കുറഞ്ഞ തുകയിലെ ഇടപാടുകൾ സുഗമമാക്കാൻ അവതരിപ്പിച്ച ഡിജിറ്റൽ പേയ്മെന്റ് സംവിധാനം യുപിഐ ലൈറ്റി(UPI Lite)നെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ? ചെറിയ കാര്യങ്ങൾക്കായി ചെറിയ തുക ഓൺലൈനായി അടയ്ക്കുന്നവർക്ക് കൂടുതൽ എളുപ്പത്തിലും അതുപോലെ അതിവേഗവും സേവനം നൽകാൻ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിൻ നമ്പർ (UPI PIN) നൽകാതെ പരമാവധി 200 രൂപ വരെയുള്ള ട്രാൻസാക്ഷൻ ഇതിലൂടെ അനുവദിക്കുന്നു.
ഒറ്റ ക്ലിക്കിൽ, പിൻ നമ്പറൊന്നും നൽകാതെ ഞൊടിയിടയിൽ ചെറിയ പേയ്മെന്റുകൾ സുരക്ഷിതമായി പൂർത്തിയാക്കാമെന്നതാണ് സാധാരണം UPI paymentകളേക്കാൾ യുപിഐ ലൈറ്റിനെ വ്യത്യസ്തമാക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ ലൈറ്റ് പേയ്‌മെന്റ് നടത്താമെന്നും പറയപ്പെടുന്നു.
2022 സെപ്റ്റംബറിലാണ് ഇന്ത്യയിൽ യുപിഐ ലൈറ്റിന് തുടക്കമാകുന്നത്. പേടിഎം വളരെ മുന്നേ തന്നെ UPI Lite അവതരിപ്പിച്ചെങ്കിലും, ഇന്ത്യയിലെ ജനപ്രിയ UPI app ആയ ഫോൺപേ ഇതുവരെയും ഇത് തുടങ്ങിയിരുന്നില്ല. എന്നാൽ, തങ്ങളുടെ ആപ്പിലും യുപിഐ ലൈറ്റ് ഫീച്ചർ ആരംഭിച്ചുവെന്നും, പ്രവർത്തനക്ഷമമായെന്നുമാണ് PhonePe അറിയിച്ചത്. ഇതിനായി ബാങ്ക് അക്കൌണ്ട് ആവശ്യമില്ല. അതുപോലെ ഫോണിലെ വാലറ്റ് ബാലൻസ് ഡെബിറ്റ് ചെയ്തുകൊണ്ട് യുപിഐ ലൈറ്റിൽ ഇടപാടുകൾ നേരിട്ട് നടത്താനാകും. സാധാരണ യുപിഐ ഇടപാടുകളേക്കാൾ വേഗത്തിൽ, യാതൊരു തടസ്സവുമില്ലാതെ പേയ്മെന്റ് നടത്താൻ ഇതിലൂടെ സാധിക്കുന്നു.
സെർവർ ഏറ്റവും തിരക്കുള്ള സമയത്താണെങ്കിൽ പോലും UPI Lite ഉപയോഗിക്കുകയാണെങ്കിൽ പേയ്മെന്റിൽ ഒരു തടസ്സവുമുണ്ടാകില്ല. PhonePeയുടെ UPI ലൈറ്റ് ആകട്ടെ എല്ലാ പ്രമുഖ ബാങ്കുകളെയും പിന്തുണയ്ക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. രാജ്യത്തെ എല്ലാ കോണിലുള്ള UPI വ്യാപാരികളിലേക്കും QR കോഡ് വഴി പേയ്മെന്റ് നടത്താവുന്നതാണെന്നും ഫോൺപേ തങ്ങളുടെ പ്രസ്താവനയിൽ വിശദമാക്കുന്നു.