ഗാലക്സി(Galaxy) എസീരീസിലേക്ക് രണ്ട് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ച് സാംസങ്(Samsung). സാംസങ്(Samsung) ഗാലക്സി എ14 5ജി(Galaxy A14 5G), സാംസങ് ഗാലക്സി എ23 5ജി(Galaxy A23 5G) എന്നിവയാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസുകൾ 5ജി കണക്റ്റിവിറ്റി അടക്കം മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. എക്‌സിനോസ്, സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റുകളും ഫോണുകളിലുണ്ട്.
വലിയ 6.6-ഇഞ്ച് LCD ഡിസ്പ്ലെകൾ, ഉയർന്ന റിഫ്രഷ് റേറ്റ്, 5000mAh ബാറ്ററികൾ എന്നിവയടക്കമുള്ള സവിശേഷതകളുമായിട്ടാണ് സാംസങ് ഗാലക്സി (Samsung Galaxy)എസീരീസിലെ പുതിയ രണ്ട് ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ ക്യാമറ സെറ്റപ്പും ഈ ഡിവൈസുകളിലുണ്ട്. 16,499 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.
സ്മാർട്ട്ഫോണിന്റെ മൂന്ന് വേരിന്റുകളാണ് ഇന്ത്യയിലെത്തിയത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 18,999 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 20,999 രൂപയുമാണ് ഇന്ത്യയിൽ വില. ഡാർക്ക് റെഡ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
സാംസങ് ഗാലക്സി എ23 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 22,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപ വിലയുണ്ട്. സിൽവർ, ലൈറ്റ് ബ്ലൂ, ഓറഞ്ച് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. രണ്ട് ഡിവൈസുകളുടെയും വിൽപ്പന ജനുവരി 18 മുത. ആരംഭിക്കും.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0 ലാണ് ഗ്യാലക്‌സി എ14 5ജി (Galaxy A14 5G) പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് (1,080×2,408 പിക്സൽ) പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിന്റെ സവിശേഷത. 4ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ.
50 മെഗാപിക്സൽ പ്രധാന സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. ഡിസ്പ്ലേയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. 64 ജിബി ആണ് ഇൻബിൽറ്റ് സ്റ്റോറേജ്. 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.
വൈ-ഫൈ 802.11 എ/ബി/ജി/എൻ/എസി, ബ്ലൂടൂത്ത് 5.2, ജിപിഎസ് എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ബാരോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് ആൻഡ് പ്രോക്സിമിറ്റി സെൻസർ എന്നിവയും ഫോണിലുണ്ട്. ഹാൻഡ്‌സെറ്റിൽ 3.5 സ്‌പൈസ് എംഎം ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു. 15W ചാർജിങ് ശേഷിയുള്ള 5,000 mAH ആണ് ബാറ്ററി.
സാംസങ് ഗാലക്സി എ23 5ജിയിലും ഗാലക്‌സി എ14ൽ ഉള്ള അതേ 6.6 ഇഞ്ച് LCD ഡിസ്പ്ലെയാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഇത് ഫുൾ HD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള കൂടുതൽ മെച്ചപ്പെട്ട ഡിസ്പ്ലെയാണ്. അഡ്രിനോ ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്.
50 എംപി പ്രൈമറി ക്യാമറ, 5 എംപി അൾട്രാവൈഡ് ഷൂട്ടർ, ഡെപ്ത് ക്യാമറ, 2 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എ23 5ജിയിലുള്ളത്. മുൻവശത്ത് 13എംപി സെൻസറുണ്ട്. 5000mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1.1ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.