Royal Enfield ആരാധകരേ, 3 വേരിയന്റുകളിൽ ഇതാ Super Meteor 650

Updated on 12-Feb-2023
HIGHLIGHTS

റോയൽ എൻഫീൽഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് സൂപ്പർ മീറ്റിയോർ 650

മൂന്ന് വേരിയന്റുകളിലാണ് സൂപ്പർ മെറ്റിയോർ 650 ലഭ്യമാകുന്നത്

ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നിവയാണ് ഈ വേരിയന്റുകൾ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർ മീറ്റിയോർ 650 (Super meteor 650) ക്രൂയിസറിനായുള്ള ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് റോയൽ എൻഫീൽഡ് (Royal Enfield). ഇറ്റലിയില്‍ നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലും ഗോവയിലെ റൈഡര്‍ മാനിയയിലും പ്രദര്‍ശത്തിനെത്തിച്ച റോയല്‍ എന്‍ഫീല്‍ഡി (Royal Enfield) ന്റെ മൂന്നാമത്തെ 650 സിസി ബൈക്കിനായുള്ള നിരത്തുകളുടെ കാത്തിരിപ്പിനാണ് ഒടുവിൽ വിരാമമായിരിക്കുന്നത്. റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡി(Royal Enfield)ന്റെ ഫ്ലാഗ്ഷിപ്പ് മോഡലായാണ് സൂപ്പർ മീറ്റിയോർ സ്ഥാനം പിടിക്കുന്നത്. 

വിലയും വേരിയന്റുകളും

മൂന്ന് വേരിയന്റുകളിലാണ് റോയൽ എൻഫീൽഡ് (Royal Enfield) സൂപ്പർ മെറ്റിയോർ 650 (Super meteor 650) ലഭ്യമാകുന്നത്. ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിൽ ബേസ് വേരിയന്റായ ആസ്ട്രലിന് 3.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇന്റർസ്റ്റെല്ലാർ വേരിയന്റിന് 3.64 ലക്ഷം രൂപ വിലയുണ്ട്. സെലസ്റ്റിയർ എന്ന ഹൈ എൻഡ് വേരിയന്റിന് 3.79 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

റോയൽ എൻഫീൽഡ് (Royal Enfield) ഇൻറർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ അതേ എഞ്ചിനുമായിട്ടാണ് റോയൽ എൻഫീൽഡ് (Royal Enfield) സൂപ്പർ മെറ്റിയോർ വരുന്നത്. ഈ 648 സിസി, എയർ-ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിൻ ഇതിനകം തന്നെ ഇന്ത്യയിലെ ബൈക്ക് പ്രേമികളുടെ മനം കവർന്നിട്ടുള്ളതാണ്. മുകളിൽ സൂചിപ്പിച്ച ബൈക്കുകൾ റോഡ്സ്റ്റർ, കഫേ റൈസർ മോഡലുകളാണ്. സൂപ്പർ മെറ്റിയോർ 650 (Super meteor 650)  ക്രൂയിസർ ബൈക്കാണ്.

648 സിസി, എയർ-ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിൻ റോയൽ എൻഫീൽഡ് (Royal Enfield) സൂപ്പർ മെറ്റിയോർ 650(Super meteor 650) ക്ക് 7,250 ആർപിഎമ്മിൽ 46 ബിഎച്ച്പി കരുത്തും 5,650 ആർപിഎമ്മിൽ 52 പീക്ക് ടോർക്ക് ഔട്ട്പുട്ടും നൽകുന്നുണ്ട്. ഇൻറർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ നിന്ന് വ്യത്യസ്തമായി ക്രൂയിസർ ബൈക്കിന്റെ സ്വഭാവസവിശേഷതകൾക്ക് അനുസരിച്ച് എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ട്.

മറ്റു ഫീച്ചറുകൾ

ക്രൂയിസറിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി എഞ്ചിൻ വീണ്ടും ട്യൂൺ ചെയ്തിട്ടുണ്ടെന്നും റോയൽ എൻഫീൽഡ് (Royal Enfield) അവകാശപ്പെടുന്നുണ്ട്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള അതേ 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ്. ഇതിന് ടോയും ഹീൽ ഷിഫ്റ്ററും വരെ ഒരുക്കിയിട്ടുണ്ടെന്നതും പ്രധാനമായ കാര്യമാണ്. മോട്ടോർസൈക്കിളിന്റെ ഭാരക്കൂടുതൽ നികത്താൻ റോയൽ എൻഫീൽഡ് ഗിയറിംഗിലും പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ സൂപ്പർ മീറ്റിയോർ 650 (Super meteor 650) -യിൽ എൽഇഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷൻ, ക്രമീകരിക്കാവുന്ന ലിവർ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇടത് വശത്തെ പാനലിന് പിന്നിൽ വിചിത്രമായി സ്ഥാപിച്ചിരിക്കുന്ന ഒരു യുഎസ്ബി പോർട്ടും ദീർഘ ദൂര യാത്രകളിൽ സഹായകരമാണ്. റെഗുലര്‍ മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍ഇഡി ഹെഡ്‌ലാമ്പ്, നാവിഗേഷന്‍ സിസ്റ്റത്തിന്റെ അകമ്പടി എന്നിവയെല്ലാം മോഡലിലുണ്ടാവും. 

241 കിലോഗ്രാം ഭാരവും 1500 മില്ലിമീറ്റർ നീളമുള്ള വീൽബേസുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് മുൻവശത്ത് 320 mm ഡിസ്കും പിന്നിൽ 300 mm ഡിസ്കും ആണ്. സസ്പെൻഷനായി മുൻവശത്ത് 43 mm അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി നിയോഗിച്ചിരിക്കുന്നത്.

ബ്രേക്കിങ് ഫീച്ചറുകൾ

റോയൽ എൻഫീൽഡ് (Royal Enfield) സൂപ്പർ മെറ്റിയർ 650(Super meteor 650) യിൽ എൽഇഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷൻ, ക്രമീകരിക്കാവുന്ന ലിവർ എന്നിവയുണ്ട്. ഇടത് വശത്തെ പാനലിന് പിന്നിൽ ഒരു യുഎസ്ബി പോർട്ടും കമ്പനി നൽകിയിരിക്കുന്നു. ബൈക്കിൽ ബ്രേക്കിങ്ങിനായി മുൻവശത്ത് 320 എംഎം ഡിസ്കും പിന്നിൽ 300 എംഎം ഡിസ്കുമാണ് നൽകിയിട്ടുള്ളത്.

അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളുമാണ് സൂപ്പർ മീറ്റിയോറിന്റെ മറ്റ് പ്രത്യേകതകൾ. മുൻവശത്ത് 19 ഇഞ്ച് വലിപ്പമാണ് വീലുകൾക്ക് നൽകിയിരിക്കുന്നത്. ഇവ 100/90 സെക്ഷൻ ടയറുകളാലാണ് നിരത്തിലെത്തുന്നത്. പിന്നിൽ 150/80 സെക്ഷൻ ടയറുകൾ ഉപയോഗിക്കുമ്പോൾ ചെറിയ 16 ഇഞ്ച് വലിപ്പം മാത്രമാണ് അലോയ് വീലുകൾക്കുള്ളത്. ഇന്ത്യൻ വിപണിയിൽ സൂപ്പർ മീറ്റിയോറിന് നേരിട്ട് എതിരാളികളില്ലെന്നതും വിൽപ്പനയിൽ നേട്ടമായേക്കും. എങ്കിലും ഏറ്റവും അടുത്ത എതിരാളിയായി കവസാക്കി വൾക്കൻ എസ് പ്രീമീയം ബൈക്കിനെ കാണാനാവും.

Connect On :