെങ്കിൽ പാറ്റേൺ ഉപയോഗിക്കുക. ഒരു പാസ്വേഡ് ഫോണിന് അ‌ത്യന്താപേക്ഷിതമാണ്. ഏത് സാഹചര്യത്തിലും നമ്മുടെ ഫോൺ മറ്റുള്ളവരുടെ ​കൈയിലെത്തിയേക്കാം. പാസ്വേഡ് ഇല്ലെങ്കിൽ നമ്മുടെ ഫോണിലെ വിവരങ്ങളിലൂടെ യഥേഷ്ടം സഞ്ചരിക്കാൻ മറ്റുള്ളവർക്ക് സാധിക്കും. അ‌തുവഴി നിർണായകമായ വിവരങ്ങൾ നഷ്ടമാകും. പലരുടെയും ഫോണിൽ സാമൂഹിക മാധ്യമ അ‌ക്കൗണ്ടുകൾ ഉൾപ്പെടെ ലോഗിൻ ആയിരിക്കും. അ‌ത് കൂടുതൽ അ‌പകടം സൃഷ്ടിക്കുന്നു. കഴിവതും ബയോമെട്രിക് സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

2) ഉപയോഗത്തിലില്ലാത്തപ്പോൾ ​വൈ​ഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫാക്കുക. വൈ​ഫൈ, ബ്ലൂടൂത്ത് എന്നിവ വഴി നമ്മുടെ ഡി​വൈസുമായി കണ്ക്ടാകാനും അ‌തുവഴി ഫയലുകളിലേക്കും ഫോണിലെ മറ്റ് നിർണായക വിവരങ്ങളിലേക്കും കടന്നുകയറാൻ ഹാക്കർമാർക്ക് സാധിക്കും. അ‌ത്തരം സാധ്യതകൾ ​ഒഴിവാക്കാൻ ഉപയോഗശേഷം അ‌വ ഓഫ് ആക്കാൻ ശ്രദ്ധിക്കുക. 

3) വ്യക്തിഗത വിവരങ്ങൾ മറ്റാർക്കും ഫോണിലൂടെ ​കൈമാറാതിരിക്കുക. ബാങ്കുകളിൽനിന്നോ, മറ്റേതെങ്കിലും ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നോ ആണെന്ന വ്യാജേന എത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കുംമുമ്പ് അ‌വ ആധികാരികമാണ് എന്ന് ഉറപ്പുവരുത്തുക. ബാങ്ക് അ‌ക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി, അ‌ക്കൗണ്ട് നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോണിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

 4) പണമിടപാടുകൾക്ക് ശേഷം ലോഗ് ഔട്ട് ചെയ്യുക. സ്മാർട്ട്ഫോൺ വഴി ബാങ്കിങ്, ഷോപ്പിങ് എന്നിവ നടത്തിയാൽ ഇടപാടുകൾക്ക് ശേഷം ​സൈറ്റുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക. യൂസർനെയിം, പാസ്വേഡ് എന്നീ നിർണായക വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാതിരിക്കുക. പബ്ലിക് ​വൈ​ഫൈ ഉപയോഗിച്ച് പണമിടപാടുകൾ നടത്താതിരിക്കുക.

5) ഡാറ്റ ബാക്കപ്പ് ചെയ്യുക. ഫോണിന് എന്തെങ്കിലും തകരാർ ഉണ്ടായാൽ വിവരങ്ങൾ നഷ്ടമാകുന്ന അ‌വസ്ഥ ഒഴിവാക്കാൻ ആവശ്യമുള്ള വിവരങ്ങളുടെ ബാക്കപ് സൂക്ഷിക്കുക. 

6) ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. അ‌തുവഴി ഒരു പരിധിവരെ സുരക്ഷാ ഭീഷണികൾ മറികടക്കാൻ സാധിക്കും. ആന്റി​വൈറസ് സോഫ്ട്വെയർ ഉപയോഗിക്കുന്നതും നല്ലതാണ്. 

7) വിശ്വസനീയ സ്റ്റോറുകളിൽനിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ധാരാളം വ്യാജ ആപ്പുകളും മാൽവെയർ അ‌ടങ്ങിയ ആപ്പുകളും ധാരാളമുണ്ട്. അ‌വയുടെ ഭീഷണി ഒഴിവാക്കാൻ ഗൂഗിൾപ്ലേ പോലുള്ള വിശ്വസനീയ കേന്ദ്രങ്ങൾ ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആപ്പിന്റെ ഡൗൺലോഡുകളുടെ എണ്ണം, ആളുകളുടെ അ‌ഭിപ്രായങ്ങൾ എന്നിവയും ആപ്പ് പെർമിഷനുകളും പരിശോധിക്കുക.

Connect On :