തിയേറ്ററുകളേക്കാൾ മികച്ച പ്രതികരണമാണ് അടുത്തിടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ലഭിക്കുന്നത്. ഇത്തരത്തിൽ തിയേറ്ററുകളിൽ കത്തിക്കയറാത്ത പല സിനിമകളും ഒടിടിയിൽ ഉഗ്രൻ പ്രതികരണം നേടുന്നു. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ ചിത്രം ബ്ലാക്ക് കോമഡി സിനിമയാണ്.
ഇപ്പോഴിതാ, കഴിഞ്ഞ മാസം 22ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ പൃഥ്വിരാജിന്‍റെ (Prithviraj) കാപ്പയാണ് ഇനി ഒടിടിയിലേക്ക് (Kappa OTT release) വരുന്നത്. പൃഥിരാജിന് പുറമെ, ആസിഫ് അലി, അന്ന ബെൻ, അപർണ ബാലമുരളി എന്നിവരും പ്രധാന കഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസാണ്.
കാപ്പ നെറ്റ്ഫ്ലിക്സിലൂടെ (Netflix) പ്രദർശനത്തിന് എത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ജനുവരി 19നാണ് കാപ്പ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിക്കും.
ജി.ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് കാപ്പ (Kappa) ഒരുക്കിയത്. ഇന്ദുഗോപൻ തന്നെയാണ് ഇതിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രാദേശിക ഗുണ്ടകളുടെ കഥയാണ് സിനിമയുടെ പശ്ചാത്തലം.
കൂടുതൽ വാർത്തകൾ: വമ്പിച്ച വിലക്കുറവിൽ ആമസോണിൽ HP, ASUS, Honor ലാപ്ടോപ്പുകൾ
ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നീ ശ്രദ്ധേയ താരങ്ങളും കാപ്പയിൽ അണിനിരക്കുന്നുണ്ട്. ജോമോൻ ടി ജോണിന്റെ ഫ്രെയിമുകൾക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. ജസ്‌റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം. തിരക്കഥാകൃത്തായി പ്രശസ്തനായ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചത്.