മിഴിവേറിയ ചിത്രങ്ങൾ പകർത്തുന്നതിനു സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്നവർ ഇന്ന് നിരവധിയാണല്ലോ. അത്തരക്കാരെ കൂടുതൽ സഹായിക്കുന്ന സംവിധാനമാണ് ഫോണുകളിലെ ഇരട്ട ക്യാമറകൾ. ഇതിനകം നിരവധി ബ്രാൻഡുകൾ ഇത്തരം ക്യാമറയുള്ള ഫോണുകളുമായെത്തിയെങ്കിലും സ്മാർട്ട്ഫോൺ നിർമാതാക്കളുടെ നിരയിലെ പ്രധാനിയായ സാംസങ് ഈ പരീക്ഷണത്തിന് മുതിരാതെ മാറി നിൽക്കുകയായിരുന്നു.
ഇപ്പോൾ ചൈനയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സാംസങിന്റെ 'ഗാലക്‌സി സി'' ശ്രേണിയിലെ സ്മാർട്ട് ഫോണാകും ഇത്തരം ക്യാമറ പിടിപ്പിച്ചെത്തുക. SM-C9150 എന്ന മോഡൽ നമ്പറിൽ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഗാലക്‌സി സി 10 സ്മാർട്ട് ഫോണിന്റെ പിന്നിൽ കുത്തനെയായി ക്രമീകരിച്ചിരിക്കുന്ന രണ്ടു ക്യാമറകളാകും നിങ്ങൾ പകർത്തുന്ന ചിത്രങ്ങളെ മിഴിവുറ്റതാക്കുക.
ഇതിനകം പുറത്ത് വന്ന സൂചനകൾ പ്രകാരം ഏറ്റവും പുതിയതും, അവതരിപ്പിക്കപ്പെടാനിരിക്കുന്നതുമായ സ്നാപ്ഡ്രാഗൺ 660 ചിപ്‌സെറ്റാകും ഗാലക്‌സി സി 10 സ്മാർട്ട് ഫോണിനു കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്. പിന്നിൽ ഇരട്ട ക്യാമറകളുമായെത്തുന്ന ഈ ആദ്യ സാംസങ് സ്മാർട്ട് ഫോണിന്റെ ഫിംഗർ പ്രിന്റ് സെൻസർ ഹോം ബട്ടനിൽ ഉൾപ്പെടുത്താനാണ് സാധ്യത.