റോയൽ എൻഫീൽഡിന്റെ ഏറ്റവും വിലപിടിപ്പുള്ള, എന്നാൽ പ്രീമിയം ബൈക്ക് ഇതാ…

Updated on 08-Apr-2023
HIGHLIGHTS

മൂന്ന് വേരിയന്റുകളിലാണ് റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ 650 ലഭ്യമാകുന്നത്

ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നിവയാണ് ഈ വേരിയന്റുകൾ

648 സിസി, എയർ-ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് മെറ്റിയോർ 650ക്ക് കരുത്തേകുന്നത്

ബൈക്ക് ആരാധകരുടെ മനം കവർന്ന റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ 650 (Royal Enfield Super Meteor 650) ക്രൂയിസർ ബൈക്കിന്റെ പ്രിയമേറിക്കൊണ്ടിരിക്കുകയാണ്. റോയൽ എൻഫീൽഡിന്റെ 648 സിസി എഞ്ചിനുമായി വിപണിയിലെത്തിയ മൂന്നാമത്തെ ബൈക്കാണ് ഇത്. ഈ ക്രൂയിസർ ബൈക്കിൽ മികച്ച സവിശേഷതകളും ഡിസൈനുമാണ് കമ്പനി നൽകിയിട്ടുള്ളത്.

വിലയും വേരിയന്റുകളും

മൂന്ന് വേരിയന്റുകളിലാണ് റോയൽ എൻഫീൽഡ് (Royal Enfield) സൂപ്പർ മെറ്റിയോർ 650 (Super meteor 650) ലഭ്യമാകുന്നത്. ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിൽ ബേസ് വേരിയന്റായ ആസ്ട്രലിന് 3.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇന്റർസ്റ്റെല്ലാർ വേരിയന്റിന് 3.64 ലക്ഷം രൂപ വിലയുണ്ട്. സെലസ്റ്റിയർ എന്ന ഹൈ എൻഡ് വേരിയന്റിന് 3.79 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

എഞ്ചിൻ

റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ അതേ എഞ്ചിനുമായിട്ടാണ് റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ വരുന്നത്. ഈ 648 സിസി, എയർ-ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിൻ ഇതിനകം തന്നെ ഇന്ത്യയിലെ ബൈക്ക് പ്രേമികളുടെ മനം കവർന്നിട്ടുള്ളതാണ്. മുകളിൽ സൂചിപ്പിച്ച ബൈക്കുകൾ റോഡ്സ്റ്റർ, കഫേ റൈസർ മോഡലുകളാണ്. സൂപ്പർ മെറ്റിയോർ 650 ക്രൂയിസർ ബൈക്കാണ്.

കരുത്ത്

648 സിസി, എയർ-ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിൻ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ 650(Royal Enfield Super Meteor 650)ക്ക് 7,250 ആർപിഎമ്മിൽ 46 ബിഎച്ച്പി കരുത്തും 5,650 ആർപിഎമ്മിൽ 52 പീക്ക് ടോർക്ക് ഔട്ട്പുട്ടും നൽകുന്നുണ്ട്. ഇൻറർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ നിന്ന് വ്യത്യസ്തമായി ക്രൂയിസർ ബൈക്കിന്റെ സ്വഭാവസവിശേഷതകൾക്ക് അനുസരിച്ച് എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ട്.

ഗിയർ ബോക്സ്

സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സ് യൂണിറ്റാണ് റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ 650 (Royal Enfield Super Meteor 650)  ബൈക്കിൽ ഉള്ളത്. ഇതിൽ ടോയും ഹീൽ ഷിഫ്റ്ററുമുണ്ട്. വാഹനത്തിന്റെ ഭാരം കൂടുതലാണ് എന്നതിനാൽ തന്നെ റൈഡിങ് അനുഭവം മെച്ചപ്പെടുത്താനായി റോയൽ എൻഫീൽഡ് ഗിയറിങ് ചുരുക്കിയിട്ടുണ്ട്.

ബ്രേക്കിങ് ഫീച്ചറുകൾ

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 (Royal Enfield Super Meteor 650) യിൽ എൽഇഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷൻ, ക്രമീകരിക്കാവുന്ന ലിവർ എന്നിവയുണ്ട്. ഇടത് വശത്തെ പാനലിന് പിന്നിൽ ഒരു യുഎസ്ബി പോർട്ടും കമ്പനി നൽകിയിരിക്കുന്നു. ബൈക്കിൽ ബ്രേക്കിങ്ങിനായി മുൻവശത്ത് 320 എംഎം ഡിസ്കും പിന്നിൽ 300 എംഎം ഡിസ്കുമാണ് നൽകിയിട്ടുള്ളത്.

ടയറും അലോയ് വീലും

സൂപ്പർ മെറ്റിയർ 650 യുടെ മുൻവശത്ത് 43 എംഎം അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷനായി നൽകിയിട്ടുള്ളത്. ബൈക്കിൽ സ്റ്റാൻഡേർഡായി അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും കമ്പനി നൽകുന്നുണ്ട്. മുൻവശത്ത് 19 ഇഞ്ച് വലിപ്പമുള്ള അലോയിയും 100/90 സെക്ഷൻ ടയറുമുണ്ട്. പിന്നിൽ 150/80 സെക്ഷൻ ടയറും 16 ഇഞ്ച് അലോയ് യൂണിറ്റുമുണ്ട്.

Connect On :