ക്രെഡിറ്റ് കാര്‍ഡ് പോലെ UPI വഴിയും വായ്പാ ഇടപാട് നടത്താം

ക്രെഡിറ്റ് കാര്‍ഡ് പോലെ UPI വഴിയും വായ്പാ ഇടപാട് നടത്താം
HIGHLIGHTS

UPI വഴിയും ഇനി വായ്‌പാ ഇടപാട് നടത്താനുള്ള സംവിധാനം നിലവിൽ വരും

കാര്‍ഡോ, ബൈ നൗ പേ ലേറ്റര്‍ ഇടപാടോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിക്കാം

കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനോ ഒഴിവാക്കാനോ പുതിയ സംവിധാനം വഴി കഴിയും

ക്രെഡിറ്റ് കാര്‍ഡ് പോലെ യുപിഐ (UPI)വഴിയും ഇനി വായ്‌പാ ഇടപാട് നടത്താനുള്ള സംവിധാനം ആര്‍ബിഐ (RBI)പ്രഖ്യാപിച്ചു. കാര്‍ഡോ, ബൈ നൗ പേ ലേറ്റര്‍ ഇടപാടോ ആവശ്യമില്ലാതെ എളുപ്പത്തില്‍ യുപിഐ (UPI) സംവിധാനം ഉപയോഗിക്കാം. പണവായ്പ നയ പ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. പുതിയ ഉത്പന്നങ്ങളും സാധ്യതകളും വഴി യുപിഐ (UPI) യുടെ ഇടപാട് മേഖല വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റൂപെ ക്രെഡിറ്റ് കാര്‍ഡ് യുപിഐ (UPI) യുമായി ലിങ്ക് ചെയ്യാന്‍ അടുത്തയിടെ അനുവദിച്ചിരുന്നു.

വായ്പാ വിതരണ മേഖലയിലേക്കും സാധ്യതകള്‍ വിപുലീകരിക്കുക

ബാങ്കുകളിലെ ഡെപ്പോസിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് നിലവില്‍ യുപിഐ (UPI) സംവിധാനം പ്രവര്‍ത്തിക്കുന്നത്. വായ്പാ വിതരണ മേഖലയിലേക്കും സാധ്യതകള്‍ വിപുലീകരിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ. വാലറ്റുകള്‍ ഉള്‍പ്പടെയുള്ള ഇടനിലാക്കാര്‍ വഴിയാണ് പ്രീ പെയ്ഡ് വായ്പാ സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

യു.പി.ഐ വഴി പണമിടപാട് എങ്ങനെ സാധ്യമാകും? 

മുന്‍കൂട്ടി അനുവദിക്കുന്ന വായ്പാ തുകയില്‍നിന്ന് യു.പി.ഐ (UPI)  വഴി പണമിടപാട് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. അതായത് ബാങ്കുകള്‍ അനുവദിക്കുന്ന വായ്പാ പരിധിയില്‍ നിന്നുകൊണ്ട് യു.പി.ഐ (UPI) വഴി ഇടപാട് നടത്താമെന്നതാണ് പ്രത്യേകത. ബാങ്കുകള്‍ക്ക് നേരിട്ട് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സേവനം നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അതിനായി പ്രത്യേക സംവിധാനങ്ങളോ പുതിയ സേവന വിഭാഗമോ ആരംഭിക്കേണ്ടതുമില്ല. ഉപഭോക്താക്കള്‍ക്കാണെങ്കില്‍ എളുപ്പത്തില്‍ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം.കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനോ ഒഴിവാക്കാനോ പുതിയ സംവിധാനംവഴി കഴിയും.

അതേസമയം, ബൈ നൗ പേ ലേറ്ററിൽ നിന്ന് വ്യത്യസമായിരിക്കും യുപിഐ (UPI) ക്രെഡിറ്റ് ഇടപാടെന്നും ആര്‍ബിഐ (RBI) ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജ്വേശര റാവു പറഞ്ഞു. ഡിജിറ്റല്‍ വായ്പാ മേഖലയില്‍ കുതിച്ചുചാട്ടത്തിനുതന്നെ സംവിധാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. തടസ്സങ്ങളില്ലാതെ ഇടപാട് സാധ്യമാക്കാന്‍ യുപിഐ (UPI) വഴി കഴിയും. കാര്‍ഡ് പോലുള്ള സംവിധാനങ്ങളില്ലാതെതന്നെ നിലവിലെ യുപിഐ(UPI) ഇടപാട് രീതി പിന്തുടരുന്നതിനാല്‍ പദ്ധതി ജനകീയമാകാന്‍ ഉപകരിക്കും.

യുപിഐ ഇടപാടുകളിൽ വന്‍ കുതിച്ചുചാട്ടം 

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) ഈയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം യുപിഐയുടെ പ്രതിമാസ ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ ഇടപാടുകളുടെ എണ്ണം 870 കോടിയായി. മൊത്തം ഇടപാട് മൂല്യമാകട്ടെ 14.05 ലക്ഷം കോടിയിലുമെത്തി. ഇടപാടുകളുടെ എണ്ണത്തില്‍ 60ശതമാനവും മൂല്യത്തില്‍ 46ശതമാനവുമാണ് വര്‍ധന. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8400 കോടി ഇടപാടുകളാണ് നടന്നത്. 139.09 ലക്ഷം കോടിയാണ് മൂല്യം. മൂന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടപാടില്‍ 82 ശതമാനവും മൂല്യത്തില്‍ 65ശതമാനവുമാണ് വര്‍ധന.

Nisana Nazeer
Digit.in
Logo
Digit.in
Logo