സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G) സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു. ഗാലക്സി എം34 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന് കമ്പനി വില കുറച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എം33 5ജി മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഇതിൽ 8GB റാമുള്ള വേരിയന്റിന് മാത്രമാണ് വിലക്കുറച്ചിരിക്കുന്നത്. 6ജിബി റാമുള്ള വേരിയന്റ് പഴയ വിലയിൽ തന്നെ വിൽപ്പന നടത്തും.
സാംസങ് ഗാലക്സി എം33 5G സ്മാർട്ട്ഫോൺ 6GB റാം, 128GB സ്റ്റോറേജ് വേരിയന്റിലും 8GB റാം, 128GB സ്റ്റോറേജ് വേരിയന്റിലുമാണ് ലഭിക്കുന്നത്. ഇതിൽ 8 ജിബി റാമുള്ള വേരിയന്റിന് 2000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. 8 ജിബി റാം വേരിയന്റ് 20,499 രൂപയ്ക്കാണ് ലോഞ്ച് ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ ഈ ഡിവൈസ് നിങ്ങൾക്ക് 18,499 രൂപയ്ക്ക് ലഭിക്കും. ഡീപ് ഓഷ്യൻ ബ്ലൂ, മിസ്റ്റിക് ഗ്രീൻ, എമറാൾഡ് ബ്രൗൺ എന്നീ നിറങ്ങളിൽ സാംസങ് ഗാലക്സി എം33 5ജി ലഭ്യമാണ്.
സാംസങ് ഗാലക്സി എം33 5ജി വാങ്ങുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളും ലഭിക്കും. ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതോടൊപ്പം സാംസങ് ഷോപ്പ് ആപ്പിലൂടെ ഫോൺ വാങ്ങുന്നവർക്ക് 2,000 രൂപ കിഴിവും ലഭിക്കും. സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐയിൽ 10 ശതമാനം അധിക ക്യാഷ്ബാക്കും നൽകുന്നുണ്ട്. പ്രതിമാസം 3,078 രൂപ അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും സാംസങ് നൽകിയിട്ടുണ്ട്. ഒക്ടാ കോർ എക്‌സിനോസ് 1280 ചിപ്‌സെറ്റാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 8 ജിബി വരെ റാമും ഉണ്ട്. 128 ജിബി സ്റ്റോറേജുള്ള ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം.
നാല് ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയും എഫ്/1.8 അപ്പേർച്ചറുമുള്ള ഈ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പിൽ എഫ്/2.2 അപ്പേർച്ചറുള്ള 5 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയും ഈ ഡിവൈസിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ 20 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്.
6000mAh ബാറ്ററിയുമായിട്ടാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോണുകളിലുള്ള എല്ലാ കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് ഈ എം സീരീസ് ഫോണും വരുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റമൈസ്ഡ് വൺ യുഐ 3.1ലാണ് ഫോൺ പ്രവർത്തിക്കുന്നത്. വില കുറഞ്ഞതിനാൽ തന്നെ സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങുന്നത് മികച്ച ഡീലായിരിക്കും.