സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയാണ് 2023 ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടെക്നോളജി രംഗത്തെ പരിപോഷിപ്പിക്കാനും ഭാവി സാങ്കേതികവിദ്യകൾക്ക് മുതൽകൂട്ടാകാനും സാധിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് ബജറ്റിൽ ഉണ്ടായിരുന്നത്. ടിവി, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇലക്ട്രോണിക്സ് സാധനങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്ന സാഹചര്യത്തിലാണ് വില കുറയുന്നത്. ഉത്പന്നങ്ങളുടെയും അസംസ്കൃതവസ്തുക്കളുടെയും വിലയിലുള്ള കുറവ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിലയെ ബാധിച്ചേക്കും.
ഇത്തവണത്തെ ബജറ്റിലെ ശ്രദ്ധേയമായ കാര്യം മൊബൈൽ ഫോൺ നിർമ്മാണത്തിനുള്ള ചില ഉൽപന്നങ്ങളുടെ ഇറക്കുമതി കസ്റ്റംസ് തീരുവ കുറച്ചതാണ്. ഇത് ഫോണുകളുടെ വില കുറയാൻ കാരണമാകും. രാജ്യത്തെ സ്‌മാർട്ട്‌ഫോൺ ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. കമ്പനികൾക്ക് ഇനി മുതൽ ഫോൺ നിർമ്മാണത്തിലുള്ള ഉത്പന്നങ്ങൾ കുറഞ്ഞ ചിലവിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കും.
ക്യാമറ ലെൻസ് പോലുള്ള ചില ഭാഗങ്ങളുടെയും ഇൻപുട്ടുകളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായി നിർമല സീതാരാമൻ വ്യക്തമാക്കി. ബാറ്ററികൾക്കുള്ള ലിഥിയം അയൺ സെല്ലുകളുടെ ഇറക്കുമതിയിൽ നിലവിലുള്ള തീരുവ ഇളവ് ഒരു വർഷത്തേക്ക് കൂടി തുടരുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മൊബൈൽ ഫോൺ ഉൽപ്പാദനം 2014-15ൽ 5.8 കോടി യൂണിറ്റായിരുന്നവെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം അത് 31 കോടി യൂണിറ്റായി ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ ടിവി പാനലുകളുടെ ഓപ്പൺ സെൽ പാർട്സിന്റെ കസ്റ്റംസ് തീരുവയും കുറച്ചിട്ടുണ്ട്. 2.5 ശതമാനമായിട്ടാണ് ഈ തീരുവ കുറച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ടിവികൾക്കും വില കുറയും.
യൂണിയൻ ബജറ്റിലെ ഏറ്റവും ശ്രദ്ധേയവും ഭാവിക്കായുള്ള പ്രഖ്യാപനവും ഉണ്ടായത് 5ജിയുടെ കാര്യത്തിലാണ്. 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എൻജിനീയറിങ് സ്ഥാപനങ്ങളിലായിരിക്കും ഈ ലാബുകൾ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു. ഈ ലാബുകളുടെ ലക്ഷ്യം പുതിയ അവസരങ്ങൾ, ബിസിനസ് മോഡലുകൾ, തൊഴിൽ സാധ്യതകൾ എന്നിവ ഉണ്ടാക്കുകയാണ്. ഇലക്ട്രിക് കിച്ചൺ, ഹീറ്റർ കോയിൽ തുടങ്ങിയവയുടെ വിലയും കുറയുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.