അതിവേഗം കുതിച്ച് പായുകയാണ് 5G സേവനവുമായി റിലയൻസ് ജിയോ. ഒപ്പം, വേഗതയിൽ പിന്നിലാണെങ്കിലും ആകർഷകമായ പാക്കേജുകളുമായി എയർടെലും (Airtel) തങ്ങളുടെ സേവനം രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നു. അടുത്തിടെയൊന്നും 4G പോലും പ്രതീക്ഷിക്കേണ്ടെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ (BSNL) പറയുന്നത്. തമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടും പഴയ പ്രതാപത്തിലേക്ക് തിരികെ എത്താൻ ഇതുവരെയും Vodafone- Ideaക്ക് സാധിച്ചിട്ടില്ല.
എങ്കിലും, ഇന്ത്യയിലെ ഒരു മുൻനിര ടെലികോം കമ്പനിയാണ് വോഡഫോൺ-ഐഡിയ (Vi) എന്ന് തന്നെ പറയാം. എന്നാൽ, നഷ്ടങ്ങൾക്കും കടത്തിനുമൊടുവിൽ വിഐ കമ്പനി അടച്ചുപൂട്ടുകയാണ് എന്ന വാർത്തയാണ് ഏറ്റവും പുതിയതായി പ്രചരിക്കുന്നത്.
തുടർച്ചയായി നഷ്ടത്തിന്റെ ബാധ്യതകൾ മാത്രം വരുന്നതിനാൽ വോഡഫോൺ ഐഡിയ അടച്ചുപൂട്ടുമെന്ന വാർത്ത അതിവേഗമാണ് പടർന്നു വ്യാപിക്കുന്നത്. ഇതേ സമയം തന്നെ വിഐയുടെ ചില റീചാർജ് പ്ലാനുകൾ അപ്രത്യക്ഷമായതും വാർത്തകൾ ശരിയാണെന്ന് വാദിക്കുന്നതിന് കൂടുതൽ ശക്തി നൽകി. എന്നാൽ ടെലികോം കമ്പനി അടച്ചുപൂട്ടുന്നോ എന്ന വാർത്തയിൽ വിഐ തന്നെ ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്.
കമ്പനി അടച്ചുപൂട്ടുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് Vodafone- Idea അറിയിച്ചു. ഇത്തരം വാർത്തകളിൽ യാതൊരു കഴമ്പുമില്ല. വോഡഫോൺ-ഐഡിയയുടെ റീചാർജ് പ്ലാൻ അപ്രത്യക്ഷമായെന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും അതിന് പിന്നിലെ വസ്തുതയും മറ്റൊന്നാണ്.
ഡൽഹി സർക്കിളിലെ ചില പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ജനുവരി 22, 23 തീയതികളിൽ കുറച്ച് മണിക്കൂറുകളിൽ റീചാർജ് പ്ലാനുകൾ ലഭ്യമായിരുന്നില്ല. ഇങ്ങനെ സേവനം തടസ്സമാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇത് ചില സാങ്കേതിക പ്രവർത്തനങ്ങൾക്കായാണ് നിർത്തലാക്കിയത്. എന്നാൽ, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ റീചാർജ് പ്ലാനുകൾക്ക് യാതൊരു തടസ്സവുമുണ്ടായില്ല.
Viയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. 780 കോടി രൂപയാണ് കമ്പനിയുടെ കടബാധ്യത. 2023ൽ Viയുടെ മാർക്കറ്റ് ഷെയർ നഷ്ടം വർധിക്കുമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറഞ്ഞ കാപെക്സ് ചെലവുകൾ, ധനസമാഹരണത്തിലെ കാലതാമസം, സർക്കാരിന് നൽകാനുള്ള 26 ബില്യൺ ഡോളറിന്റെ കടം എന്നിവ കമ്പനി കൂടുതൽ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. ഇതിന് പുറമെ, 2020 ഒക്ടോബറിൽ 157 ദശലക്ഷം ഉണ്ടായിരുന്ന ഉപയോക്താക്കളുടെ എണ്ണം 2021 ഒക്ടോബറിൽ 136 ദശലക്ഷമായി ചുരുങ്ങിയിട്ടുണ്ട്. 2022 ഒക്ടോബറിലാകട്ടെ ഇത് വീണ്ടും 121 ദശലക്ഷത്തിലേക്ക് കുറഞ്ഞു.