പ്രകൃതി ദുരന്തങ്ങൾ, യുദ്ധം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാലും സാമ്പത്തിക ഇടപാടുകൾ തടസം കൂടാതെ നടത്തുന്നതിനായി ലൈറ്റ് വെയ്റ്റ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം (LPSS) എന്ന പുതിയ സംവിധാനം ആരംഭിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( RBI ). അടിസ്ഥാന വിവരങ്ങളിലും ആശയവിനിമയ സൗകര്യങ്ങളിലുമുള്ള തടസ്സങ്ങൾ കാരണം പരമ്പരാഗത പേയ്‌മെന്റ് സംവിധാനങ്ങൾ താൽക്കാലികമായി ലഭ്യമല്ലാത്തപ്പോഴും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നൂതന സംവിധാനം കൊണ്ട് ആർബിഐ ഉദ്ദേശിക്കുന്നത്.
ഈ സംവിധാനം പരമ്പരാഗത സാങ്കേതിക വിദ്യകളിൽ നിന്ന് വ്യത്യസ്തമായാണ് പ്രവർത്തിക്കുക. കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് ഏത് സാഹചര്യത്തിലും എവിടെയിരുന്നും പ്രവർത്തിപ്പിക്കാം എന്നതാണ് എൽപിഎസ്‌എസിന്റെ പ്രത്യേകതയായി ആർബിഐ ചൂണ്ടിക്കാട്ടുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ പുതിയ പേയ്‌മെന്റ് സംവിധാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാണ്. പരമ്പരാഗതമായി, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS), നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT), യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) തുടങ്ങിയ പേയ്‌മെന്റ് സംവിധാനങ്ങൾ സങ്കീർണ്ണമായ വയർഡ് നെറ്റ്‌വർക്കുകളെയും വിപുലമായ ഐടി ഇൻഫ്രാസ്ട്രക്ചറുകളെയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം സങ്കീർണ്ണതകളൊന്നുമില്ലാതെ പ്രവർത്തിക്കും എന്നതാണ് എൽപിഎസ്‌എസിന്റെ പ്രധാന പ്രത്യേകത.
എൻഇഎഫ്ടിയും ആർടിജിഎസും യുപിഐയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ യുദ്ധം മൂലമോ മറ്റ് പ്രകൃതിദുരന്തങ്ങൾ മൂലമോ പ്രവർത്തിക്കാതായേക്കാം. അങ്ങനെ സംഭവിച്ചാൽ അത് സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്തും. ഈ സാഹചര്യം ഒഴിവാക്കാനാണ് ആർബിഐ എൽപിഎസ്‌എസ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മിനിമലിസ്റ്റിക് ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും പ്രവർത്തിക്കാൻ കഴിയുംവിധമാണ് ഈ സംവിധാനം പ്രവർത്തിക്കുക.
ആവശ്യമുള്ളപ്പോൾ മാത്രം ഈ സംവിധാനം സജീവമാകും. സർക്കാരും വിപണിയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ നിർണായക ഇടപാടുകൾ നടത്തുന്നതിലാണ് എൽപിഎസ്എസ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുക.
അടിയന്തര സാഹചര്യങ്ങളിൽ പണകൈമാറ്റം മുടങ്ങാതെ നിർണായക ഇടപാടുകൾ നടത്താനും രാജ്യത്തെ പണമൊഴുക്ക് തടസപ്പെടാതിരിക്കാനും എഇപിഎസ്എഎ' ഉപകരിക്കും. ദുരന്തം, യുദ്ധം തുടങ്ങിയ അടിയന്തര സന്ദർഭങ്ങളിൽ ബൾക്ക് പേയ്‌മെന്റുകൾ, ഇന്റർബാങ്ക് പേയ്‌മെന്റുകൾ, വിവിധ സ്ഥാപനങ്ങൾക്ക് പണം കൈമാറൽ തുടങ്ങിയ അവശ്യ പേയ്‌മെന്റ് സേവനങ്ങൾ എൽപിഎസ്എസ് എളുപ്പമാക്കും. ദുരന്തങ്ങൾ നേരിടാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളിൽ എൽപിഎസ്എസിന്റെ കടന്നുവരവ് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നാണ് വിലയിരുത്തൽ.
അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും എഫ്എം റേഡിയോ സേവനം ഉപയോഗിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഐടി മന്ത്രാലയം ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനും (ഐസിഇഎ), മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിക്കും (എംഎഐടി) നിർദേശം നൽകിയിരുന്നു. നിർണായക ഘട്ടങ്ങളിൽ എല്ലാവർക്കും എഫ്എം കണക്റ്റിവിറ്റി ആക്സസ് ഉറപ്പാക്കാനാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ദുരന്തസമയത്ത്, ഒറ്റപ്പെട്ട റേഡിയോ സെറ്റുകൾക്കും കാർ റിസീവറുകൾക്കും പുറമെ, എഫ്‌എം പ്രാപ്‌തമാക്കിയ മൊബൈൽ ഫോണുകൾ വഴിയുള്ള വേഗത്തിലുള്ളതും സമയബന്ധിതവും വിശ്വസനീയവുമായ ആശയവിനിമയത്തിന്റെ ആവശ്യകത ഐടി മന്ത്രാലയം എടുത്തുപറഞ്ഞിരുന്നു. അപകടഘട്ടങ്ങളിൽ വിലപ്പെട്ട ജീവനും ഉപജീവനവും സംരക്ഷിക്കാനും അടിയന്തര സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സജ്ജമാക്കാനും എഫ്എം റേഡിയോ സംവിധാനം സഹായിക്കും.