തെലുങ്ക് താരമാണെങ്കിലും നന്ദമൂരി ബാലകൃഷ്ണയെ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് മുഴുവനും അറിയാം. തെലുങ്ക് സിനിമയില്‍ തന്‍റേതായ ആരാധകവൃന്ദമുള്ള നടനെ മലയാളികൾ പലപ്പോഴും നന്നായി ട്രോളാറുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെ ലോജിക്കില്ലായ്മയും ആക്ഷൻ- ഫൈറ്റ് രംഗങ്ങളും പലപ്പോഴും കോമഡിയായാണ് മലയാളികൾ സ്വീകരിക്കാറുണള്ളത്.
എന്നാൽ, മുൻകാലങ്ങളെ വച്ച് നോക്കുകയാണെങ്കിൽ തെലുങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും പുറമെയുള്ള പല സംസ്ഥാനങ്ങളിലും നന്ദമൂരി ബാലകൃഷ്ണ ആരാധകരെ നേടിക്കഴിഞ്ഞു. അങ്ങനെ ആരാധകർക്കിടയിൽ താരം അവരുടെ പ്രിയപ്പെട്ട ബാലയ്യ ആയി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വീര സിംഹ റെഡ്ഡിയുടെ ഒടിടി റിലീസ് അപ്ഡേഷനാണ് വന്നിരിക്കുന്നത്.
ഈ വർഷമാദ്യം തിയേറ്ററിലെത്തിയ Veera Simha Reddy ഒരു ആക്ഷന്‍ ഡ്രാമ ചിത്രമാണ്. ചിത്രം റിലീസ് ചെയ്ത ആദ്യവാരങ്ങളിൽ തിയേറ്ററുകളിൽ നിന്ന് നല്ല കളക്ഷൻ നേടിയിരുന്നു. പവർഫുൾ ഡയലോഗുകളും, ആക്ഷൻ രംഗങ്ങളും, എല്ലാത്തിനുമുപരി എസ്. തമന്റെ സംഗീതവുമാണ് വീര സിംഹ റെഡ്ഡി കൂടുതൽ പ്രശംസ നേടാൻ കാരണമായത്. ബാലയ്യയുടെ സ്ക്രീൻ സാന്നിധ്യവും അവിസ്മരണീയമായിരുന്നു എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.
ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രുതി ഹാസനാണ് വീര സിംഹ റെഡ്ഡിയിലെ നായിക. മലയാളി താരങ്ങളായ ഹണി റോസും ലാലും സിനിമയിൽ നിർണായക വേഷങ്ങളിൽ എത്തിയിട്ടുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, ചന്ദ്രികാ രവി, അജയ് ഘഓഷ്, പി രവി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.മൈത്രി മൂവി മേക്കേഴ്സ് ആണ് Veera Simha Reddy നിർമിച്ചത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് വീര സിംഹ റെഡ്ഡി ഒടിടി റിലീസിനായി എത്തിയിരിക്കുന്നത്. ഫെബ്രുവരി 23 വൈകുന്നേരം മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തെലുങ്കിലും തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാണ്.